ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ സുപ്രീംകോടതിയിൽ രൂക്ഷവാദം. അടിയന്തരമായി പതിനായിരം കോടി രൂപ കടമെടുക്കാൻ നിലവിൽ അവകാശമുണ്ടെന്നാണ് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. സിഎജി റിപ്പോർട്ട് ഉൾപ്പെടെ തെറ്റായി വ്യാഖാനിച്ചാണ് സംസ്ഥാനം അവകാശവാദം ഉന്നയിക്കുന്നതെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നാളെയും വാദം തുടരും.
കടമെടുപ്പ് പരിധിയിൽ ഇടക്കാല ഉത്തരവ് തേടിയുള്ള കേരളത്തിന്റെ അപേക്ഷയിൽ അഞ്ചരമണിക്കൂർ നീണ്ട വാദമാണ് ഇന്ന് നടന്നത്. ഈ സാമ്പത്തികവർഷം കേന്ദ്രകണക്കുകൾ പ്രകാരം പതിനായിരം കോടി രൂപ കടമെടുക്കാൻ കേരളത്തിന് അവകാശമുണ്ട്. ഇതിനുള്ള അനുമതിയാണ് കേരളം ആവശ്യപ്പെടുന്നത്.
കപിൽ സിബലാണ് കേരളത്തിനായി കോടതിയിൽ വാദിച്ചത്. കേന്ദ്രത്തിൽ നിന്ന് അധികമായി ഒന്നും ചോദിക്കുന്നില്ലെന്നും, ധനകാര്യകമ്മീഷൻ ശുപാർശ ചെയ്യുന്നത് മാത്രമാണ് അവകാശപ്പെടുന്നതെന്നും അദ്ദേഹം വാദിച്ചു. 2021-24 കാലയളവിൽ അനുവദിക്കപ്പെട്ട കടമെടുപ്പ് പരിധി പൂർണമായും ഉപയോഗിച്ചിട്ടില്ലെന്ന വാദവും കേരളം മുന്നോട്ടുവച്ചു. സിഎജി റിപ്പോർട്ട് പ്രകാരം സുസ്ഥിര സാമ്പത്തിക വ്യവസ്ഥയാണ് കേരളത്തിന്റേതെന്നും കബിൽ സിബൽ പറഞ്ഞു.
അതേസമയം, കേരളത്തിന്റെ വാദത്തെ കേന്ദ്രം അക്കമിട്ട് എതിർത്തു. അഡീഷണൽ സോളിസിറ്റർ ജനറൽ എൻ വെങ്കിട്ടരാമനാണ് കേന്ദ്രത്തിനായി ഹാജരായത്. കേരളം ഉയർത്തുന്ന വാദങ്ങൾ വസ്തുതാവിരുദ്ധമെന്ന് അദ്ദേഹം വ്യക്തമാക്കി.

