ന്യൂഡല്‍ഹി: കോടതി നടപടികളെ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി. കോടതികളുടെ പ്രവര്‍ത്തനം ജനങ്ങളുടെ അവകാശവുമായി നേരിട്ട് ബന്ധപ്പെടുന്നതാണ്, അതുകൊണ്ടുതന്നെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സാങ്കേതിക മേഖലയിലെ വളര്‍ച്ച കാരണം കോടതിയില്‍ നടക്കുന്ന നടപടികള്‍ ഇപ്പോള്‍ നവമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വഴി തത്സമയം ജനങ്ങളില്‍ എത്തുന്നുണ്ട്. ഇതില്‍ ആശങ്ക വേണ്ട. മറിച്ച് ആഘോഷിക്കുകയാണ് വേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ പരാമര്‍ശം അന്തിമ വിധിയില്‍ ഇല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജി തള്ളികൊണ്ട് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കോടതി നടത്തുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മാധ്യമ റിപ്പോര്‍ട്ടുകളെ കുറിച്ച് പരാതിപ്പെടുന്നതിനെക്കാള്‍ സ്വന്തം പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന മദ്രാസ് ഹൈക്കോടതി പരാമര്‍ശത്തിന് എതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. .