കോവിഡ് മൂന്നാംതരംഗം : ശാസ്ത്രീയമായി തയ്യാറെടുക്കണമെന്ന് സുപ്രിംകോടതി

covid-19

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ശാസ്ത്രീയമായി തയ്യാറെടുക്കണമെന്നും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍, നഴ്‌സിംഗ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവരെ പരിഗണിക്കണമെന്നും സുപ്രിംകോടതി. ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കോവിഡ് ബാധിക്കുന്ന കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും ആശുപത്രിയില്‍ പോകേണ്ടിവരും. അതുകൊണ്ടാണ് പ്രത്യേക വിഭാഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നത്. ഇന്നേ തയ്യാറെടുത്താല്‍ മൂന്നാം തരംഗം ഫലപ്രദമായി നേരിടാന്‍ നമുക്ക് കഴിഞ്ഞേക്കും.-ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

നീതി ആയോഗ് അംഗം ഡോ.വി.കെ. പോള്‍, എയിംസ് ഡയറക്ടര്‍ രണ്‍ദീപ്ഗുലേറിയ തുടങ്ങിയവര്‍ അംഗങ്ങളായ വിദഗ്ദ്ധ സമിതിയാണ് ഓക്‌സിജന്‍ വിഹിതം തീരുമാനിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ആശുപത്രികളില്‍ ഐ.സി.യു കിടക്കകള്‍ക്ക് മിനിട്ടില്‍ 24 ലിറ്ററും മറ്റു കിടക്കകള്‍ക്ക് മിനിട്ടില്‍ 10ലിറ്ററും കണക്കാക്കിയാണ് ഓക്‌സിജന്‍ വിഹിതം നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കോടതിയില്‍ പറഞ്ഞു.മഹാരാഷ്ട്രയില്‍ മുംബയിലേത് പോലെ ഗുരുതരമല്ല മറ്റു ചില ജില്ലകളിലെ സാഹചര്യം. ആശുപത്രി കിടക്ക ലഭിക്കാത്ത രോഗികളെയും കണക്കാക്കണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
അതേസമയം, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും നാലുലക്ഷം കടന്നു. മരണം നാലായിരത്തോടടുത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 പുതിയ രോഗികള്‍. 3,980 പേര്‍ കൂടി മരിച്ചു.