National (Page 826)

pinarayi

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിൽ പ്രതികരണവുമായി സമസ്ത. ആരുടെയെങ്കിലും സമ്മർദത്തിന് അദ്ദേഹം വഴിപ്പെടും എന്ന് കരുതുന്നില്ലെന്നും സമസ്ത മുഖപത്രം പറയുന്നു.മന്ത്രി സഭയിലെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സർക്കാരിന്റെ നിറം കെടുത്തി. മുഖ്യമന്ത്രിയിൽ നിന്നും തികഞ്ഞ സാമൂഹിക നീതിയാണ് പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രിക്ക് മുസ്ലീം സമുദായത്തിലെ അംഗത്തില്‍ വിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് വകുപ്പ് തിരിച്ചെടുത്തതെന്ന് ഇ.കെ വിഭാഗം യുവജന സംഘടനയായ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പ്രതികരിച്ചു.ന്യൂനപക്ഷ ക്ഷേമ വകുപ്പ് കെെകാര്യം ചെയ്യുന്നതിൽ നേരത്തെ വി. അബ്ദുറഹ്മാനാണ് സാദ്ധ്യത കൽപ്പിച്ചിരുന്നത്.

ഇത്തരത്തിലുളള വാർത്തയായിരുന്നു പുറത്തുവന്നിരുന്നതും. ഇതിനെതിരെ ക്രെെസ്തവ സഭകൾ രം​ഗത്തെത്തുകയും മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇത്തരം സമ്മർദ്ധത്തിന് വഴങ്ങിയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതെന്ന വിമർശനം ഇപ്പോൾ ഉയരുന്നുണ്ടെന്നും മുഖപത്രം പറയുന്നു. വകുപ്പ് തിരിച്ചെടുത്ത് മുഖ്യമന്ത്രി മുസ്ലീം സമുദായത്തെ അപമാനിച്ചെന്ന് നേരത്തെ മുസ്ലീം ലീ​ഗ് പ്രതികരിച്ചിരുന്നു.

ന്യൂഡല്‍ഹി: ടൗട്ടേയ്ക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റ് കിഴക്കന്‍ തീരത്തോട് അടുക്കുന്നു. മെയ് 26-ന് യാസ് ചുഴലിക്കാറ്റ് കരതൊട്ടേക്കാമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഒഡീഷയ്ക്കും പശ്ചിമ ബംഗാളിനും കേന്ദ്രം മുന്നറിയിപ്പ് നല്കി. ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രാവിലെ 08.30- ഓടുകൂടി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. അടുത്ത 24 മണിക്കൂറില് വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായും മാറാനാണ് സാധ്യത. മെയ് 26 ന് വൈകുന്നേരത്തോടെ പശ്ചിമ ബംഗാളിനും ഒഡിഷയുടെ വടക്കന് തീരത്തിനുമിടയില്‍ കരയില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഒഡീഷയിലെ 30 ജില്ലകളിലെ 14 എണ്ണത്തിലും അതീവജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലൂടെ അടുത്ത ആഴ്ചയില്‍ കടന്നുപോകുന്ന 22 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും കിഴക്കന്‍ തീരത്തെ ജില്ലകളിലും വ്യാപകമായ മഴയുണ്ടാകാം, ഇത് ചില ഉള്‍നാടന്‍ മേഖലകളില്‍ വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ട്.

ന്യുഡല്‍ഹി: കോവിഡ് അനാഥമാക്കിയ കുട്ടികളുടെയും സ്ത്രീകളും മുതിര്‍ന്ന പൗരന്മാര്‍, പട്ടികജാതി, പട്ടിക വര്‍ഗമടക്കമുള്ള മറ്റ് ദുര്‍ബല വിഭാഗങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. അനാഥരാക്കപ്പെടുന്നവര്‍ മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഇറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

ഇന്നത്തെ സാഹചര്യത്തില്‍, കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട് കുട്ടികള്‍ അനാഥരാകാനുള്ള സാധ്യതയുണ്ട്. ഇവരെ സംരക്ഷിക്കാന്‍ ഉചിതമായ സംവിധാനങ്ങള്‍ പഞ്ചായത്ത്/മറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ വേണം. -മന്ത്രാലയം ഉത്തരവില്‍ പറയുന്നു.

