National (Page 869)

കണ്ണൂർ : വൈദ്യുതി കരാർ അദാനിയുമായി ഉറപ്പിക്കാൻ കാരണമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അദാനിയുടെ കുടുംബം കണ്ണൂരില്‍ വന്നത് ആരെ കാണാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കണം. അദാനിയുമായുള്ള കരാറിലെ വ്യവസ്ഥകള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ വൈദ്യുതി കൂടിയ നിരക്കിൽ വാങ്ങുവാനാണ് നീക്കം നടക്കുന്നത്. എന്‍റെയോ നിങ്ങളുടെയോ ക്യാപ്റ്റനല്ല പിണറായി. ഈ നാട്ടിലെ ബീഡിത്തൊഴിലാളികളുടെയോ നെയ്ത്തു തൊഴിലാളികളുടെയോ അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെയോ ക്യാപ്റ്റനല്ല പിണറായി. അദാനി അടക്കമുള്ള സഹസ്രകോടീശ്വരൻമാരുടെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി. മുങ്ങാൻ പോകുന്ന കപ്പലിന്‍റെ ക്യാപ്റ്റനാണ് പിണറായിയെന്നും ബോംബിന്‍റെ കാര്യം പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ തലശേരി വടക്കുമ്പാട് പറഞ്ഞു.

covid

ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് കേസ് പട്ടികയില്‍ അമേരിക്കയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,097 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ബ്രസീലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ജനുവരി 30-നാണ് ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. അന്നു മുതല്‍ ഇന്നേവരെ 1,23,03,131 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചു. അമേരിക്കയില്‍ ആദ്യ കേസ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് കഴിഞ്ഞ വര്‍ഷം ജനുവരി 22-നാണ്. പിന്നീട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30,538,427 ആയി വര്‍ധിച്ചു. എന്നാല്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ബ്രസീലിനും അമേരിക്കയ്ക്കും പിന്നില്‍ മൂന്നാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം.

ആകെ കോവിഡ് മരണങ്ങളുടെ കാര്യത്തില്‍ അമേരിക്കയ്ക്കും ബ്രസീലിനും മെക്‌സിക്കോയ്ക്കും പിന്നാലെ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം.ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. അമേരിക്കയില്‍ ഏപ്രില്‍ ഒന്നിന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാകട്ടെ 77,718 പുതിയ കേസുകളും.കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. പ്രതിദിന കോവിഡ് മരണങ്ങളില്‍ 83.16 ശതമാനവും രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. അതിനിടെ, രാജ്യത്തെ സജീവ കേസുകള്‍ 6,14,696 ആയി വര്‍ധിച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ അഞ്ച് ശതമാനമാണിത്. മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഢ്, കേരള, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആക്ടീവ് കേസുകളില്‍ 77.91 ശതമാനവും. രാജ്യത്തെ ആക്ടീവ് കേസുകളില്‍ 59.84 ശതമാനവും മഹാരാഷ്ട്രയില്‍ മാത്രമാണ്.രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ മോശം അവസ്ഥയില്‍നിന്ന് വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും വൈറസ് ഇപ്പോഴും സജീവമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും നീതി ആയോഗ് അംഗം വി.കെ പോള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. സ്റ്റാലിന്റെ മകൾ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായനികുതി പരിശോധന നടക്കുന്നത്. മരുമകൻ ശബരീശൻറെ ഉടമസ്ഥതയിലുള്ള നാല് സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്. കൂടാതെ ശ്രീവൈകുണ്ഠത്തെ കോൺഗ്രസ് സ്ഥാനാർഥി ഉർവ്വശിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.

തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ വീട്ടിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്. മക്കൾ നീതി മയ്യം, ഡിഎംകെ, എഡിഎംകെ കോൺഗ്രസ് തുടങ്ങിയ പാർട്ടി നേതാക്കളുടെ വീട്ടിലാണ് പരിശോധന.

നടൻ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം ട്രഷററും കമലിന്റെ നിർമാണ കമ്പനിയായ രാജ്കമൽ പ്രൊഡക്ഷൻസ് പങ്കാളിയുമായി ചന്ദ്രശേഖര രാജിന്റെ വീട്ടിലും, ഓഫിസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഡിഎംകെ നേതാവ് കെ. എസ് ധനശേഖരൻ, എംഡിഎംകെ നേതാവ് കവിൻ നാഗരാജൻ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി.

