National (Page 838)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു കെയിലേക്ക് കയറ്റിയയയ്ക്കാന്‍ നീക്കിവെച്ചിരുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ 50 ലക്ഷം ഡോസുകള്‍ ഇന്ത്യയില്‍ തന്നെ ലഭ്യമാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. രാജ്യം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് കയറ്റുമതിയ്ക്കായി നീക്കിവെച്ചിരുന്ന വാക്‌സിന്‍ ഇന്ത്യയില്‍ തന്നെ ഉപയോഗിക്കാനുള്ള തീരുമാനം. കോവിഡ് കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് 3,50,000 ഡോസുകള്‍ വീതവും മറ്റു ചില സംസ്ഥാനങ്ങള്‍ക്ക് 1,00,000 ഡോസുകള്‍ വീതവും രണ്ട് സംസ്ഥാനങ്ങള്‍ക്ക് 50,000 ഡോസുകള്‍ വീതവും അനുവദിച്ചു കഴിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ വാക്‌സിന്‍ ഡോസുകളുടെ ലേബല്‍ കോവിഷീല്‍ഡ് എന്നായിരിക്കില്ല, മറിച്ച് ‘കോവിഡ് 19 ആസ്ട്രാസെനക്ക’ എന്നായിരിക്കും.രാജ്യത്തെമ്പാടും കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് ജനുവരി 16-നാണ് ആരംഭിച്ചത്. ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലാണ് വാക്‌സിനേഷന്‍ ആരംഭിച്ചതെങ്കില്‍ ഫെബ്രുവരി 2 മുതല്‍ കോവിഡ് പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു തൊഴിലാളികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചു.

ബെംഗളൂരു: ബെംഗളൂരുവിലെ കോവിഡ് വാര്‍ റൂമിലെത്തി വര്‍ഗീയപരാമര്‍ശം നടത്തിയിട്ടില്ലെന്നും മാപ്പുപറഞ്ഞിട്ടില്ലെന്നും ബിജെപി എംപി തേജസ്വി സൂര്യ.ബെംഗളൂരു കോര്‍പറേഷന്‍ പരിധിയിലെ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് കിടക്കകള്‍ അനുവദിക്കുന്നതില്‍ അഴിമതി ആരോപിച്ച് തേജസ്വി സൂര്യ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. വാര്‍ റൂമിലെ 212 ജീവനക്കാരില്‍ മൂന്നു ഷിഫ്റ്റിലുള്ള 17 പേരുടെ പേരുകളാണ് തേജസ്വി വായിച്ചത്.

ഇവരെ മദ്രസയിലേക്കാണോ കോര്‍പ്പറേഷനിലേക്കാണോ നിയമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നു തേജസ്വിയുടെ അമ്മാവനും എല്‍എല്‍എയുമായ രവി സുബ്രഹ്മണ്യം ചോദിച്ചു. തൊട്ടുപിന്നാലെ ഈ പട്ടികയിലെ 16 പേരുടെ പേരുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ‘ബിബിഎംപി വാര്‍ റൂമില്‍ ആയിരക്കണക്കിന് ബെംഗളൂരു നിവാസികളെ കൊന്നൊടുക്കുന്നവരുടെ പട്ടിക’ എന്ന പേരിലാണ് ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.എന്നാൽ അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നാണ് എംപി ട്വീറ്റ് ചെയ്തു.
അതേസമയം, തേജസ്വി സൂര്യയെ ഉപദേശിച്ച് കുടുങ്ങിയ ഡോ. ശശി തരൂര്‍ എംപി വിശദീകരണവുമായി രംഗത്തെത്തി.

തേജസ്വിയുടെ നടപടികളെ ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മതഭ്രാന്തിനെ നിസാരമായി കാണാനാകില്ലെന്നും തരൂര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. വിമര്‍ശകരോടു യോജിക്കുന്നുവെന്നും തേജസ്വിയുടെ ഇപ്പോഴത്തെയും മുന്‍കാല നടപടികളെയും അനുകൂലിക്കുന്നില്ലെന്നും തരൂര്‍ വിശദീകരിച്ചു.

സ്വകാര്യ ആശുപത്രികളിലെ കോവിഡ് കിടക്ക, ലക്ഷങ്ങള്‍ വാങ്ങി കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്ന റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ തേജസ്വി സൂര്യയാണു കഴിഞ്ഞദിവസം പുറത്തുവിട്ടത്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക(ബിബിഎംപി) ഓഫിസിലെത്തി ക്ഷോഭിക്കുന്ന വിഡിയോ പുറത്തായതോടെയാണു വിവാദം ആരംഭിച്ചത്. എന്നാല്‍ വര്‍ഗീയ പ്രചാരണം നടത്തിയിട്ടില്ലെന്നും തനിക്കു നല്‍കിയ ലിസ്റ്റിലെ പേരുകള്‍ വായിക്കുക മാത്രമാണു ചെയ്തതെന്നും തേജ്വസി സൂര്യ പറഞ്ഞു.

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഏഴ് വര്‍ഷത്തില്‍ കുറവ് തടവ് ലഭിക്കുന്ന കുറ്റങ്ങള്‍ക്ക് പ്രതികളെ ആവശ്യമെങ്കില്‍് മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളുവെന്ന് സുപ്രിംകോടതി. ജയിലുകള്‍ നിറഞ്ഞ് രോഗവ്യാപന സാദ്ധ്യത ഉണ്ടാകാതിരിക്കാനാണ് സുപ്രീംകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തടവുകാര്‍ക്ക് മതിയായ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തുമെന്നത് ഉറപ്പാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.കഴിഞ്ഞ വര്‍ഷം പരോള്‍ ലഭിച്ച തടവുകാര്‍ക്ക് ഈ വര്‍ഷവും 90 ദിവസങ്ങള്‍ വരെ പരോള്‍ നല്‍കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജയില്‍ ജീവനക്കാര്‍ക്കും ടെസ്റ്റിംഗ് ഇടക്കിടെ നടത്തി കൊവിഡ് രോഗത്തെ ഫലപ്രദമായി തടയണമെന്നും അഭിപ്രായപ്പെട്ടു.
പല ജയിലുകളിലും പരിധിയിലധികം കുറ്റവാളികളെ പാര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നതാധികാര സമിതികളുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം പരോള്‍ അനുവദിച്ചവര്‍ക്ക് ഇക്കൊല്ലവും 90 ദിവസം വരെ പരോള്‍ നല്‍കാനും അറസ്റ്റ് പരമാവധി കുറയ്ക്കാനും കോടതി ഉത്തരവിട്ടത്.

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി ആര്‍ ഡി ഒ) വികസിപ്പിച്ച കൊവിഡ് മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. അനുകൂല ഫലം ലഭിച്ചതിന് പിന്നാലെയാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി ഐ) മരുന്നിന് അനുമതി നല്‍കിയത്.മരുന്ന് സ്വീകരിച്ച ശേഷം വലിയൊരു ശതമാനം കൊവിഡ് രോഗികളും ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായതായി കണ്ടെത്തിയിട്ടുണ്ട്. 110 രോഗികളിലായി രണ്ടാം ഘട്ട പരീക്ഷണവും ആറ് ആശുപത്രികളിലായി ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ മൂന്നാംഘട്ട പരീക്ഷണവും നടത്തിയാണ് മരുന്നിന് അനുമതി നല്‍കിയിരിക്കുന്നത്.ഡ്രഗ് 2-ഡി ഓക്‌സി-ഡി-ഗ്ലൂക്കോസ് (2ഡി ജി) എന്ന മരുന്ന് ഡി ആര്‍ ഡി ഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറിയും സംയുക്തമായാണ് വികസിപ്പിച്ചത്. ചെറിയ പാക്കറ്റില്‍ പൗഡര്‍ രൂപത്തിലുള്ള കൊവിഡ് മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ചാണ് കഴിക്കേണ്ടത്.

