National (Page 89)

ന്യൂഡൽഹി: റോഹിംഗ്യൻ മുസ്ലിങ്ങൾക്കു അഭയാർഥി പദവി നൽകാൻ ഉത്തരവിടരുതെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. അഭയാർഥി പദവി നൽകുന്നത് നയപരമായ വിഷയമാണെന്നും അതിൽ ഇടപെടരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. അനധികൃതമായി എത്തിയ ഇവർക്ക് ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ യാതൊരു അവകാശവുമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. അനധികൃതമായി എത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട റോഹിംഗ്യൻ മുസ്ലിംകളെ വിട്ടയയ്ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട് വ്യക്തമാക്കവെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

അനധികൃതമായി എത്തുന്നവർക്കെതിരെ നിയമപരമായ നടപടികൾ തുടരുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ശ്രീലങ്ക, ടിബറ്റ് എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് അഭയാർഥി പദവി നൽകുന്നതുപോലെ റോഹിംഗ്യൻ മുസ്ലിങ്ങൾക്കും പദവി നൽകണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. വിദേശത്തു നിന്ന് എത്തുന്നവർക്ക് ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദ പ്രകാരം അന്തസോടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശമുണ്ട്. എന്നാൽ, ഇന്ത്യയിൽ സ്ഥിരതാമസത്തിനുള്ള അവകാശം ഇല്ല. ആ അവകാശം ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഉള്ളൂവെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.

ചില റോഹിംഗ്യൻ മുസ്ലിങ്ങൾ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈകമ്മിഷണറിൽ നിന്ന് അഭയാർഥി കാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഈ കാർഡ് ചൂണ്ടിക്കാട്ടിയാണ് അഭയാർഥി പദവിക്കായി ശ്രമിക്കുന്നത്. 1951ലെ യുഎൻ അഭയാർഥി കൺവൻഷനിലും തുടർന്നുള്ള പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പുവച്ചിട്ടില്ല. അതിനാൽ ആഭ്യന്തര നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂവെന്ന് കേന്ദ്ര സർക്കാർ വിശദമാക്കി.

അനധികൃതമായി എത്തിയ റോഹിംഗ്യൻ മുസ്ലിങ്ങൾ, പൗരത്വം ലഭിക്കുന്നതിന് വ്യാജ തിരിച്ചറിയൽ കാർഡുകളും രേഖകളും കരസ്ഥമാക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്.

ന്യൂഡൽഹി: രാജ്യത്ത് വ്യാജ രേഖകൾ വഴി എടുത്ത സിം കാർഡുകൾക്കെതിരെ നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം. 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കുമെന്നാണ് ടെലികോം മന്ത്രാലയം വ്യക്തമാക്കിയത്. വ്യാജ രേഖകൾ ഉപയോഗിച്ച് വ്യാപകമായി സൈബർ കുറ്റകൃത്യങ്ങൾ കൂടിയ സാഹചര്യത്തിലാണ് ടെലികോം മന്ത്രാലയത്തിന്റെ നടപടി.

രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ വ്യാജ രേഖകൾ വഴി എടുത്തുവെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇവയുടെ പരിശോധന നടത്താനാണ് ടെലികോം മന്ത്രാലയം കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ബിഎസ്എൻഎൽ, ഭാരതി എയർടെൽ, എംടിഎൻഎൽ, റിലയൻസ് ജിയോ, വോഡാഫോൺ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികൾക്കാണ് ടെലികോം മന്ത്രാലയം നിർദേശം നൽകിയത്. രേഖകൾ കൃത്യമല്ലാത്തവ റദ്ദാക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു.

സംശയാസ്പദമായ ഉപയോക്താക്കളുടെ ലിസ്റ്റ് നൽകാനും രേഖകൾ അടിയന്തിരമായി പുനഃപരിശോധിച്ച് വ്യാജമെന്ന് കണ്ടെത്തിയവയുടെ കണക്ഷൻ വിച്ഛേദിക്കാനും ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടു.

ന്യൂഡൽഹി: വായുഗുണനിലവാരം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഇന്ത്യ മൂന്നാം സ്ഥാനത്തുള്ളത്. ബംഗ്ലാദേശാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. പാകിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. 2023ലെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

വായുവിലെ പിഎം 2.5 സാന്ദ്രത അടിസ്ഥാനമാക്കി 134 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണു ഐക്യു എയർ പട്ടിക തയാറാക്കിയിരിക്കുന്നത്. വായു മലിനീകരണം ഏറ്റവും കൂടിയ 50 നഗരങ്ങളിൽ 42 എണ്ണവും ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്. 2022ൽ എട്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഈ പട്ടികയിലുണ്ടായിരുന്നത്. ലോകാരോഗ്യ സംഘടന നിഷ്ടർഷിക്കുന്ന പരമാവധി അളവിന്റെ പത്തിരട്ടിയാണ് ഇന്ത്യയിലെ വായുമലിനീകരണതോത്. ഒരു ക്യുബിക് മീറ്ററിൽ 54.4 മൈക്രോഗ്രാമാണ് രാജ്യത്തെ പിഎം 2.5 സാന്ദ്രത.

വായുമലിനീകരണം രൂക്ഷമായ മെട്രോപോളിറ്റൻ നഗരം ബിഹാറിലെ ബെഗുസാരായ് ആണ്. ഗുവാഹത്തിയും ഡൽഹിയുമാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. ബെഗുസാരായിലെ പിഎം 2.5 സാന്ദ്രത ഒരു ക്യുബിക് മീറ്ററിൽ 118.9 മൈക്രോഗ്രാമാണ്. 2022നും 2023നുമിടയിൽ ഗുവാഹത്തിലെ പിഎം 2.5 സാന്ദ്രത 51ൽ നിന്നും 105.4 മൈക്രോഗ്രാം ആയി ഇരട്ടിച്ചു. വായുമലിനീകരണത്താൽ വലയുന്ന ഡൽഹിയുടെ പിഎം 2.5 സാന്ദ്രത 89.1 നിന്നും 92.7 ആയി ഉയർന്നു. നാലാം തവണയാണ് ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഉൾപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ ഒൻപതും ഇന്ത്യയിലാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

റിയാദ്: 2026ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിലേക്കും 2027ൽ സൗദിയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ടൂർണമെന്റിലേക്കുമുള്ള സംയുക്ത യോഗ്യതാ മത്സരത്തിന്റെ രണ്ടാം റൗണ്ടിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. വ്യാഴാഴ്ച രാത്രി 10ന് സൗദി അറേബ്യയിലെ അബഹയിലെ ‘ദമാക് മൗണ്ടൈൻ’ എന്നറിയപ്പെടുന്ന അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ഇന്ത്യ, കുവൈത്ത്, ഖത്തർ, അഫ്ഗാനിസ്ഥാൻ എന്നിവരടങ്ങിയ ‘എ ഗ്രൂപ്പി’ൽ നിലവിൽ മൂന്ന് പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആറ് പോയിന്റുമായി ഖത്തർ ആണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. രണ്ടു മത്സരങ്ങളിലും പരാജയമേറ്റുവാങ്ങിയ അഫ്ഗാനിസ്ഥാന് നിലവിൽ പോയിന്റൊന്നുമില്ല.

യോഗ്യത റൗണ്ടിന്റെ ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഖത്തറിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ കുവൈത്തിൽ നടന്ന മത്സരത്തിൽ കുവൈത്തിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തി.

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് തത്ക്കാലം സ്റ്റേയില്ല. പൗരത്വ നിയമത്തിന്റെ ചട്ടം വിജ്ഞാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. കേന്ദ്രത്തിന് മറുപടി നൽകാൻ മൂന്ന് ആഴ്ച്ച സമയം സുപ്രീം കോടതി നൽകി. ഹർജികളിൽ ഏപ്രിൽ 9ന് കോടതി വീണ്ടും വാദം കേൾക്കും.

ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും മുൻ വിധിയോടുള്ള ഹർജികളാണ് കോടതിക്ക് മുന്നിലുള്ളതെന്നും കേന്ദ്രം വാദിച്ചു. അതേസമയം, സിഎഎ വിജ്ഞാപനത്തിനെതിരെ മുസ്ലിം ലീഗ് നൽകിയ ഹർജിയിലുള്ള സുപ്രിംകോടതി ഇടപെടൽ വലിയ ആശ്വാസമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാഴ്ചയാണ് മറുപടി നൽകാൻ കേന്ദ്രത്തിന് സമയം അനുവദിച്ചത്. മറുപടിക്ക് സമയം നൽകിയ മൂന്നാഴ്ചക്കിടയിൽ ആർക്കും പൗരത്വം നൽകാനാവില്ലെന്ന് അഡ്വ. ഹാരിസ് ബീരാൻ വിശദീകരിച്ചു. സി.എ.എ ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്. റൂൾസ് വരാത്തത് കൊണ്ടാണ് നേരത്തെ സ്റ്റേ ലഭിക്കാതിരുന്നത്. അതുകൊണ്ടാണ് റൂൾസ് വന്നപ്പോഴേ മുസ്ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചത്. മുസ്ലിംലീഗിന്റെ ഹർജിയാണ് ലീഡ് ഹർജി. റൂൾസ് അനുസരിച്ച് പല കമ്മിറ്റികളും നിലവിൽ വരാനുള്ളത് കൊണ്ട് മൂന്നാഴ്ചക്കകം ആർക്കും പൗരത്വം നൽകാനാവില്ലെന്ന് കോടതി തന്നെ വ്യക്തമാക്കി. പൗരത്വം കൊടുക്കുന്ന സാഹചര്യമുണ്ടായാൽ മുസ്ലിം ലീഗിന് കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു.

ചെന്നൈ: തമിഴ്‌നാട് ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിൽ ബിജെപിക്കുള്ള ജനപിന്തുണ രാജ്യം ചർച്ച ചെയുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മോദിക്കുള്ള സ്വീകാര്യത കണ്ടു ഡിഎംകെയ്ക്ക് ഉറക്കം നഷ്ടമായെന്നും വികസിത ഭാരതവും വികസിത തമിഴ്‌നാടും യാഥാർഥ്യം ആകണമെങ്കിൽ ബിജെപിക്ക് 400ന് മുകളിൽ സീറ്റ് കിട്ടണമെന്നും അദ്ദേഹം അറിയിച്ചു.

ബിജെപിക്ക് വോട്ട് ചെയാൻ തമിഴ് ജനത തീരുമാനിച്ചു കഴിഞ്ഞു. രാമദാസിന്റെ അനുഭവ സമ്പത്തും അൻബുമണിയുടെ പ്രതിഭയും തമിഴ്‌നാടിന് നേട്ടമാകും. ശക്തിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഇന്ത്യ സഖ്യം. സ്ത്രീ ശക്തിയെ ആക്രമിക്കുന്നവരാണ് കോൺഗ്രസും ഡിഎംകെയും. നിരന്തരം ഹിന്ദുമതത്തെ അപമാനിക്കുന്നു. ശക്തിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള ആദ്യ പ്രഹരം ഏപ്രിൽ 19ന് തമിഴ്‌നാട് നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ബാബ രാംദേവ് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. പതഞ്ജലി ആയുർവേദയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണനും നേരിട്ട് ഹാജരാകണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകില്ലെന്ന് ഉറപ്പുനൽകിയ ശേഷവും ഇതു തുടർന്ന സാഹചര്യത്തിലാണ് നടപടി. പതഞ്ജലി ആയുർവേദക്കെതിരെ സുപ്രീംകോടതി നേരത്തെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണണൻ തുടങ്ങിയവർക്കെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

ഈ നോട്ടീസിന് മറുപടി നൽകാത്തതിനാലാണ് ഇരുവരോടും നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സുപ്രീം കോടതി നിർദേശം നൽകിയത്. ജസ്റ്റിസുമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് രണ്ടാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

കോടതിയുടെ നോട്ടീസിനെ കുറിച്ച് ബാബ രാംദേവിന് കൃത്യമായ ധാരണയുണ്ടെന്ന് കോടതി അറിയിച്ചു. അതിനാലാണ് കേസിൽ മൂന്നാമതൊരു മുതിർന്ന അഭിഭാഷകൻ ഹാജരാകുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയാണ് പതഞ്ജലി ആയുർവേദയ്ക്ക് വേണ്ടി ഹാജരായത്.

