ന്യൂഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ബാബ രാംദേവ് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. പതഞ്ജലി ആയുർവേദയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണനും നേരിട്ട് ഹാജരാകണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകില്ലെന്ന് ഉറപ്പുനൽകിയ ശേഷവും ഇതു തുടർന്ന സാഹചര്യത്തിലാണ് നടപടി. പതഞ്ജലി ആയുർവേദക്കെതിരെ സുപ്രീംകോടതി നേരത്തെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണണൻ തുടങ്ങിയവർക്കെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.
ഈ നോട്ടീസിന് മറുപടി നൽകാത്തതിനാലാണ് ഇരുവരോടും നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സുപ്രീം കോടതി നിർദേശം നൽകിയത്. ജസ്റ്റിസുമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് രണ്ടാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
കോടതിയുടെ നോട്ടീസിനെ കുറിച്ച് ബാബ രാംദേവിന് കൃത്യമായ ധാരണയുണ്ടെന്ന് കോടതി അറിയിച്ചു. അതിനാലാണ് കേസിൽ മൂന്നാമതൊരു മുതിർന്ന അഭിഭാഷകൻ ഹാജരാകുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയാണ് പതഞ്ജലി ആയുർവേദയ്ക്ക് വേണ്ടി ഹാജരായത്.

