അംബേദ്കർ തത്വങ്ങൾ നശിപ്പിക്കാൻ നോക്കുന്നവർ ജയ് ഭീമിന് പുരസ്കാരം നൽകില്ല : പ്രകാശ് രാജ്

വ്യാഴാഴ്ച പ്രഖ്യാപിച്ച 69 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്ക് പിന്നാലെ വിവാദങ്ങൾ കനക്കുകയാണ്. തമിഴിൽ നിന്നുള്ള മികച്ച ചിത്രങ്ങളെ ജൂറി പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. കർണ്ണൻ, ജയ് ഭീം എന്നീ ചിത്രങ്ങളെ ജൂറി പൂർണമായും തള്ളിയെന്നാണ് ഉയർന്നുവരുന്ന വിമർശനങ്ങൾ. ഇതിനെതിരെ പ്രതികരിച്ച് നടൻ പ്രകാശ് രാജ് രംഗത്ത് വന്നിരിക്കുകയാണ്.’ ഗാന്ധിയെ കൊന്ന ആളുകൾക്ക് ഭരണഘടന ഉണ്ടാക്കിയ അംബേദ്കറും അത് പോലെ തന്നെയാണ്. അംബേദ്കറിന്റെ തത്വങ്ങൾ നശിപ്പിക്കാൻ നോക്കുന്നവർ ജയ് ഭീമിന് ഒരിക്കലും അവാർഡ് നൽകില്ല’. ജയ് ഭീം എന്ന മറാത്തി കവിത എഴുതി അതിനോടൊപ്പം ആയിരുന്നു പ്രകാശ് രാജ് എക്സിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

അതേസമയം മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡ് ദ കശ്മീർ ഫയൽസിന് നൽകിയതിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചിരുന്നു. രാഷ്ട്രീയനേട്ടത്തിനായി ദേശീയ അവാർഡ്ഉപയോഗിക്കരുതെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. അതേ സമയം ദേശീയ അവാർഡിൽ നിന്ന് ജയ് ഭീം, സർപ്പട്ട പരമ്പരൈ , കര്‍ണ്ണന്‍ എന്നീ സിനിമകൾ ഒഴിവാക്കപ്പെട്ടതാണ് തമിഴ് ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ ചർച്ചാ വിഷയം. ജയ് ഭീമിൽ ലിജോ മോളുടെ അഭിനയത്തിന് ദേശീയ അവാർഡ് നൽകണമെന്നും ആരാധകരുടെ വാദിക്കുന്നുണ്ട്.