കെജ്രിവാളിന്റെ ചെയ്തികളാണ് അറസ്റ്റിലേക്കു നയിച്ചത്; അണ്ണാ ഹസാരെ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിമർശനവുമായി അണ്ണാ ഹസാരെ. കെജ്രിവാളിന്റെ ചെയ്തികളാണ് അറസ്റ്റിലേക്കു നയിച്ചതെന്ന് അണ്ണാ ഹസാരെ വ്യക്തമാക്കി. തന്റെ കൂടെ പ്രവർത്തിച്ചിരുന്നപ്പോൾ മദ്യത്തിനെതിരെ ശബ്ദമുയർത്തിയിരുന്ന കെജ്രിവാൾ ഇപ്പോൾ മദ്യനയം തന്നെ ഉണ്ടാക്കുകയാണ്. ഇതിൽ ഏറെ ദുഃഖമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ, എന്തു ചെയ്യാൻ കഴിയും. സ്വന്തം പ്രവൃത്തികളാണ് അറസ്റ്റിനു കാരണം. ഇനി നിയമം അതിന്റെ വഴിക്കു പ്രവർത്തിക്കുമെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. എൻഫോഴ്‌സ്‌മെന്റ് സംഘം കഴിഞ്ഞ ദിവസം കെജ്രിവാളിന്റെ വീട്ടിലെത്തി പരിശോധനകൾ നടത്തിയിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് തടയണമെന്ന ഹർജിയിൽ ഹൈക്കോടതി ഇടപെടാതിരുന്നതിന് പിന്നാലെയായിരുന്നു ഇഡിയുടെ നീക്കം.