ഭാഗിക ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്

hotspot

ചെന്നൈ: ഭാഗിക ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്.കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയത്. ഇതിന്റെ ഭാഗമായി മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കും. അനുവദനീയമായ ആവശ്യങ്ങള്‍ക്ക് ഒഴികെ വ്യോമഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2,342 കൊവിഡ് കേസുകളും 16 മരണങ്ങളുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാന നഗരമായ ചെന്നൈയില്‍ മാത്രം 874 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,000 ലധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന തുടര്‍ച്ചയായ നാലാമത്തെ ദിവസമാണിന്ന്. ഇതോടെ ആകെ സജീവ കേസുകളുടെ എണ്ണം 14,846 ആയി ഉയര്‍ന്നു.

ഇതുവരെ സംസ്ഥാനത്ത് 8,84,094 പോസിറ്റീവ് കേസുകളും 12,700 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.നിലവില്‍ കൊവിഡ് കുത്തനെ ഉയരുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുതിച്ചുയരുന്ന കൊവിഡ് കേസുകളില്‍ ആശങ്കയിലാണ് സംസ്ഥാനം മുഴുവന്‍. പുതിയ നിയന്ത്രണങ്ങളൊന്നും നടപ്പിലാക്കില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകും.