National (Page 840)

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണിനിടയിലും പൗരൻമാർക്ക് വാക്സിൻ കുത്തിവെയ്പ്പിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും വാക്സിനേഷന്റെ ഭാഗമായ ആരോഗ്യപ്രവർത്തകരെ മറ്റു ചുമതലകളിലേക്ക് മാറ്റരുതെന്നും പ്രധാനമന്ത്രി നിർദേശിച്ചു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് സഹായവും മാർഗനിർദേശവും നൽകണമെന്ന് പ്രധാനമന്ത്രി മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും പറഞ്ഞു.

മരുന്നുകളുടെ ലഭ്യതയും പ്രധാനമന്ത്രി അവലോകനം ചെയ്തു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിർമല സീതാരാമൻ, ഹർഷ വർധൻ, പീയൂഷ് ഗോയൽ തുടങ്ങിയ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.ഏകദേശം 17.7 കോടി ഡോസ് വാക്സിൻ ഇതുവരെ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തു. 45 വയസിന് മുകളിലുള്ള 31 ശതമാനം ആളുകളെങ്കിലും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിന് മുകളിൽ രോഗികൾ ചികിത്സയിലുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗം വർധിപ്പിക്കണമെന്നും വാക്സിനേഷന്റെ വേഗത കുറയുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.റെംഡെസിവിർ ഉൾപ്പെടെയുള്ള മരുന്നുകളുടെ ഉത്‌പാദനം അതിവേഗം വർധിപ്പിക്കുന്നതിനെക്കുറിച്ചും മോദി യോഗത്തിൽ വിശദീകരിച്ചു.മൂന്നാം ഘട്ട കോവിഡ് വാക്സിനേഷന്റെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി.

കൊല്‍ക്കത്ത: ബംഗാള്‍ മിഡ്‌നാപ്പൂരില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് മുരളീധരന്‍ ആരോപിച്ചു.കാറിന്റെ പിറകിലെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ആക്രമത്തില്‍ അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സ്റ്റാഫിന് പരിക്കേറ്റിട്ടുണ്ട്. കാര്‍ ആക്രമിക്കുന്നതിന്റെ വീഡിയോ വി.മുരളീധരന്‍ ട്വിറ്ററില്‍ പങ്കുവച്ചു.ബംഗാളില്‍ തൃണമൂല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെയും അവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിനായുമാണ് ഏപ്രില്‍ നാലിന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്‌ക്കൊപ്പം ബംഗാളില്‍ എത്തിയത്.

ന്യൂഡല്‍ഹി: കോടതി നടപടികളെ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി. കോടതികളുടെ പ്രവര്‍ത്തനം ജനങ്ങളുടെ അവകാശവുമായി നേരിട്ട് ബന്ധപ്പെടുന്നതാണ്, അതുകൊണ്ടുതന്നെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സാങ്കേതിക മേഖലയിലെ വളര്‍ച്ച കാരണം കോടതിയില്‍ നടക്കുന്ന നടപടികള്‍ ഇപ്പോള്‍ നവമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വഴി തത്സമയം ജനങ്ങളില്‍ എത്തുന്നുണ്ട്. ഇതില്‍ ആശങ്ക വേണ്ട. മറിച്ച് ആഘോഷിക്കുകയാണ് വേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ പരാമര്‍ശം അന്തിമ വിധിയില്‍ ഇല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജി തള്ളികൊണ്ട് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കോടതി നടത്തുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മാധ്യമ റിപ്പോര്‍ട്ടുകളെ കുറിച്ച് പരാതിപ്പെടുന്നതിനെക്കാള്‍ സ്വന്തം പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന മദ്രാസ് ഹൈക്കോടതി പരാമര്‍ശത്തിന് എതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. .

ന്യൂഡല്‍ഹി : സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ഈടാക്കുന്ന ഫീസ് കുറയ്ക്കണമെന്ന് സുപ്രിംകോടതി. ക്ലാസുകള്‍ ഓണ്‍ലൈനാക്കി ചുരുക്കിയിട്ടും സ്‌കൂളുകള്‍ നടത്താനുള്ള ചിലവുകളില്‍ കുറവ് വന്നിട്ടും ഫീസിന്റെ കാര്യത്തില്‍ കുറവില്ലെന്ന ആരോപണം ഉയരുന്നതിനിടെയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. എഎം ഖാന്വില്‍ക്കറും ദിനേശ് മഹേശ്വിയുടേയും ജസ്റ്റിസുമാരായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. മാനേജ്‌മെന്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിഷമകാലത്ത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അഭയമാകണമെന്നും കോടതി വിശദമാക്കി. വിദ്യാര്‍ഥികള്‍ക്ക് അധ്യയന വര്‍ഷത്തില്‍ ലഭ്യമാക്കാത്ത സൗകര്യങ്ങള്‍ക്കായി വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

