വായുഗുണനിലവാരം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം; റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: വായുഗുണനിലവാരം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഇന്ത്യ മൂന്നാം സ്ഥാനത്തുള്ളത്. ബംഗ്ലാദേശാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. പാകിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. 2023ലെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

വായുവിലെ പിഎം 2.5 സാന്ദ്രത അടിസ്ഥാനമാക്കി 134 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണു ഐക്യു എയർ പട്ടിക തയാറാക്കിയിരിക്കുന്നത്. വായു മലിനീകരണം ഏറ്റവും കൂടിയ 50 നഗരങ്ങളിൽ 42 എണ്ണവും ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്. 2022ൽ എട്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഈ പട്ടികയിലുണ്ടായിരുന്നത്. ലോകാരോഗ്യ സംഘടന നിഷ്ടർഷിക്കുന്ന പരമാവധി അളവിന്റെ പത്തിരട്ടിയാണ് ഇന്ത്യയിലെ വായുമലിനീകരണതോത്. ഒരു ക്യുബിക് മീറ്ററിൽ 54.4 മൈക്രോഗ്രാമാണ് രാജ്യത്തെ പിഎം 2.5 സാന്ദ്രത.

വായുമലിനീകരണം രൂക്ഷമായ മെട്രോപോളിറ്റൻ നഗരം ബിഹാറിലെ ബെഗുസാരായ് ആണ്. ഗുവാഹത്തിയും ഡൽഹിയുമാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. ബെഗുസാരായിലെ പിഎം 2.5 സാന്ദ്രത ഒരു ക്യുബിക് മീറ്ററിൽ 118.9 മൈക്രോഗ്രാമാണ്. 2022നും 2023നുമിടയിൽ ഗുവാഹത്തിലെ പിഎം 2.5 സാന്ദ്രത 51ൽ നിന്നും 105.4 മൈക്രോഗ്രാം ആയി ഇരട്ടിച്ചു. വായുമലിനീകരണത്താൽ വലയുന്ന ഡൽഹിയുടെ പിഎം 2.5 സാന്ദ്രത 89.1 നിന്നും 92.7 ആയി ഉയർന്നു. നാലാം തവണയാണ് ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഉൾപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ ഒൻപതും ഇന്ത്യയിലാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.