National (Page 87)

ന്യൂഡൽഹി: രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി കേരളം. നിയമസഭയിൽ പാസായ ബില്ലുകളിൽ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് കേരളത്തിന്റെ നീക്കം. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവർണറെയും കക്ഷി ചേർത്താണ് കേരളം റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

ഗവർണർ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളിൽ നാലെണ്ണം തടഞ്ഞുവച്ചതായി റിട്ടിൽ പറയുന്നു. സമർപ്പിച്ച ബില്ലുകളിൽ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നൽകി. ബാക്കി ബില്ലുകളിലെ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തിന്റെ നടപടി. ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ല് ഉൾപ്പെടെയുള്ളവയിലാണ് തീരുമാനം വരാനുള്ളത്.

ഇതിൽ ഭരണഘടനാ വിദഗ്ധരോടും അഭിഭാഷകരോടുമെല്ലാം ചർച്ച ചെയ്ത ശേഷമാണ് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്.

ചണ്ഡീഗഡ്: പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ വ്യാജ മദ്യ ദുരന്തം. 21 പേരാണ് വ്യാജമദ്യ ദുരന്തത്തിൽ മരണപ്പെട്ടത്. എത്തനോൾ അടങ്ങിയ വ്യാജ മദ്യം കഴിച്ചവരാണ് മരിച്ചത്. 40 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. മാർച്ച് 20 ബുധനാഴ്ചയാണ് സംഭവം നടന്നത്. അന്ന് നാലുപേർ മരിച്ചു. തുടർന്ന് 22ന് എട്ടുപേരും 23ന് അഞ്ചുപേരും മരണപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ പോലീസ് പിടികൂടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരവും എക്‌സൈസ് നിയമപ്രകാരവും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാഭരണകൂടം അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചു. നേരത്തെ തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ വ്യാജമദ്യ ദുരന്തത്തെ തുടർന്ന് 12 പേരാണ് മരണപ്പെട്ടത്. മേയ് മാസത്തിലാണ് തമിഴ്‌നാട്ടിൽ വ്യാജമദ്യ ദുരന്തം ഉണ്ടായത്.

ന്യൂഡൽഹി: 20 സ്‌കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കിയെന്ന് സിബിഎസ്ഇ. കേരളത്തിലെ രണ്ടു സ്‌കൂളുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. സിബിഎസ്ഇ ബോർഡ് ആണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം പീവീസ് പബ്ലിക് സ്‌കൂൾ, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയൽ സെൻട്രൽ സ്‌കൂൾ എന്നിവയ്ക്കാണ് അംഗീകാരം നഷ്ടമായത്.

അഫിലിയേഷൻ, പരീക്ഷാ ബൈ-ലോ എന്നിവ സംബന്ധിച്ച വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി രാജ്യ വ്യാപകമായി അപ്രതീക്ഷിത പരിശോധനകൾ നടന്നിരുന്നു. ഈ പരിശോധനയിലാണ് 20 സ്‌കൂളുകളിലെ ക്രമക്കേട് കണ്ടെത്തിയത്. പല സ്ഥാപനങ്ങളും ഡമ്മി വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നുവെന്നും യോഗ്യതയില്ലാത്ത വിദ്യാർത്ഥികളെ ക്ലാസുകളിൽ ഇരുത്തുന്നുവെന്നും പരിശോധയിൽ കണ്ടെത്തി.

പല സ്ഥാപനങ്ങളും സ്‌കൂൾ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും സി ബി എസ് ഇ സെക്രട്ടറി ഹിമാൻഷു ഗുപ്ത വ്യക്തമാക്കി. തുടർന്ന് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് സ്‌കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കിയത്. ഡൽഹിയിൽ അഞ്ചും, ഉത്തർപ്രദേശിൽ മൂന്നും രാജസ്ഥാൻ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലെ രണ്ട് വീതവും ജമ്മു കശ്മീർ, ഡെറാഡൂൺ, അസം, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ സ്‌കൂളുകളുടെയും അഫിലിയേഷനാണ് റദ്ദാക്കിയത്.

ചെന്നൈ: ഒരുപാട് ക്യാമറകൾ ഒരേ സമയം കാണുമ്പോൾ ശ്വാസം വിടാൻ പോലും ഭയം തോന്നുമെന്ന് തമിഴ് നടൻ രജനീകാന്ത്. തെരഞ്ഞെടുപ്പ് സമയത്ത് വായ തുറക്കാൻ പോലും തനിക്ക് ഭയം തോന്നാറുണ്ടെന്ന് രജനീകാന്ത് പറഞ്ഞു. ചെന്നൈ വടപളനിയിൽ കഴിഞ്ഞ ദിവസം ഒരു ആശുപത്രി ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു രജനീകാന്തിന്റെ പരാമർശം.

നിരവധി മാധ്യമപ്രവർത്തകർ എത്തും എന്നതിനാൽ ഈ ചടങ്ങിൽത്തന്നെ സംസാരിക്കാൻ ആദ്യം തനിക്ക് താൽപര്യമുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നമ്മൾ പറയുന്ന വാക്കുകൾ എളുപ്പത്തിൽ വളച്ചൊടിക്കപ്പെടുമെന്ന് താരം ചൂണ്ടിക്കാട്ടി.

ഉദ്ഘാടന പരിപാടികളിൽ പൊതുവെ പങ്കെടുക്കാത്തതിന്റെ കാരണവും രജനി അറിയിച്ചു. ഏതെങ്കിലും സ്ഥാപനം ഉദ്ഘാടനം ചെയ്താൽ തനിക്ക് അതിൽ നിക്ഷേപമുണ്ട് എന്ന തരത്തിലാവും പ്രചരണം. ഏതാനും വർഷങ്ങൾക്ക് മുൻപ് ഇതേ ഡോക്ടർമാരാണ് തനിക്ക് ഒരു പ്രധാന ശസ്ത്രക്രിയ നടത്തിയതെന്നും അതാണ് ഈ ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് തന്നെ എത്തിച്ചത്. തന്നെ ജീവനോടെ നിലനിർത്തിയതിന് ഡോക്ടർമാർക്കും നഴ്‌സുമാർക്കും നന്ദി അറിയിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിമർശനവുമായി അണ്ണാ ഹസാരെ. കെജ്രിവാളിന്റെ ചെയ്തികളാണ് അറസ്റ്റിലേക്കു നയിച്ചതെന്ന് അണ്ണാ ഹസാരെ വ്യക്തമാക്കി. തന്റെ കൂടെ പ്രവർത്തിച്ചിരുന്നപ്പോൾ മദ്യത്തിനെതിരെ ശബ്ദമുയർത്തിയിരുന്ന കെജ്രിവാൾ ഇപ്പോൾ മദ്യനയം തന്നെ ഉണ്ടാക്കുകയാണ്. ഇതിൽ ഏറെ ദുഃഖമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ, എന്തു ചെയ്യാൻ കഴിയും. സ്വന്തം പ്രവൃത്തികളാണ് അറസ്റ്റിനു കാരണം. ഇനി നിയമം അതിന്റെ വഴിക്കു പ്രവർത്തിക്കുമെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. എൻഫോഴ്‌സ്‌മെന്റ് സംഘം കഴിഞ്ഞ ദിവസം കെജ്രിവാളിന്റെ വീട്ടിലെത്തി പരിശോധനകൾ നടത്തിയിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് തടയണമെന്ന ഹർജിയിൽ ഹൈക്കോടതി ഇടപെടാതിരുന്നതിന് പിന്നാലെയായിരുന്നു ഇഡിയുടെ നീക്കം.

ന്യൂഡൽഹി: സുപ്രീം കോടതി ബെഞ്ചിനെതിരെ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. ഡൽഹി മദ്യനയ കേസിലെ പ്രതി കവിത ജാമ്യത്തിനായി നൽകിയ റിട്ട് ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി ബെഞ്ചിനെതിരെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

സുപ്രീം കോടതിയുടെ ചരിത്രം എഴുതുമ്പോൾ ഈ കാലം സുവർണലിപികളിൽ ആയിരിക്കില്ലെന്ന് കവിതയുടെ ഹർജി പരിഗണിച്ച ബെഞ്ചിന് മുമ്പാകെ കപിൽ സിബൽ പറഞ്ഞു. ‘നോക്കാം’ എന്നായിരുന്നു ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കിയത്. എം.എം. സുന്ദരേഷ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ബിആർഎസ് നേതാവ് കവിത നൽകിയ റിട്ട് ഹർജി പരിഗണിച്ചത്. അറസ്റ്റിനെതിരെയും ജാമ്യത്തിനും വേണ്ടിയാണ് കവിത സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാനായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. ജാമ്യത്തിനായി എല്ലാവരും ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം റിട്ട് ഹർജിയുമായി സുപ്രീം കോടതിയിൽ എത്തിയാൽ എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു.

കേസിന്റെ മെറിറ്റിനെ കുറിച്ച് കേൾക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് നോക്കണമെന്നായിരുന്നു കവിതയ്ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ കോടതിയോട് ആവശ്യപ്പെട്ടത്.

സംഗീത സംവിധായകൻ ഇളയരാജയുടെ ജീവിതകഥ സിനിമയാകുന്നു. ആദ്യ പോസ്റ്റർ പുറത്തിറങ്ങി. നടൻ ധനുഷാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സാമൂഹ്യ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ബഹുമാനപ്പെട്ട ഇളയരാജ സാർ’ എന്ന അടിക്കുറിപ്പോടെയാണ് ധനുഷ് പോസ്റ്റർ പങ്കുവെച്ചത്.

ഇളയരാജ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക. ധനുഷ് ആയിരിക്കും ചിത്രത്തിൽ ഇളയരാജയായി വേഷമിടുകയെന്നാണ് വിവരം. അരുൺ മാതേശ്വരനാണ് ചിത്രത്തിന്റെ സംവിധായകൻ. ധനുഷിന്റെ ഏറ്റവും പുതിയ ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ന്റെ സംവിധായകനാണ് അരുൺ.

അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറാണ് ഇളയരാജയുടേത്.. 1,000-ലധികം സിനിമകൾക്കായി 7,000-ലധികം ഗാനങ്ങൾ രചിക്കുകയും ലോകമെമ്പാടുമുള്ള 20,000-ലധികം കച്ചേരികളും ഇളയരാജ നടത്തിയിട്ടുണ്ട്. 2010-ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി പത്മഭൂഷണും 2018-ൽ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി പത്മവിഭൂഷണും ഇളയരാജയ്ക്ക് ലഭിച്ചിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് അദ്ദേഹം.

കണക്റ്റ് മീഡിയ, പികെ പ്രൈം പ്രൊഡക്ഷൻ, മെർക്കുറി മൂവീസ് എന്നിവയുടെ പിന്തുണയോടെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം പുറത്തിറങ്ങുന്നത്. ശ്രീറാം ഭക്തിസരൺ, സി കെ പത്മകുമാർ, വരുൺ മാത്തൂർ, ഇളമ്പരിത്തി ഗജേന്ദ്രൻ, സൗരഭ് മിശ്ര എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

ന്യൂഡൽഹി: മദ്യ നയക്കേസിൽ ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ. വിചാരണ കോടതിയിൽ അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം.

വിചാരണ കോടതി റിമാൻഡ് അടക്കമുള്ള നടപടികളിലേക്ക് പോകാൻ സാധ്യതയുള്ള സാഹചര്യത്തിൽ സുപ്രീംകോടതിയിലെ ഹർജി തുടർന്നിട്ട് കാര്യമില്ലെന്ന് കെജ്രിവാളിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജി പിൻവലിച്ചത്. ഹർജി പിൻവലിക്കുകയാണെന്ന് കെജ്രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി കോടതിയിയെ അറിയിച്ചു.

ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ജസ്റ്റിസുമാരായ എം എം സുന്ദരേശ്, ബേല ത്രിവേദി എന്നിവരടങ്ങിയ സ്‌പെഷൽ ബെഞ്ചാണ് എഎപി ഹർജി പരിഗണിച്ചത്. രാവിലെ 10.30ന് കോടതി ആരംഭിച്ചപ്പോൾ തന്നെ മനു അഭിഷേക് സിങ്വി ഹർജി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് സ്പെഷ്യൽ ബെഞ്ച് പെറ്റീഷൻ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. എൻഫോഴ്സ്മെന്റ് സംഘം കഴിഞ്ഞ ദിവസം കെജ്രിവാളിന്റെ വീട്ടിലെത്തി പരിശോധനകൾ നടത്തിയിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് തടയണമെന്ന ഹർജിയിൽ ഹൈക്കോടതി ഇടപെടാതിരുന്നതിന് പിന്നാലെയായിരുന്നു ഇഡിയുടെ നീക്കം.

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് പിസിസികൾക്ക് നിർദേശം നൽകി.

ബിജെപി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഭരണഘടനാ വിരുദ്ധ പ്രവർത്തികൾക്കെതിരെ ഇന്ത്യാ സഖ്യം ഒരുമിച്ച് പോരാടുമെന്നും ശരത് പവാർ അറിയിച്ചിട്ടുള്ളത്. അറസ്റ്റ് വിവരം അറിഞ്ഞ് ഞെട്ടിയെന്നായിരുന്നു തരൂരിന്റെ പ്രതികരണം.

എൻഫോഴ്‌സ്‌മെന്റ് സംഘം കഴിഞ്ഞ ദിവസം കെജ്രിവാളിന്റെ വീട്ടിലെത്തി പരിശോധനകൾ നടത്തിയിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് തടയണമെന്ന ഹർജിയിൽ ഹൈക്കോടതി ഇടപെടാതിരുന്നതിന് പിന്നാലെയായിരുന്നു ഇഡിയുടെ നീക്കം.

മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കൊണ്ട് ഇഡി അയച്ച ഒമ്പത് സമൻസുകളും കെജ്രിവാൾ തള്ളിയിരുന്നു. അറസ്റ്റിൽ നിന്നും മറ്റു നടപടികളിൽ നിന്നും ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ കെജ്രിവാൾ സമീപിച്ചിരുന്നെങ്കിലും ഹർജി കോടതി തള്ളി.

ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ സുപ്രീംകോടതിയിൽ രൂക്ഷവാദം. അടിയന്തരമായി പതിനായിരം കോടി രൂപ കടമെടുക്കാൻ നിലവിൽ അവകാശമുണ്ടെന്നാണ് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. സിഎജി റിപ്പോർട്ട് ഉൾപ്പെടെ തെറ്റായി വ്യാഖാനിച്ചാണ് സംസ്ഥാനം അവകാശവാദം ഉന്നയിക്കുന്നതെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നാളെയും വാദം തുടരും.

കടമെടുപ്പ് പരിധിയിൽ ഇടക്കാല ഉത്തരവ് തേടിയുള്ള കേരളത്തിന്റെ അപേക്ഷയിൽ അഞ്ചരമണിക്കൂർ നീണ്ട വാദമാണ് ഇന്ന് നടന്നത്. ഈ സാമ്പത്തികവർഷം കേന്ദ്രകണക്കുകൾ പ്രകാരം പതിനായിരം കോടി രൂപ കടമെടുക്കാൻ കേരളത്തിന് അവകാശമുണ്ട്. ഇതിനുള്ള അനുമതിയാണ് കേരളം ആവശ്യപ്പെടുന്നത്.

കപിൽ സിബലാണ് കേരളത്തിനായി കോടതിയിൽ വാദിച്ചത്. കേന്ദ്രത്തിൽ നിന്ന് അധികമായി ഒന്നും ചോദിക്കുന്നില്ലെന്നും, ധനകാര്യകമ്മീഷൻ ശുപാർശ ചെയ്യുന്നത് മാത്രമാണ് അവകാശപ്പെടുന്നതെന്നും അദ്ദേഹം വാദിച്ചു. 2021-24 കാലയളവിൽ അനുവദിക്കപ്പെട്ട കടമെടുപ്പ് പരിധി പൂർണമായും ഉപയോഗിച്ചിട്ടില്ലെന്ന വാദവും കേരളം മുന്നോട്ടുവച്ചു. സിഎജി റിപ്പോർട്ട് പ്രകാരം സുസ്ഥിര സാമ്പത്തിക വ്യവസ്ഥയാണ് കേരളത്തിന്റേതെന്നും കബിൽ സിബൽ പറഞ്ഞു.

അതേസമയം, കേരളത്തിന്റെ വാദത്തെ കേന്ദ്രം അക്കമിട്ട് എതിർത്തു. അഡീഷണൽ സോളിസിറ്റർ ജനറൽ എൻ വെങ്കിട്ടരാമനാണ് കേന്ദ്രത്തിനായി ഹാജരായത്. കേരളം ഉയർത്തുന്ന വാദങ്ങൾ വസ്തുതാവിരുദ്ധമെന്ന് അദ്ദേഹം വ്യക്തമാക്കി.