വര്‍ഗീയപരാമര്‍ശം നടത്തിയിട്ടില്ലെന്നും മാപ്പുപറഞ്ഞിട്ടില്ലെന്നും തേജസ്വി സൂര്യ

ബെംഗളൂരു: ബെംഗളൂരുവിലെ കോവിഡ് വാര്‍ റൂമിലെത്തി വര്‍ഗീയപരാമര്‍ശം നടത്തിയിട്ടില്ലെന്നും മാപ്പുപറഞ്ഞിട്ടില്ലെന്നും ബിജെപി എംപി തേജസ്വി സൂര്യ.ബെംഗളൂരു കോര്‍പറേഷന്‍ പരിധിയിലെ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് കിടക്കകള്‍ അനുവദിക്കുന്നതില്‍ അഴിമതി ആരോപിച്ച് തേജസ്വി സൂര്യ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. വാര്‍ റൂമിലെ 212 ജീവനക്കാരില്‍ മൂന്നു ഷിഫ്റ്റിലുള്ള 17 പേരുടെ പേരുകളാണ് തേജസ്വി വായിച്ചത്.

ഇവരെ മദ്രസയിലേക്കാണോ കോര്‍പ്പറേഷനിലേക്കാണോ നിയമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നു തേജസ്വിയുടെ അമ്മാവനും എല്‍എല്‍എയുമായ രവി സുബ്രഹ്മണ്യം ചോദിച്ചു. തൊട്ടുപിന്നാലെ ഈ പട്ടികയിലെ 16 പേരുടെ പേരുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ‘ബിബിഎംപി വാര്‍ റൂമില്‍ ആയിരക്കണക്കിന് ബെംഗളൂരു നിവാസികളെ കൊന്നൊടുക്കുന്നവരുടെ പട്ടിക’ എന്ന പേരിലാണ് ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.എന്നാൽ അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നാണ് എംപി ട്വീറ്റ് ചെയ്തു.
അതേസമയം, തേജസ്വി സൂര്യയെ ഉപദേശിച്ച് കുടുങ്ങിയ ഡോ. ശശി തരൂര്‍ എംപി വിശദീകരണവുമായി രംഗത്തെത്തി.

തേജസ്വിയുടെ നടപടികളെ ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മതഭ്രാന്തിനെ നിസാരമായി കാണാനാകില്ലെന്നും തരൂര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. വിമര്‍ശകരോടു യോജിക്കുന്നുവെന്നും തേജസ്വിയുടെ ഇപ്പോഴത്തെയും മുന്‍കാല നടപടികളെയും അനുകൂലിക്കുന്നില്ലെന്നും തരൂര്‍ വിശദീകരിച്ചു.

സ്വകാര്യ ആശുപത്രികളിലെ കോവിഡ് കിടക്ക, ലക്ഷങ്ങള്‍ വാങ്ങി കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്ന റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ തേജസ്വി സൂര്യയാണു കഴിഞ്ഞദിവസം പുറത്തുവിട്ടത്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക(ബിബിഎംപി) ഓഫിസിലെത്തി ക്ഷോഭിക്കുന്ന വിഡിയോ പുറത്തായതോടെയാണു വിവാദം ആരംഭിച്ചത്. എന്നാല്‍ വര്‍ഗീയ പ്രചാരണം നടത്തിയിട്ടില്ലെന്നും തനിക്കു നല്‍കിയ ലിസ്റ്റിലെ പേരുകള്‍ വായിക്കുക മാത്രമാണു ചെയ്തതെന്നും തേജ്വസി സൂര്യ പറഞ്ഞു.