കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 44,631 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 20,870 കേസുകള്‍ ബെംഗളൂരുവിലാണ്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 4,64,363 ആയി ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 292 പേരാണ്. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 16,538 ആയി. ബെംഗളൂരുവില്‍ ഒരു ദിവസം രോഗം ബാധിച്ച് പുതുതായി 132 പേര്‍ മരിച്ചു. കര്‍ണാടകയില്‍ ഓക്‌സിജന്‍ ക്ഷാമം തുടങ്ങിയതോടെ മരണ സംഖ്യയും ഉയരുകയാണ്. ബെംഗളൂരുവില്‍ അടക്കം പല ആശുപത്രികളും ഓക്‌സിജന്‍ ക്ഷാമത്തില്‍ ആശങ്ക ഉയര്‍ത്തിക്കഴിഞ്ഞു. തിങ്കളാഴ്ച മൂന്ന് ആശുപത്രികള്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് പരാതി അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്‍ഗണനാ ക്രമത്തില്‍ വാക്‌സീന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ അറിയിച്ചു.