ന്യൂഡൽഹി: രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി കേരളം. നിയമസഭയിൽ പാസായ ബില്ലുകളിൽ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് കേരളത്തിന്റെ നീക്കം. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവർണറെയും കക്ഷി ചേർത്താണ് കേരളം റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
ഗവർണർ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളിൽ നാലെണ്ണം തടഞ്ഞുവച്ചതായി റിട്ടിൽ പറയുന്നു. സമർപ്പിച്ച ബില്ലുകളിൽ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നൽകി. ബാക്കി ബില്ലുകളിലെ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തിന്റെ നടപടി. ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ല് ഉൾപ്പെടെയുള്ളവയിലാണ് തീരുമാനം വരാനുള്ളത്.
ഇതിൽ ഭരണഘടനാ വിദഗ്ധരോടും അഭിഭാഷകരോടുമെല്ലാം ചർച്ച ചെയ്ത ശേഷമാണ് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്.

