കോവിഡ് രണ്ടാംതരംഗം : കുറ്റവാളികളെ ആവശ്യമെങ്കില്‍ മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളുവെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഏഴ് വര്‍ഷത്തില്‍ കുറവ് തടവ് ലഭിക്കുന്ന കുറ്റങ്ങള്‍ക്ക് പ്രതികളെ ആവശ്യമെങ്കില്‍് മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളുവെന്ന് സുപ്രിംകോടതി. ജയിലുകള്‍ നിറഞ്ഞ് രോഗവ്യാപന സാദ്ധ്യത ഉണ്ടാകാതിരിക്കാനാണ് സുപ്രീംകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തടവുകാര്‍ക്ക് മതിയായ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തുമെന്നത് ഉറപ്പാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.കഴിഞ്ഞ വര്‍ഷം പരോള്‍ ലഭിച്ച തടവുകാര്‍ക്ക് ഈ വര്‍ഷവും 90 ദിവസങ്ങള്‍ വരെ പരോള്‍ നല്‍കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജയില്‍ ജീവനക്കാര്‍ക്കും ടെസ്റ്റിംഗ് ഇടക്കിടെ നടത്തി കൊവിഡ് രോഗത്തെ ഫലപ്രദമായി തടയണമെന്നും അഭിപ്രായപ്പെട്ടു.
പല ജയിലുകളിലും പരിധിയിലധികം കുറ്റവാളികളെ പാര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നതാധികാര സമിതികളുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം പരോള്‍ അനുവദിച്ചവര്‍ക്ക് ഇക്കൊല്ലവും 90 ദിവസം വരെ പരോള്‍ നല്‍കാനും അറസ്റ്റ് പരമാവധി കുറയ്ക്കാനും കോടതി ഉത്തരവിട്ടത്.