hotspot

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ മെയ് പത്ത് മുതല്‍ 14 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം പച്ചക്കറി, പലചരക്ക്, മത്സ്യ- മാംസ കടകള്‍ക്ക് 12 മണി വരെ പ്രവര്‍ത്തിക്കാം, പെട്രോള്‍, ഡീസല്‍ പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവില്പ്പന ശാലകള്‍ 14 ദിവസത്തേക്ക് അടച്ചിടും. റെസ്റ്റോറന്റുകളില്‍ പാഴ്‌സല്‍ സേവനങ്ങള്‍ മാത്രം. സെക്രട്ടേറിയറ്റ്, ആരോഗ്യം, റവന്യൂ, ദുരന്തനിവാരണം, പോലീസ്, അഗ്‌നിരക്ഷാസേന, ജയില്‍, പ്രാദേശിക ഭരണം, വൈദ്യുതി, പിഡബ്ല്യുഡി, സാമൂഹ്യക്ഷേമം, വനം വകുപ്പുകള്‍ പ്രവര്‍ത്തിക്കും. തമിഴ്‌നാട്ടില്‍് ഇന്നലെ 26,465 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊല്‍ക്കത്ത: ബംഗാള്‍ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. സംഘര്‍ഷത്തിനിടെ ചില സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണികള്‍ നേരിടേണ്ടി വന്നുവെന്നും പെണ്‍മക്കളുടെ സുരക്ഷയോര്‍ത്ത് സംസ്ഥാനം വിടാന്‍ ഒരുങ്ങിയിരിക്കുകയാണ് പല മാതാപിതാക്കളുമെന്നും രേഖാ ശര്‍മ്മ പറഞ്ഞു. പശ്ചിം മേദിനിപുരില്‍ ബലാത്സംഗത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ കമ്മിഷന്‍ സന്ദര്‍ശിച്ചു. മഹിള മോര്‍ച്ച ദേശീയ അദ്ധ്യക്ഷ വാനതി ശ്രീനിവാസന്റെ നേതൃത്വത്തില്‍ ബിജെപിയുടെ വനിതാ നേതാക്കള്‍ രാവിലെ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറെ കണ്ട് ചര്‍ച്ച നടത്തും.

covid-19

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ശാസ്ത്രീയമായി തയ്യാറെടുക്കണമെന്നും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍, നഴ്‌സിംഗ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവരെ പരിഗണിക്കണമെന്നും സുപ്രിംകോടതി. ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കോവിഡ് ബാധിക്കുന്ന കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും ആശുപത്രിയില്‍ പോകേണ്ടിവരും. അതുകൊണ്ടാണ് പ്രത്യേക വിഭാഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നത്. ഇന്നേ തയ്യാറെടുത്താല്‍ മൂന്നാം തരംഗം ഫലപ്രദമായി നേരിടാന്‍ നമുക്ക് കഴിഞ്ഞേക്കും.-ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

നീതി ആയോഗ് അംഗം ഡോ.വി.കെ. പോള്‍, എയിംസ് ഡയറക്ടര്‍ രണ്‍ദീപ്ഗുലേറിയ തുടങ്ങിയവര്‍ അംഗങ്ങളായ വിദഗ്ദ്ധ സമിതിയാണ് ഓക്‌സിജന്‍ വിഹിതം തീരുമാനിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ആശുപത്രികളില്‍ ഐ.സി.യു കിടക്കകള്‍ക്ക് മിനിട്ടില്‍ 24 ലിറ്ററും മറ്റു കിടക്കകള്‍ക്ക് മിനിട്ടില്‍ 10ലിറ്ററും കണക്കാക്കിയാണ് ഓക്‌സിജന്‍ വിഹിതം നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കോടതിയില്‍ പറഞ്ഞു.മഹാരാഷ്ട്രയില്‍ മുംബയിലേത് പോലെ ഗുരുതരമല്ല മറ്റു ചില ജില്ലകളിലെ സാഹചര്യം. ആശുപത്രി കിടക്ക ലഭിക്കാത്ത രോഗികളെയും കണക്കാക്കണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
അതേസമയം, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും നാലുലക്ഷം കടന്നു. മരണം നാലായിരത്തോടടുത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 പുതിയ രോഗികള്‍. 3,980 പേര്‍ കൂടി മരിച്ചു.