covid

ദില്ലി: കേരളത്തില്‍ കൊവിഡിന്‍റെ അതിതീവ്ര വ്യാപനമെന്ന് കേന്ദ്രം. പാലക്കാട്, കൊല്ലം ജില്ലകളിലെ സ്ഥിതിയും ​ഗുരുതരമെന്നാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് വൈറസിന്‍റെ അതിതീവ്ര വ്യാപനമുള്ളത്. ജനിതകമാറ്റം വന്ന വൈറസുകളിൽ നിലവിലെ വാക്സീനുകൾ ഫലപ്രദമാണെന്നും കേന്ദ്രം അറിയിച്ചു.

രാജ്യത്ത് കൊവിഡിൻ്റെ മൂന്നാം തരംഗത്തിനും സാധ്യതയുണ്ടെന്നും അത് നേരിടാനും സജ്ജമാകണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയേക്കാൾ മുകളിലാണുള്ളത്. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം രോഗികളുണ്ട്.

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ തോല്‍വിക്ക് പിന്നാലെ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക്. തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരുമായും മറ്റു നേതാക്കളുമായും ഹൈക്കമാൻഡ് നിരീക്ഷകർ ചര്‍ച്ച നടത്തും. ഐ ഗ്രൂപ്പിൽ നിന്ന് പന്ത്രണ്ട് പേരും എ ഗ്രൂപ്പിൽ നിന്ന് പത്ത് പേരുമാണ് നിയമസഭയിലേക്ക് ജയിച്ചുവന്നിരിക്കുന്നത്. ഐ ഗ്രൂപ്പിൽ നിന്നും വി ഡി സതീശനുന്‍റേയും എ ഗ്രൂപ്പിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റേയും പേരുകളാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർത്തികാട്ടുന്നത്.

നാളെ നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ താരിഖ് അന്‍വര്‍ ഓണ്‍ലൈന്‍ മുഖേന പങ്കെടുക്കും. രാജ്യസഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പുതുച്ചേരി മുന്‍ മുഖ്യമന്ത്രി എം ബി വൈദ്യലിംഗം എന്നിവരാണ് ഹൈക്കമാന്‍ഡ് നിരീക്ഷകരായി സംസ്ഥാനത്തേക്ക് എത്തുന്നത്. സംസ്ഥാനത്ത് പതിനാറാം തീയതി വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പതിനാറാം തീയതിക്ക് ശേഷമായിരിക്കും സന്ദർശനം.

സംസ്ഥാന സർക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് ശേഷമായിരിക്കും പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തിൽ തീരുമാനമുണ്ടാവുകയെന്നാണ് വിവരം. ഇതിനിടെ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കേരളത്തിലെ നിരീക്ഷകരായിരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നേതൃത്വം നൽകുന്ന മൂന്നംഗ സമിതി തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറും.

കൊവിഡ് 19 മഹാമാരിയുടെ ആക്രമണത്തില്‍ തളര്‍ന്നുപോകുമ്പോഴും വാക്‌സിന്‍ വരും എന്ന വിദൂരപ്രതീക്ഷയില്‍ നമ്മള്‍ കഴിച്ചുകൂട്ടിയ ഒരു വര്‍ഷമുണ്ടായിരുന്നു. കാത്തിരിപ്പിനൊടുവില്‍ വാക്‌സിനെത്തി. ഐസിഎംആറിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെ ഭാരത് ബയോട്ടെക് എന്ന കമ്പനി ‘കൊവാക്‌സിന്‍’ എന്ന കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തു. ഈ കമ്പനിയുടെ സ്ഥാപകനായ ഡോ. കൃഷ്ണമൂര്‍ത്തി എല്ല എന്ന ആദരീണയ വ്യക്തിത്വത്തെ കുറിച്ചാണ് പറയുന്നത്.

തമിഴ്‌നാടിന്റെയും ആന്ധാപ്രദേശിന്റെയും അതിര്‍ത്തി പങ്കിടുന്ന തിരുതാനി എന്ന ഗ്രാമം. കര്‍ഷക കുടുംബങ്ങളായിരുന്നു ആ ഗ്രാമത്തിലേറെയും. പഠനം കഴിഞ്ഞാല്‍ കൃഷിയിലേക്ക് തന്നെ ജീവിതം തിരിക്കുന്ന സാധാരണക്കാരുടെ നാട്. ഇവിടെ നിന്നാണ് ഇന്ന് രാജ്യമാകെയും, ഒരുപക്ഷേ രാജ്യത്തിന് പുറത്തും ഏറെ പേര്‍ ആദരിക്കുന്നൊരു വ്യക്തിയുടെ തുടക്കമെന്ന് കേട്ടാല്‍ ആര്‍ക്കും അതൊരു അമ്പരപ്പും ഒപ്പം തന്നെ അഭിമാനവും സമ്മാനിച്ചേക്കാം. 1969ലാണ് ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷകകുടുംബത്തില്‍ കൃഷ്ണമൂര്‍ത്തി എല്ല ജനിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഉന്നതപഠനത്തില്‍ കൃഷിയെ കുറിച്ച് കൂടുതല്‍ ഔപചാരികമായി പഠിക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