അനാഥരാക്കപ്പെടുന്ന കുട്ടികളുടെ ഭാവിയെ കുറിച്ച് പല ബാലവകാശ സംഘടനകളും ആശങ്ക ഉയര്‍ത്തിയതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍. ഇത്തരം കുട്ടികളെ ദത്തെടുക്കുന്നതില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നതോടെ സുരക്ഷ സംബന്ധിച്ച ആശങ്ക പ്രകടിപ്പിച്ച് ഡല്‍ഹി അടക്കം പല ഹൈക്കോടതികളിലും ഹര്‍ജികളും എത്തിയിരുന്നു. നിയമവിരുദ്ധമായി ദത്തെടുക്കപ്പെടുന്ന കുട്ടികള്‍ മനുഷ്യക്കടത്തിനും മറ്റ് ദുരുപയോഗങ്ങള്‍ക്കും ഇരയാക്കപ്പെടുമെന്ന ആശങ്കയാണ് ഉയരുന്നത്.

കൊവിഡ് ചികിത്സയിൽ സ്റ്റിറോയ്ഡ് മരുന്നുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ബ്ലാക്ക് ഫംഗസിന്റെ പ്രധാന കാരണമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയ പറഞ്ഞു. മുഖം, മൂക്ക്, കണ്ണ്, തലച്ചോർ എന്നിവയെ ബാധിക്കുന്ന ബ്ലാക്ക് ഫംഗസ് കാഴ്ച നഷ്ടപ്പെടാനും മരണത്തിലേക്കും നയിക്കാനുള്ള സാധ്യതയും ഏറെയാണെന്ന് ഡോ. ഗുലേരിയ മുന്നറിയിപ്പ് നൽകി. കൊവിഡ് പോസിറ്റീവായവരിലും ഭേദമായവരിലും കണ്ടുവരുന്ന അപകടകരമായ അണുബാധയാണ് ‘മ്യൂക്കോമൈക്കോസിസ്’ അഥവാ ‘ബ്ലാക്ക് ഫംഗസ്’. ബ്ലാക്ക് ഫംഗസ് ബാധ തടയൽ, ചികിത്സ, ലക്ഷണങ്ങൾ എന്നിവ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക നിർദേശങ്ങളും വന്നുകഴിഞ്ഞു.

2002 ൽ സാർസ് പൊട്ടിപ്പുറപ്പെട്ട സമയത്തും മ്യൂക്കോമൈക്കോസിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അനിയന്ത്രിതമായ പ്രമേഹം മ്യൂക്കോമൈക്കോസിസിന്റെ വളർച്ചയ്ക്ക് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, സ്റ്റിറോയിഡ് ഉപയോ​ഗിക്കുന്നവർ പതിവായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക, സ്റ്റിറോയിഡുകളുടെ അമിത ഉപയോഗം നിയന്ത്രിക്കുക എന്നിവയാണ് ബ്ലാക്ക് ഫം​ഗസ് തടയുന്നതിന് പ്രധാനമായി ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളെന്ന് വാർത്താ ഏജൻസി എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗുലേറിയ പറഞ്ഞു.

ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്റെ ഉത്പാദനം രാജ്യത്ത് പുറത്തും നടത്താനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്റെയും മരുന്നുകളുടെയും ഉത്പാദനം വര്‍ധിപ്പിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെപ്പറ്റി മെയ് 18 ന് ചേര്‍ന്ന മന്ത്രിതല സമിതി യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. വിവിധ ലൈസന്‍സുകള്‍ അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. ഇതേത്തുടര്‍ന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാതാക്കളായ ആസ്ട്രസെനകയുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയത്തെ സമിതി ചുമതലപ്പെടുത്തിയിരുന്നു.