ന്യൂഡൽഹി: സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമം പരിഹരിച്ചുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മൂന്ന് മാസത്തിനകം ഡൽഹിയിലെ മുഴുവൻ ആളുകൾക്കും കോവിഡ് വാക്സിൻ നൽകുമെന്നും കെജ്രിവാൾ വ്യക്തമാക്കി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രഖ്യാപനം.നിലവിൽ ഡൽഹിയിൽ ഓക്സിൻ ദൗർലഭ്യമില്ല. രോഗികൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കാനായി മതിയായ ഓക്സിജൻ കിടക്കകൾ സജ്ജീകരിക്കേണ്ടതുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. ദിവസേന ഡൽഹിയിലെ രണ്ട്-നാല് വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കാൻ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാർക്കും നിർദേശം നൽകി.

ഉപമുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു.കോവിഡിന്റെ മൂന്നാം തരംഗത്തെ മറികടക്കാൻ അടുത്ത മൂന്ന് മാസത്തിനകം അർഹരായ എല്ലാവർക്കും വാക്സിൻ നൽകാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഡൽഹിയിലെ മുഴുവൻ മാധ്യമപ്രവർത്തകർക്കും സൗജന്യമായി വാക്സിൻ നൽകാൻ മാധ്യമസ്ഥാപനങ്ങളിൽ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ ഒരുക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.

മെഡിക്കൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കൂടുതൽ ഓക്സിജൻ വിഹിതം ലഭിക്കാൻ കേന്ദ്രവുമായി ഡൽഹി സർക്കാർ ഒരാഴ്ചയിലേറെയായി നിയമപോരാട്ടത്തിലായിരുന്നു. ഡൽഹിക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാൻ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 19,832 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. 341 പേർ കോവിഡ് ബാധിച്ച് മരിച്ചു. 24.92 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 91,000ത്തിലേറേ പേർ നിലവിൽ ചികിത്സയിലുണ്ട്.

covid

ന്യൂഡല്‍ഹി: ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്ന പക്ഷം കോവിഡിന്റെ മൂന്നാംതരംഗത്തെ തടയാനാകുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ കെ. വിജയരാഘവന്‍. രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം തീര്‍ച്ചയായും സംഭവിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, ഛത്തീസ്ഗഢ്, പശ്ചിമ ബെംഗാള്‍, ഹരിയാണ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കേസ് ലോഡ് വളരെ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ആരതി അഹൂജ പറഞ്ഞു.

ഡല്‍ഹിയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ രാജ്യത്ത് ഒരിടത്തും കോവിഡ് മൂന്നാംതരംഗം സംഭവിക്കാതിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാദേശികതലം, ജില്ലകള്‍, സംസ്ഥാനങ്ങള്‍ തുടങ്ങി എല്ലായിടത്തും എത്രത്തോളം ഫലപ്രദമായി പ്രതിരോധം നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരു: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ 14 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍. മേയ് 10 രാവിലെ ആറു മണി മുതല്‍ 24 വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഫ്യൂ പൂര്‍ണവിജയം നേരിടാന്‍ സാധിക്കാതെ പോയതോടെയാണ് ലോക്ഡൗണിലേക്ക് കടക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ് അറിയിച്ചു.
സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ ഹോട്ടലുകളും പബ്ബുകളും ബാറുകളും അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍് ഭക്ഷണശാലകള്‍, പച്ചക്കറിക്കടകള്‍ എന്നിവയ്ക്ക് രാവിലെ ആറു മുതല്‍് 10 വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
ലോക്ഡൗണ്‍് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍്‌ദേശം നല്കി.വ്യാഴാഴ്ച സംസ്ഥാനത്ത് 49,058 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സജീവ കേസുകളുടെ എണ്ണം 5,17,075 ആയി ഉയര്‍ന്നു. ബെംഗളൂരു നഗരത്തില്‍ മാത്രം 23,706 കോവിഡ് കേസുകളും 139 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.