പുതിയ രീതിയില്‍ കൃഷിയെ സമീപിക്കാനും പഠനങ്ങള്‍ നടത്താനുമെല്ലാം അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ വീട്ടിലെ സാമ്പത്തികാവസ്ഥ അന്ന് അതിന് അനുവദിച്ചില്ല. അങ്ങനെ താല്‍ക്കാലികമായി കാര്‍ഷികവകുപ്പിന് കീഴില്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലിക്ക് കയറി. അവിടെ നിന്ന് ലഭിച്ച സ്‌കോളര്‍ഷിപ്പാണ് പിന്നീട് കൃഷ്ണമൂര്‍ത്തിയെന്ന യുവാവിന്റെ ജീവിതം മാറ്റിമറിച്ചത്. അമേരിക്കയില്‍ പോയി, മാസ്റ്റര്‍ ബിരുദവും ഗവേഷണ പഠനവും പൂര്‍ത്തിയാക്കാനുള്ള സുവര്‍ണാവസരമായിരുന്നു ആ സ്‌കോളര്‍ഷിപ്പ് നല്‍കിയത്. പഠനത്തിന് ശേഷം തിരികെ നാട്ടിലെത്തിയ കൃഷ്ണമൂര്‍ത്തി അമ്മയുടെ താല്‍പര്യം മാനിച്ച് പിന്നീട് യുഎസിലേക്ക് മടങ്ങിയില്ല.

ജോലി എന്ന നിലയില്‍ ഹൈരാബാദില്‍ ഒരു ചെറിയ ലാബ് തുടങ്ങി. അതായിരുന്നു ഭാരത് ബയോട്ടെകിന്റെ തുടക്കം. ഏതാനും വര്‍ഷങ്ങള്‍ക്കകം തന്നെ ഹെപ്പറ്റൈറ്റിസ് രോഗത്തിനുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് ഭാരത് ബയോട്ടെക് ആദ്യമായി ചര്‍ച്ചകളില്‍ നിറഞ്ഞു. അന്നത്തെ പ്രസിഡന്റ് ഡോ. എപിജെ അബ്ദുല്‍ കലാം ആയിരുന്നു വാക്‌സിന്‍ രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചത്. സാധാരണക്കാര്‍ക്ക് കൂടി താങ്ങാന്‍ കഴിയുന്ന വിലയില്‍ വാക്‌സിന്‍ എത്തിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് ഡോ. കൃഷ്ണമൂര്‍ത്തി എല്ല പറയുന്നു. ശാസ്ത്രത്തിന്റെ ഓരോ പുതിയ ചുവടുവയ്പും വികസനും സാധാരണക്കാരന് കൂടി പ്രയോജനപ്പെടേണ്ടതാണെന്ന് താന്‍ അടിയുറച്ച് വിശ്വസിച്ചുവെന്നും അതിനായി കഴിയാവുന്നത് പോലെ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറയുന്നു.

തുടര്‍ന്ന് മുന്നോട്ടുള്ള ഭാരത് ബയോട്ടെകിന്റെ യാത്ര അതിവേഗമായിരുന്നു. രാജ്യത്തിനകത്ത് മാത്രമല്ല പുറത്തും നിരവധി രാജ്യങ്ങളിലേക്ക് വാക്‌സിനടക്കമുള്ള മരുന്നുകളെത്തിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കമ്പനിയായി ഭാരത് ബയോട്ടെക് മാറി. സിക വൈറസിനെതിരായി ലോകത്ത് ആദ്യമായി വാക്‌സിന്‍ വികസിപ്പിച്ചെടുത്തത് ഭാരത് ബയോട്ടെക് ആയിരുന്നു. ഇതടക്കം നൂറ്റിനാല്‍പതിലധികം പേറ്റന്റുകള്‍ കമ്പനിക്ക് സ്വന്തമായിട്ടുണ്ട്. 120ലധികം രാജ്യങ്ങളിലേക്ക് വിവിധ ഘട്ടങ്ങളില്‍ വാക്‌സിനുകള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.ഇതിനിടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനതയെ സൗജന്യമായി സഹായിക്കാനും കമ്പനി മറന്നില്ല.

