പൗരത്വ ഭേദഗതി നിയമത്തിന് തത്ക്കാലം സ്റ്റേയില്ല; കേന്ദ്രത്തിന് മറുപടി നൽകാൻ മൂന്നാഴ്ച്ച സമയം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് തത്ക്കാലം സ്റ്റേയില്ല. പൗരത്വ നിയമത്തിന്റെ ചട്ടം വിജ്ഞാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. കേന്ദ്രത്തിന് മറുപടി നൽകാൻ മൂന്ന് ആഴ്ച്ച സമയം സുപ്രീം കോടതി നൽകി. ഹർജികളിൽ ഏപ്രിൽ 9ന് കോടതി വീണ്ടും വാദം കേൾക്കും.

ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും മുൻ വിധിയോടുള്ള ഹർജികളാണ് കോടതിക്ക് മുന്നിലുള്ളതെന്നും കേന്ദ്രം വാദിച്ചു. അതേസമയം, സിഎഎ വിജ്ഞാപനത്തിനെതിരെ മുസ്ലിം ലീഗ് നൽകിയ ഹർജിയിലുള്ള സുപ്രിംകോടതി ഇടപെടൽ വലിയ ആശ്വാസമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാഴ്ചയാണ് മറുപടി നൽകാൻ കേന്ദ്രത്തിന് സമയം അനുവദിച്ചത്. മറുപടിക്ക് സമയം നൽകിയ മൂന്നാഴ്ചക്കിടയിൽ ആർക്കും പൗരത്വം നൽകാനാവില്ലെന്ന് അഡ്വ. ഹാരിസ് ബീരാൻ വിശദീകരിച്ചു. സി.എ.എ ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്. റൂൾസ് വരാത്തത് കൊണ്ടാണ് നേരത്തെ സ്റ്റേ ലഭിക്കാതിരുന്നത്. അതുകൊണ്ടാണ് റൂൾസ് വന്നപ്പോഴേ മുസ്ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചത്. മുസ്ലിംലീഗിന്റെ ഹർജിയാണ് ലീഡ് ഹർജി. റൂൾസ് അനുസരിച്ച് പല കമ്മിറ്റികളും നിലവിൽ വരാനുള്ളത് കൊണ്ട് മൂന്നാഴ്ചക്കകം ആർക്കും പൗരത്വം നൽകാനാവില്ലെന്ന് കോടതി തന്നെ വ്യക്തമാക്കി. പൗരത്വം കൊടുക്കുന്ന സാഹചര്യമുണ്ടായാൽ മുസ്ലിം ലീഗിന് കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു.