ഇന്ന് രാജ്യം ഡോ. കൃഷ്ണമൂര്‍ത്തി എല്ല എന്ന മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു; ആദരീണയ വ്യക്തിത്വത്തെ കുറിച്ച് അറിയാം

കൊവിഡ് 19 മഹാമാരിയുടെ ആക്രമണത്തില്‍ തളര്‍ന്നുപോകുമ്പോഴും വാക്‌സിന്‍ വരും എന്ന വിദൂരപ്രതീക്ഷയില്‍ നമ്മള്‍ കഴിച്ചുകൂട്ടിയ ഒരു വര്‍ഷമുണ്ടായിരുന്നു. കാത്തിരിപ്പിനൊടുവില്‍ വാക്‌സിനെത്തി. ഐസിഎംആറിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെ ഭാരത് ബയോട്ടെക് എന്ന കമ്പനി ‘കൊവാക്‌സിന്‍’ എന്ന കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തു. ഈ കമ്പനിയുടെ സ്ഥാപകനായ ഡോ. കൃഷ്ണമൂര്‍ത്തി എല്ല എന്ന ആദരീണയ വ്യക്തിത്വത്തെ കുറിച്ചാണ് പറയുന്നത്.

തമിഴ്‌നാടിന്റെയും ആന്ധാപ്രദേശിന്റെയും അതിര്‍ത്തി പങ്കിടുന്ന തിരുതാനി എന്ന ഗ്രാമം. കര്‍ഷക കുടുംബങ്ങളായിരുന്നു ആ ഗ്രാമത്തിലേറെയും. പഠനം കഴിഞ്ഞാല്‍ കൃഷിയിലേക്ക് തന്നെ ജീവിതം തിരിക്കുന്ന സാധാരണക്കാരുടെ നാട്. ഇവിടെ നിന്നാണ് ഇന്ന് രാജ്യമാകെയും, ഒരുപക്ഷേ രാജ്യത്തിന് പുറത്തും ഏറെ പേര്‍ ആദരിക്കുന്നൊരു വ്യക്തിയുടെ തുടക്കമെന്ന് കേട്ടാല്‍ ആര്‍ക്കും അതൊരു അമ്പരപ്പും ഒപ്പം തന്നെ അഭിമാനവും സമ്മാനിച്ചേക്കാം. 1969ലാണ് ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷകകുടുംബത്തില്‍ കൃഷ്ണമൂര്‍ത്തി എല്ല ജനിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഉന്നതപഠനത്തില്‍ കൃഷിയെ കുറിച്ച് കൂടുതല്‍ ഔപചാരികമായി പഠിക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

പുതിയ രീതിയില്‍ കൃഷിയെ സമീപിക്കാനും പഠനങ്ങള്‍ നടത്താനുമെല്ലാം അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ വീട്ടിലെ സാമ്പത്തികാവസ്ഥ അന്ന് അതിന് അനുവദിച്ചില്ല. അങ്ങനെ താല്‍ക്കാലികമായി കാര്‍ഷികവകുപ്പിന് കീഴില്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലിക്ക് കയറി. അവിടെ നിന്ന് ലഭിച്ച സ്‌കോളര്‍ഷിപ്പാണ് പിന്നീട് കൃഷ്ണമൂര്‍ത്തിയെന്ന യുവാവിന്റെ ജീവിതം മാറ്റിമറിച്ചത്. അമേരിക്കയില്‍ പോയി, മാസ്റ്റര്‍ ബിരുദവും ഗവേഷണ പഠനവും പൂര്‍ത്തിയാക്കാനുള്ള സുവര്‍ണാവസരമായിരുന്നു ആ സ്‌കോളര്‍ഷിപ്പ് നല്‍കിയത്. പഠനത്തിന് ശേഷം തിരികെ നാട്ടിലെത്തിയ കൃഷ്ണമൂര്‍ത്തി അമ്മയുടെ താല്‍പര്യം മാനിച്ച് പിന്നീട് യുഎസിലേക്ക് മടങ്ങിയില്ല.