യൂനിസെഫ് അടക്കമുള്ള ഏജന്‍സികള്‍ മുഖാന്തരം അത്തരം പ്രവര്‍ത്തനങ്ങളും ഡോ. കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ഭാരത് ബയോട്ടെക് നടത്തി. ആരോഗ്യമേഖലയിലെ സമഗ്രമായ ഈ പ്രവര്‍ത്തനങ്ങള്‍ക്കും വിലയേറിയ സംഭാവനകള്‍ക്കുമായി നൂറിലധികം ദേശിയ- അന്തര്‍ദേശീയ പുരസ്‌കാരങ്ങളാണ് ഡോ. കൃഷ്ണമൂര്‍ത്തിയെ തേടിയെത്തിയത്. ഇപ്പോള്‍ കൊവിഡ് മഹാമാരിയുമായുള്ള പോരാട്ടത്തിനിടെ നാമേവരും പിടിച്ചുനില്‍ക്കുന്നത് വാക്‌സിന്‍ എന്ന ആശ്വാസത്തില്‍ തന്നെയാണ്. രാജ്യത്തിനായി മാത്രമല്ല ലോകജനതയ്ക്ക് തന്നെ താങ്ങായി ‘കൊവാക്‌സിന്‍’ മാറുമ്പോള്‍ ഡോ. കൃഷ്ണമൂര്‍ത്തിയെ ഓര്‍ക്കാതിരിക്കാനാവില്ല.

കൊല്ലം: കോൺഗ്രസ്​ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ആർ.എസ്​.പി നേതാവ്​ ഷിബു​ ബേബി ജോൺ.കേരളത്തിലെ മതേതര ജനാധിപത്യ ചേരിയായ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ നിലനിൽപ്പ് തന്നെ കൺമുമ്പിൽ ചോദ്യചിഹ്നമായി നിൽക്കുകയാണ്.

എന്നാൽ അത് ഉൾക്കൊള്ളാൻ തയ്യാറാകാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തിൽ കൂടുതൽ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണെന്ന്​​ ഷിബു ഫേസ്​ബുക്കിലെഴുതിയ കുറിപ്പിൽ ചോദിക്കുന്നു.മാധ്യമങ്ങളോട് എന്ത് പറയണം, പാർട്ടിവേദിയിൽ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാൻ മാത്രമെ സാധിക്കുകയുള്ളു.നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നതെന്ന​ും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

COVID

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം ഉയര്‍ന്നതോതില്‍ ആയതിനാല്‍ മൂന്നാംതരംഗം ഉറപ്പാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറായ കെ. വിജയരാഘവന്‍ വ്യക്തമാക്കി. പുതിയ കോവിഡ് തരംഗങ്ങള്‍ നേരിടാന്‍ നാം സജ്ജരാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ കോവിഡ് വൈറസ് വകഭേദങ്ങള്‍ക്ക് വാക്സിനുകള്‍ ഫലപ്രദമാണ്. പുതിയ വകഭേദങ്ങള്‍ ലോകമെമ്പാടും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ വേഗത്തില്‍ വ്യാപിക്കുന്ന വകഭേദങ്ങള്‍ കുറയും. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നവയും വ്യാപിച്ചേക്കും- വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് വിദേശരാജ്യങ്ങള്‍ നല്‍കിയ സഹായങ്ങളുടെ വിശദവിവരങ്ങള്‍ കേന്ദ്രം എന്തിനാണ് മറച്ചുവയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തരം വിവരങ്ങളുടെ കാര്യങ്ങളില്‍ സുതാര്യതയില്ലാത്തതെന്താണെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.
എന്തൊക്കെ സഹായങ്ങളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്?
അവയൊക്കെ എവിടെയാണ്?
ആരാണ് അതിന്റെ ഗുണഭോക്താക്കള്‍?
എങ്ങനെയാണ് അവ സംസ്ഥാനങ്ങള്‍ക്ക് വീതംവച്ചു നല്‍കിയത്?
എന്തുകൊണ്ട് സുതാര്യമല്ല?
എന്തെങ്കിലും ഉത്തരമുണ്ടോ കേന്ദ്ര സര്‍ക്കാരിന്? എന്നിങ്ങനെയാണ് രാഹുലിന്റെ ചോദ്യങ്ങള്‍.

സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയെ ഉദ്ധരിച്ച് വാക്‌സീനുമില്ല തൊഴിലുമില്ല. ജനം കോവിഡ് മഹാമാരിയില്‍ കത്തിയമരുകയാണ്. മോദി സര്‍ക്കാര്‍ ശരിക്കും ഒരു പരാജയമാണെന്ന് രാഹുല്‍ കുറിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോഴും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് നിര്‍മാണത്തിന് അതിപ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയും രാഹുല്‍ രംഗത്തുവന്നിരുന്നു.