ഈ മാസത്തെ പൊതു അവധി ദിവസം ഉൾപ്പെടെ എല്ലാ ദിവസവും കോവിഡ് വാക്സിൻ നൽകാൻ ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ നിർദേശം. അവധി ദിവസങ്ങള്‍ കണക്കിലെടുക്കാതെ പൊതു, സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

രാജ്യത്ത് 45 വയസ്സിന് മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്സിനേഷൻ ഇന്ന് ആരംഭിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വാക്സിൻ വിതരണം. രജിസ്ട്രേഷൻ ഘട്ടത്തിൽതന്നെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാം. രജിസ്റ്റർ ചെയ്യാതെ അതെ നേരിട്ട് എത്തിയും മരുന്ന് സ്വീകരിക്കാം.

45 ദിവസം കൊണ്ട് 45 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാനത്ത് ലക്ഷ്യമിടുന്നത്. വാക്സീന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവടങ്ങളില്‍ വാക്സിനേഷന്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വാക്സീനുകള്‍ സംസ്ഥാനത്ത് എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കാലങ്ങളായി മുടങ്ങി കിടന്ന ഇന്ത്യ-പാകിസ്താൻ ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇരുരാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങളെല്ലാം പരിഹരിക്കാൻ താത്പര്യമുണ്ടെന്ന് കാണിച്ച് ഇമ്രാൻഖാൻ നരേന്ദ്ര മോദിക്ക് കത്തയച്ചു. ജമ്മുകശ്മീർ അടക്കമുള്ള വിഷയങ്ങൾ പ്രത്യേകം പരാമർശിച്ചാണ് കത്ത്.

പാകിസ്താന്‍ റിപ്പബ്ലിക് ദിനമായ മാർച്ച് 23ന് പ്രധാന മന്ത്രി നരേന്ദ്ര മോദി, പാക് പ്രധാനമന്ത്രിക്ക് അയച്ച കത്തിനുള്ള മറുപടിയാണ് ഇമ്രാന്‍ ഖാന് അയച്ചത്. ഇന്ത്യയുമായി സമാധാനപരമായ ബന്ധം പാകിസ്താന് ആഗ്രഹിക്കുന്നുവെന്ന് ഇമ്രാന്‍ ഖാന് മറുപടി കത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യയുള്‍പ്പെടെ എല്ലാ അയല്‍ രാജ്യങ്ങളുമായും നല്ല ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും ഇമ്രാന്‍ കത്തിലെഴുതി.

ജമ്മു കശ്മീരിനെ ചൊല്ലി ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നും ഇമ്രാന് ഖാന്‍റെ മറുപടി കത്തില്‍ പറയുന്നുണ്ട്. പാകിസ്താന്‍ റിപ്പബ്ലിക് ദിനത്തിന് ആശംസ നേർന്നതിന് നരേന്ദ്ര മോദിയോട് ഇമ്രാന്‍ ഖാന് നന്ദിയും അറിയിച്ചു.

ന്യൂഡല്‍ഹി: എച്ച്-1 ബി വിസയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ ജോ ബൈഡന്‍ അനുമതി നല്‍കി. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ട്രംപ് വിദേശ തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ യുഎസില്‍ ലോക്ഡൗണ്‍ എര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് കുടിയേറ്റേതര വിസ വിഭാഗങ്ങളില്‍ അപേക്ഷകരെ പ്രവേശിക്കുന്നത് നിരോധിക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നത്. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റേതര വിസയാണ് എച്ച്-1 ബി വിസ.

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം ഘട്ടവ്യാപനത്തിന് മുഖ്യ കാരണമാകുന്നത് യുവാക്കളാണെന്ന് അഭിപ്രായപ്പെട്ട് എയിംസ് ഡല്‍ഹി ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ. യുവാക്കള്‍ക്ക് രോഗം തങ്ങളെ ലഘുവായേ ബാധിക്കൂ എന്ന അമിതമായ ആത്മവിശ്വാസമുണ്ട്. അതാണ് രോഗം വ്യാപിക്കാന്‍ കാരണമാകുന്നത്. ഇവരില്‍ നിന്നും മുതിര്‍ന്നവരിലേക്കും പ്രായം ഏറെയായവരിലേക്കും രോഗം അതിവേഗം പടരാന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് മുതിര്‍ന്നവരും പ്രായമായവരും നിര്‍ബന്ധമായും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നും രണ്‍ദീപ് ഗുലേരിയ ആവശ്യപ്പെട്ടു.കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ധവാന്റെയും നീതി അയോഗ് അംഗം ഡോ.വി.കെ പോളിന്റെയും അദ്ധ്യക്ഷതയില്‍ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നു. രോഗം കുത്തനെ കൂടിയ പഞ്ചാബിലും ചണ്ഡിഗഡിലും സ്വീകരിച്ച പ്രതിരോധ നടപടികളും ചര്‍ച്ച ചെയ്തു. പ്രതിവാരം 21 ശതമാനം രോഗവര്‍ദ്ധനവാണ് പഞ്ചാബിലുണ്ടാകുന്നത്.