മറ്റ് നിര്‍മാതാക്കള്‍ക്ക് സാങ്കേതികവിദ്യയും ലൈസന്‍സും കൈമാറി അവരെക്കൊണ്ട് രാജ്യത്തുതന്നെ വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള സാധ്യതയും ആരായുന്നുണ്ട്. മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയവരുമായി ഇക്കാര്യത്തില്‍ ആശയവിനമയം നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം.ഇന്ത്യയ്ക്ക് കൂടുതല്‍ വോളണ്ടറി ലൈസന്‍സുകള്‍ അനുവദിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാനായിരുന്നു ഇത്. വാക്‌സിന്‍ ഉത്പാദനം അടിയന്തരമായി വര്‍ധിപ്പിക്കാനാണ് നീക്കം.

രാജ്യത്തിന് പുറത്ത് കോവാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിന് അനുയോജ്യമായ കേന്ദ്രങ്ങളടക്കം കണ്ടെത്താനുള്ള നീക്കം തുടങ്ങിയതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കരാറുകള്‍ വിദേശകാര്യ മന്ത്രാലയവും നീതി ആയോഗും നിയമ മന്ത്രാലയ സെക്രട്ടറിയും ചേര്‍ന്ന് തയ്യാറാക്കും. വാക്‌സിന്‍ ക്ഷാമം സംബന്ധിച്ച പരാതികള്‍ പല സംസ്ഥാനങ്ങളും കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

കോവാക്‌സിന്റെ നിര്‍മാണത്തിന് ബയോസേഫ്റ്റി ലബോറട്ടറി – 3 സംവിധാനം വേണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഈ സൗകര്യം എല്ലായിടത്തും ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരം സംവിധാനമുള്ള നിര്‍മാതാക്കളെ കണ്ടെത്താന്‍ ഡ്രഗ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ അധികൃതര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരെ കണ്ടെത്തിയാല്‍ ആ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിര്‍മാണകേന്ദ്രം സ്ഥാപിക്കാനും അങ്ങനെ വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയും എന്നാണ് വിവരമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെടാനും നീക്കമുണ്ട്. വിദേശകാര്യ വകുപ്പും ബയോടെക്‌നോളജി വകുപ്പും ചേര്‍ന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത വര്‍ധിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി.ഫൈസര്‍ അടക്കമുള്ളവയുമായി ചര്‍ച്ചകള്‍ നടത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന് പുറമെ മറ്റുമന്ത്രാലയങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ന്യൂഡല്‍ഹി: മനുഷ്യ ശരീരത്തില്‍ കോവിഡ് ആന്റീബോഡിയുടെ സാന്നിധ്യം എളുപ്പത്തിൽ കണ്ടെത്താനുള്ള കിറ്റ് ‘DIPCOVAN’ വികസിപ്പിച്ച് ഡിആര്‍ഡിഒ. ഡിആര്‍ഡിഒയുടെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആന്‍ഡ് അലൈഡ് സയന്‍സസ് ലബോറട്ടറിയാണ് കിറ്റ് വികസിപ്പിച്ചത്.

ഡിആര്‍ഡിയോയിലെയും ഡല്‍ഹി ആസ്ഥാനമായ വാന്‍ഗാര്‍ഡ് ഡയഗ്നോസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡിലെയും വിദഗ്ധരാണ് കിറ്റ് വികസിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 75 മിനിട്ടുകൊണ്ട് പരിശോധന നടത്താം എന്നതാണ് പ്രത്യേകത. 18 മാസമാണ് ഒരു കിറ്റിന്റെ കാലാവധി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) 2021 ഏപ്രിലില്‍ കിറ്റിന് അംഗീകാരം നല്‍കിയിരുന്നു.

ഒരാള്‍ക്ക് മുന്‍പ് എപ്പോഴെങ്കിലും കോവിഡ് ബാധിച്ചിട്ടുണ്ടോ എന്നതടക്കം മനസിലാക്കുന്നതില്‍ കിറ്റ് ഉപയോഗപ്രദമാകുമെന്ന് ഡിആര്‍ഡിഒ പറഞ്ഞു. ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.