ജോലി എന്ന നിലയില്‍ ഹൈരാബാദില്‍ ഒരു ചെറിയ ലാബ് തുടങ്ങി. അതായിരുന്നു ഭാരത് ബയോട്ടെകിന്റെ തുടക്കം. ഏതാനും വര്‍ഷങ്ങള്‍ക്കകം തന്നെ ഹെപ്പറ്റൈറ്റിസ് രോഗത്തിനുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് ഭാരത് ബയോട്ടെക് ആദ്യമായി ചര്‍ച്ചകളില്‍ നിറഞ്ഞു. അന്നത്തെ പ്രസിഡന്റ് ഡോ. എപിജെ അബ്ദുല്‍ കലാം ആയിരുന്നു വാക്‌സിന്‍ രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചത്. സാധാരണക്കാര്‍ക്ക് കൂടി താങ്ങാന്‍ കഴിയുന്ന വിലയില്‍ വാക്‌സിന്‍ എത്തിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് ഡോ. കൃഷ്ണമൂര്‍ത്തി എല്ല പറയുന്നു. ശാസ്ത്രത്തിന്റെ ഓരോ പുതിയ ചുവടുവയ്പും വികസനും സാധാരണക്കാരന് കൂടി പ്രയോജനപ്പെടേണ്ടതാണെന്ന് താന്‍ അടിയുറച്ച് വിശ്വസിച്ചുവെന്നും അതിനായി കഴിയാവുന്നത് പോലെ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറയുന്നു.

തുടര്‍ന്ന് മുന്നോട്ടുള്ള ഭാരത് ബയോട്ടെകിന്റെ യാത്ര അതിവേഗമായിരുന്നു. രാജ്യത്തിനകത്ത് മാത്രമല്ല പുറത്തും നിരവധി രാജ്യങ്ങളിലേക്ക് വാക്‌സിനടക്കമുള്ള മരുന്നുകളെത്തിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കമ്പനിയായി ഭാരത് ബയോട്ടെക് മാറി. സിക വൈറസിനെതിരായി ലോകത്ത് ആദ്യമായി വാക്‌സിന്‍ വികസിപ്പിച്ചെടുത്തത് ഭാരത് ബയോട്ടെക് ആയിരുന്നു. ഇതടക്കം നൂറ്റിനാല്‍പതിലധികം പേറ്റന്റുകള്‍ കമ്പനിക്ക് സ്വന്തമായിട്ടുണ്ട്. 120ലധികം രാജ്യങ്ങളിലേക്ക് വിവിധ ഘട്ടങ്ങളില്‍ വാക്‌സിനുകള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.ഇതിനിടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനതയെ സൗജന്യമായി സഹായിക്കാനും കമ്പനി മറന്നില്ല.

യൂനിസെഫ് അടക്കമുള്ള ഏജന്‍സികള്‍ മുഖാന്തരം അത്തരം പ്രവര്‍ത്തനങ്ങളും ഡോ. കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ഭാരത് ബയോട്ടെക് നടത്തി. ആരോഗ്യമേഖലയിലെ സമഗ്രമായ ഈ പ്രവര്‍ത്തനങ്ങള്‍ക്കും വിലയേറിയ സംഭാവനകള്‍ക്കുമായി നൂറിലധികം ദേശിയ- അന്തര്‍ദേശീയ പുരസ്‌കാരങ്ങളാണ് ഡോ. കൃഷ്ണമൂര്‍ത്തിയെ തേടിയെത്തിയത്. ഇപ്പോള്‍ കൊവിഡ് മഹാമാരിയുമായുള്ള പോരാട്ടത്തിനിടെ നാമേവരും പിടിച്ചുനില്‍ക്കുന്നത് വാക്‌സിന്‍ എന്ന ആശ്വാസത്തില്‍ തന്നെയാണ്. രാജ്യത്തിനായി മാത്രമല്ല ലോകജനതയ്ക്ക് തന്നെ താങ്ങായി ‘കൊവാക്‌സിന്‍’ മാറുമ്പോള്‍ ഡോ. കൃഷ്ണമൂര്‍ത്തിയെ ഓര്‍ക്കാതിരിക്കാനാവില്ല.