തിരുവനന്തപുരം: രാജ്യസഭയില്‍ മൂന്ന് സീറ്റുകളാണ് കേരളത്തില്‍ നിന്ന് ഇത്തവണ ഒഴിവുള്ളത്. നിലവിലെ നിയമസഭാ അംഗബലത്തില്‍ രണ്ട് പേരെ എല്‍ ഡി എഫിനും ഒരാളെ യു ഡി എഫിനും വിജയിപ്പിക്കാം. രണ്ട് സ്ഥാനാര്‍ത്ഥികളെ മാത്രം നിര്‍ത്തി വോട്ടെടുപ്പ് ഒഴിവാക്കാനാണ് സി പി എമ്മിനുളളില്‍ നിലവിലെ ധാരണ.
പാര്‍ട്ടി നേതാക്കള്‍ക്ക് പുറമെയുളള പേരുകളും സി പി എം സജീവമായി പരിഗണിക്കുന്നുണ്ട്. പാര്‍ട്ടി ചാനലിന്റെ എം ഡിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായിരുന്ന ജോണ്‍ ബ്രിട്ടാസിന്റെ പേരാണ് ഇതില്‍ പ്രധാനമായും പാര്‍ട്ടിയുടെ മുന്നിലുളളത്. ഇത്തവണയും കേന്ദ്ര നേതൃത്വം എടുക്കുന്ന നിലപാട് ബ്രിട്ടാസിന്റെ കാര്യത്തില്‍ നിര്‍ണായകമാകും. സി പി എം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ്, എസ് എഫ് ഐ മുന്‍ ദേശീയ ഭാരവാഹിയും സി പി എം സംസ്ഥാന സമിതി അംഗവുമായ ഡോ വി ശിവദാസന്‍, കേന്ദ്ര കമ്മിറ്റിയംഗമായ വിജു കൃഷ്ണന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ഇത്തവണ നിയമസഭയിലേക്ക് സീറ്റ് ലഭിക്കാതെ പോയ ധനമന്ത്രി തോമസ് ഐസക്കിനും രാജ്യസഭയിലേക്ക് നറുക്ക് വീഴാന്‍ സാദ്ധ്യതയുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
2021-04-14