ന്യൂഡൽഹി: വാട്‌സ് ആപ്പിലെ മോദിയുടെ വികസിത് ഭാരത് സമ്പർക്ക് സന്ദേശത്തിൽ വിവാദം. വാട്‌സാപ്പ് സന്ദേശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചു. തൃണമൂൽ കോൺഗ്രസ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരിൽ അയച്ച സന്ദേശം ചട്ടലംഘനമെന്ന് ടിഎംസി കുറ്റപ്പെടുത്തി. മൊബൈൽ നമ്പറുകൾ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എത്ര മൊബൈൽ നമ്പറുകളിലേക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ടിഎംസി ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചു. വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസും രംഗത്തെത്തി. തനിക്ക് വാട്‌സ് ആപ്പിൽ ലഭിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്നും സർക്കാരിന് എങ്ങനെ തന്റെ നമ്പർ ലഭിച്ചുവെന്ന് പറയണമെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും ആവശ്യപ്പെട്ടു.

ജഗത്യാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ‘ശക്തി’ പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ ജഗത്യാലിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി രാഹുൽ ഗാന്ധിയ്ക്ക് മറുപടി നൽകിയത്. ശക്തിയെ നശിപ്പിക്കുമെന്ന് ഇന്ത്യ സഖ്യം അവരുടെ മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ചുവെന്നും താൻ ആ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ശക്തിയുടെ അനുഗ്രഹം ആർക്കാണ് ലഭിക്കുന്നത് ജൂൺ നാലിന് അറിയാം. അമ്മാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്കായി തന്റെ ജീവൻ താൻ ബലിയർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഞായറാഴ്ച മുംബൈയിൽ ഇന്ത്യ സഖ്യത്തിന്റെ റാലിയുണ്ടായിരുന്നു. റാലിയിൽ അവരുടെ മാനിഫെസ്റ്റോ പ്രഖ്യാപിച്ചു. അവരുടെ പോരാട്ടം ‘ശക്തി’ക്ക് എതിരെയാണെന്ന് അവർ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം, ഓരോ അമ്മയും മകളും ശക്തിയുടെ രൂപമാണ്. അമ്മമാരെ, പെങ്ങന്മാരെ നിങ്ങളെ താൻ ശക്തിയായി ആരാധിക്കുന്നു. താൻ ഭാരതമാതാവിന്റെ പൂജാരിയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മുംബൈയിലെ ശിവാജി പാർക്കിൽ ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ സംസാരിക്കവേയാണ് മോദിക്കും, ബിജെപിക്കും എതിരെ രാഹുൽ ഗാന്ധി ശക്തി പരാമർശം നടത്തിയത്. തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രവും, ഇഡിയും, സിബിഐയും, ആദായനികുതി വകുപ്പും ഇല്ലാതെ മോദിക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തങ്ങളുടെ പോരാട്ടം മോദിക്കെതിരെ വ്യക്തിപരമായല്ല. ഒരു ശക്തിക്ക് വേണ്ടി ( അധികാരം) പ്രവർത്തിക്കുന്ന മുഖംമൂടിയാണ് മോദി. 56 ഇഞ്ച് നെഞ്ച് ഇല്ലാത്ത പൊള്ളയായ മനുഷ്യനാണ് മോദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

ന്യൂഡൽഹി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാൻ നിർദ്ദേശം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഗുജറാത്ത്, ബിഹാർ, ഉത്തരാഖണ്ഡ് തുടങ്ങിയവിടങ്ങളിലെയും ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാരെ മാറ്റാനാണ് നിർദ്ദേശം.

പശ്ചിമബംഗാളിലെ ഡിജിപിയെ മാറ്റാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഹിമാചൽപ്രദേശിലെയും മിസോറാമിലെയും ജനറൽ അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പ് സെക്രട്ടറിമാരെയും നീക്കി. മിസോറാം, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുടെ ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറിമാരെയാണ് മാറ്റിയത്.

മഹാരാഷ്ട്ര ബിഎംസിയിലെ മുൻസിപ്പൽ കമ്മീഷണർ ഇഖ്ബാൽ സിങ് ചാഹലിനെയും അഡീഷണൽ കമ്മീഷർമാരെയും ഡെപ്യൂട്ടി കമ്മീഷണർമാരെയും മാറ്റിയിട്ടുണ്ട്.