കേന്ദ്രം കോവിഡ് വാക്സീനുകൾക്ക് പുതിയ ഓർഡർ നൽകിയിട്ടില്ലെന്ന് റിപ്പോർട്ട് വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ

covid

ന്യൂഡൽഹി; കേന്ദ്രം കോവിഡ് വാക്സീനുകൾക്ക് പുതിയ ഓർഡർ നൽകിയിട്ടില്ലെന്ന് റിപ്പോർട്ട് വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ. മാർച്ചിലാണ് കേന്ദ്രം നിലവിലെ രണ്ട് വാക്സീൻ നിർമാതാകൾക്കും അവസാനമായി ഓർഡർ നൽകിയതെന്നായിരുന്നു ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. മേയ് 2 വരെയുള്ള കണക്കുപ്രകാരം, തുവരെ 16.54 കോടിയിൽ അധികം വാക്സീൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകിയിട്ടുണ്ടെന്നു സർക്കാർ വ്യക്തമാക്കി.

78 ലക്ഷത്തിൽ അധികം ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം ജനങ്ങൾക്ക് നൽകാനായി ബാക്കിയുണ്ട്.56 ലക്ഷത്തിലധികം വാക്സീൻ ഡോസുകൾ അടുത്ത മൂന്നു ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകും. കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയുടെ അനുമതി ലഭിച്ച വാക്സീനുകളുടെ 50% എല്ലാ മാസവും വാങ്ങിക്കും.

അങ്ങനെ വാങ്ങുന്ന വാക്സീനുകൾ സംസ്ഥാനങ്ങൾക്ക് നേരത്തെ നൽകിയതുപോലെ സൗജന്യമായിതന്നെ നൽകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.മേയ്, ജൂൺ, ജൂലൈ മാസങ്ങൾക്ക് വേണ്ടിയുള്ള കോവിഷീൽഡ് വാക്സീന്റെ 11 കോടി ഡോസുകൾക്ക് വേണ്ടിയുള്ള 1732.50 കോടി രൂപയും മുൻകൂറായി സീറം ഇൻസ്റ്റിറ്റ്യൂട്ടിന് ഏപ്രിൽ 28നു നൽകിയിട്ടുണ്ട്. ഇതുവരെ 10 കോടി കോവിഷീൽഡ് വാക്സീൻ ഡോസുകൾക്ക് നൽകിയ ഓർഡറിൽ, 8.744 കോടി ഡോസുകൾ മേയ് 3 വരെ ലഭിച്ചു കഴിഞ്ഞതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി.