സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റുന്ന വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തില്‍ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റുന്ന വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം യോഗം വിളിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ഉദ്യോഗസ്ഥരും പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കും. വിഷയത്തില്‍ ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്നും സൂചനയുണ്ട്. മേയിലാണ് പരീക്ഷകള്‍ തുടങ്ങേണ്ടിയിരുന്നത്.

എന്നാല്‍ കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ നിലയില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചന നടത്തുന്നത്. ജൂണ്‍, ജൂലൈ മാസത്തിലേക്ക് പരീക്ഷ മാറ്റാനാണ് നിലവില്‍ ആലോചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അതേസമയം കഴിഞ്ഞ അധ്യായന വര്‍ഷത്തിലേപ്പോലെ മുന്‍ പരീക്ഷകളുടെ മാര്‍ക്ക് നിര്‍ണയിച്ച് ഇത്തവണ പൊതുപരീക്ഷ നടത്തിയതായി കണക്കാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു.