ഇന്ത്യ-പാകിസ്താൻ ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി

കാലങ്ങളായി മുടങ്ങി കിടന്ന ഇന്ത്യ-പാകിസ്താൻ ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇരുരാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങളെല്ലാം പരിഹരിക്കാൻ താത്പര്യമുണ്ടെന്ന് കാണിച്ച് ഇമ്രാൻഖാൻ നരേന്ദ്ര മോദിക്ക് കത്തയച്ചു. ജമ്മുകശ്മീർ അടക്കമുള്ള വിഷയങ്ങൾ പ്രത്യേകം പരാമർശിച്ചാണ് കത്ത്.

പാകിസ്താന്‍ റിപ്പബ്ലിക് ദിനമായ മാർച്ച് 23ന് പ്രധാന മന്ത്രി നരേന്ദ്ര മോദി, പാക് പ്രധാനമന്ത്രിക്ക് അയച്ച കത്തിനുള്ള മറുപടിയാണ് ഇമ്രാന്‍ ഖാന് അയച്ചത്. ഇന്ത്യയുമായി സമാധാനപരമായ ബന്ധം പാകിസ്താന് ആഗ്രഹിക്കുന്നുവെന്ന് ഇമ്രാന്‍ ഖാന് മറുപടി കത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യയുള്‍പ്പെടെ എല്ലാ അയല്‍ രാജ്യങ്ങളുമായും നല്ല ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും ഇമ്രാന്‍ കത്തിലെഴുതി.

ജമ്മു കശ്മീരിനെ ചൊല്ലി ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നും ഇമ്രാന് ഖാന്‍റെ മറുപടി കത്തില്‍ പറയുന്നുണ്ട്. പാകിസ്താന്‍ റിപ്പബ്ലിക് ദിനത്തിന് ആശംസ നേർന്നതിന് നരേന്ദ്ര മോദിയോട് ഇമ്രാന്‍ ഖാന് നന്ദിയും അറിയിച്ചു.