hotspot

ചെന്നൈ: ഭാഗിക ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്.കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയത്. ഇതിന്റെ ഭാഗമായി മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കും. അനുവദനീയമായ ആവശ്യങ്ങള്‍ക്ക് ഒഴികെ വ്യോമഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2,342 കൊവിഡ് കേസുകളും 16 മരണങ്ങളുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാന നഗരമായ ചെന്നൈയില്‍ മാത്രം 874 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,000 ലധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന തുടര്‍ച്ചയായ നാലാമത്തെ ദിവസമാണിന്ന്. ഇതോടെ ആകെ സജീവ കേസുകളുടെ എണ്ണം 14,846 ആയി ഉയര്‍ന്നു.

ഇതുവരെ സംസ്ഥാനത്ത് 8,84,094 പോസിറ്റീവ് കേസുകളും 12,700 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.നിലവില്‍ കൊവിഡ് കുത്തനെ ഉയരുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുതിച്ചുയരുന്ന കൊവിഡ് കേസുകളില്‍ ആശങ്കയിലാണ് സംസ്ഥാനം മുഴുവന്‍. പുതിയ നിയന്ത്രണങ്ങളൊന്നും നടപ്പിലാക്കില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകും.

ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് സൗദി അറേബ്യയിലെ സര്‍ക്കാര്‍ അനുകൂല മാദ്ധ്യമമായ സൗദി ഗസറ്റ്. മോദി സര്‍ക്കാരിന്റെ വികസന സംരംഭങ്ങളോട് ജമ്മു കശ്മീരിലെ യുവാക്കള്‍ ക്രിയാത്മകമായി പ്രതികരിച്ചതായും ഒന്നര വര്‍ഷത്തിനുള്ളില്‍ മാതൃകാപരമായ വികസന, പൊതുക്ഷേമ പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ നടപ്പിലാക്കിയതെന്നും സൗദി ഗസറ്റ് പറയുന്നു.പ്രത്യേക പദവി എടുത്ത് കളഞ്ഞാല്‍ രാജ്യത്ത് ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ആരും ബാക്കിയുണ്ടാവില്ലെന്ന പ്രാദേശിക നേതാക്കളുടെ വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടുവെന്നും സൗദി ഗസറ്റ് പറയുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഭീകരര്‍ വഴി തെറ്റിച്ച കശ്മീരി യുവാക്കള്‍ക്ക് സര്‍ക്കാര്‍ സംരംഭങ്ങള്‍ പുതിയ ജീവന്‍ നല്‍കിയിട്ടുണ്ടെന്നും സൗദി ഗസറ്റ് പറയുന്നു.

ചെന്നൈ: കഴിഞ്ഞ ഐപിഎല്‍ സീസണ്‍ തുടക്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നിറം മങ്ങിയെങ്കിലും ഇത്തവണ കണക്കു തീര്‍ക്കാന്‍ തന്നെയാണ് പുറപ്പാട്.ലേലത്തില്‍ ടീമിലെത്തിച്ച കളിക്കാരില്‍ ഏറെ പ്രതീക്ഷയുണ്ട്. ഒപ്പം കഴിഞ്ഞ സീസണില്‍ തിളങ്ങിയ യുവ താരങ്ങളും തിളങ്ങിയാല്‍ ചെന്നൈ ഒരിക്കല്‍ക്കൂടി ആരാധകര്‍ക്ക് ക്രിക്കറ്റ് വിരുന്നൊരുക്കും.പരിക്കുമൂലം വിട്ടുനില്‍ക്കുന്ന രവീന്ദ്ര ജഡേജയുടെ മടക്കവും ആരാധകര്‍ ആകാംഷയോടെയാണ് കാണുന്നത്.പരിചയസമ്പത്തുള്ളവരും നിലവാരമുള്ള ഓള്‍റൗണ്ടര്‍മാരുമാണ് ചെന്നൈയുടെ കരുത്ത്. ക്യാപ്റ്റന്‍ എംഎസ് ധോണി, സുരേഷ് റെയ്‌ന, ഫാഫ് ഡു പ്ലസിസ്, ഡിജെ ബ്രാവോ, രവീന്ദ്ര ജഡേജ, ഇമ്രാന്‍ താഹിര്‍, അമ്പാട്ടി റായിഡു, റോബിന്‍ ഉത്തപ്പ എന്നിവരുടെ പരിചയസമ്പത്ത് ടീമിന് നേട്ടമാകും.

കൂടാതെ, മോയീന്‍ അലി, കൃഷ്ണപ്പ ഗൗതം, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, സാം കറന്‍, ബ്രാവോ, മിച്ചല്‍ സാന്റ്‌നര്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നീ ഓള്‍റൗണ്ടര്‍മാരും ഇക്കുറി ചെന്നൈ ടീമിലുണ്ട്.പുതിയ സീസണിലേക്കായി ചില വമ്പന്‍ വാങ്ങലുകള്‍ നടത്തിയിട്ടുണ്ട് സിഎസ്‌കെ. ഇതില്‍ 9.25 കോടി രൂപയ്‌ക്കെത്തിയ ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതമാണ് മുന്നില്‍ നില്‍ക്കുന്നത്. 7 കോടി രൂപയ്ക്ക് മോയീന്‍ അലിയും സിഎസ്‌കെയിലെത്തി. കൂടാതെ 50 ലക്ഷം രൂപയ്ക്ക് ചേതേശ്വര്‍ പൂജാരയും ഇടവേളയ്ക്കുശേഷം ഐപിഎല്ലില്‍ കളിക്കാന്‍ ഒരുങ്ങുന്നു.

ഹരിശങ്കര്‍ റെഡ്ഡി, ഭഗത് വര്‍മ, ഹരി നിഷാന്ത് എന്നിവരെ 20 ലക്ഷം രൂപ വീതം നല്‍കിയും ടീമിലെത്തിച്ചു. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും നേരിട്ട് സിഎസ്‌കെയിലെത്തിയ റോബിന്‍ ഉത്തപ്പയുമുണ്ട്.കഴിഞ്ഞ സീസണിലെ പാളിച്ചകള്‍ ഇക്കുറി ആവര്‍ത്തിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. ധോണിയുടെ ക്യാപ്റ്റന്‍സി തന്നെയായിരിക്കും ടീമിന്റെ ഏറ്റവും വലിയ സമ്പത്ത്. ധോണിയുടെ ഫോമില്‍ ടീമിന് ആശങ്കയുണ്ട്. കഴിഞ്ഞ ഐപിഎല്ലിനുശേഷം ധോണി ആഭ്യന്തര മത്സരങ്ങള്‍ പോലും കളിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ പോലും കളിച്ചിട്ടില്ലാത്ത സുരേഷ് റെയ്‌നയുടെ പ്രകടനവും ടീം ഉറ്റുനോക്കുന്നു.

കഴിഞ്ഞ സീസണില്‍ ഓപ്പണറായി തിളങ്ങിയ ഋതുരാജ് ഗെയ്ക്ക്‌വാദ് ഇത്തവണയും ആ റോളിലുണ്ടാകും. ഗെയ്ക്ക്‌വാദിനൊപ്പം ഉത്തപ്പയോ ഡു പ്ലസിസോ ആയിരിക്കും ഓപ്പണറാവുക. സുരേഷ് റെയ്‌നയായിരിക്കും മൂന്നാം സ്ഥാനത്തിറങ്ങുക. അമ്പാട്ടി റായിഡു നാലാമനായും ധോണി അഞ്ചാമനായി ഇറങ്ങും. ബ്രാവോയോ സാം കറനോ ഓള്‍റൗണ്ടറാകും. മോയീന്‍ അലിയും ടീമിലുണ്ടാകും. അന്തിമ ഇലവനില്‍ സ്ഥാനം ഉറപ്പുള്ള മറ്റൊരു കളിക്കാരനാണ് രവീന്ദ്ര ജഡേജ. കൃഷ്ണപ്പ ഗൗതം, ലുങ്കി എന്‍ഗിഡി, ദീപക് ചാഹര്‍ എന്നിവരും കളിച്ചേക്കും. ഏപ്രില്‍ 10ന് ഡല്‍ഹി കാപ്പിറ്റല്‍സുമായിട്ടാണ് സിഎസ്‌കെയുടെ ആദ്യ മത്സരം.