ന്യൂഡല്‍ഹി: ആര്‍.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ നടത്തിവന്ന രക്തദാന ക്യാമ്പ് അലങ്കോലപ്പെടുത്തി കര്‍ഷക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍. കീര്‍ത്തി കിസാന്‍ മോര്‍ച്ച, സംയുക്ത കിസാന്‍ മോര്‍ച്ച എന്നീ കര്‍ഷക സംഘടനകളാണ് പഞ്ചാബിലെ റോപാര്‍ ജില്ലയിലെ ക്യാമ്പിലെത്തി നാശം വിതച്ചത്.’

ക്യാമ്പ് അലങ്കോലപ്പെടുത്താന്‍ കര്‍ഷകര്‍ എത്തുമെന്നറിഞ്ഞ് വന്‍ പൊലീസ് സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നത്. എന്നാല്‍ ഇവരെ കാഴ്ചക്കാരാക്കി മുന്നൂറോളം വരുന്ന കര്‍ഷകര്‍ രക്തദാന ക്യാമ്പിന്റെ വേദിയിലെത്തി പരിപാടി തടസപ്പെടുത്തുകയായിരുന്നു. വിവാദമായ കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കാതെ ബിജെപിയെയും ആര്‍.എസ്.എസിനെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു

ക്യാമ്പ് ആരംഭിച്ചതോടെ കര്‍ഷകര്‍ ബാരിക്കേഡുകള്‍ ചാടിക്കടന്ന് അകത്ത് കയറി സ്ഥലത്ത് വലിയ നാശനഷ്ടമുണ്ടാക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ചെയ്യുകയാണ്. റിപബ്‌ളിക് ദിനത്തിലെ സംഭവങ്ങള്‍ക്ക് ശേഷം സമരരീതിയില്‍ കര്‍ഷകര്‍ മാറ്റം വരുത്തിയിരുന്നു.

രാജ്യത്തെ ആഭ്യന്തരവും അന്താരാഷ്ട്രവുമായ വാര്‍ത്തകളെ ഇന്ത്യന്‍ കാഴ്ചപ്പാടില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചാനല്‍ തുടങ്ങുന്നതിനായി പദ്ധതിയിടുന്നു. ഡിഡി ഇന്‍റര്‍നാഷണല്‍ എന്ന ചാനല്‍ സ്വകാര്യ പൊതു പങ്കാളിത്തത്തോടെയായിരിക്കും അവതരിപ്പിക്കുക. ബിബിസി പോലെ ഒരു ആഗോള ചാനല്‍ എന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍പോട്ട് വയ്ക്കുന്നതെന്ന് പ്രസാര്‍ ഭാരതി വൃത്തങ്ങള്‍ അറിയിച്ചു. ഇതിലൂടെ വിദേശങ്ങളിലെ ഇന്ത്യന്‍ ജനസമൂഹത്തേയും ആഗോള ജനതയേയും ഒരു പോലെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.

rbi

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ കൈവശം മിച്ചമുള്ള 99,122 കോടി രൂപ സര്‍ക്കാരിന് കൈമാറാന്‍ വെള്ളിയാഴ്ച നടന്ന ആര്‍.ബി.ഐയുടെ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഒമ്പതുമാസത്തെ അക്കൗണ്ടിംഗ് കാലയളവിലെ അധികമുള്ള തുകയാണിത്. കൂടാതെ, ആര്‍.ബി.ഐയുടെ അക്കൗണ്ടിംഗ് വര്‍ഷം ഏപ്രില്‍-മാര്‍ച്ച് കാലയളവിലേയ്ക്ക് മാറ്റാന്‍ യോഗം തീരുമാനിച്ചതായും റിസര്‍വ് ബാങ്ക് അറിയിച്ചു.
യോഗത്തില്‍ നിലവിലെ സാമ്പത്തിക സ്ഥിതി, ആഗോള-ആഭ്യന്തര വെല്ലുവിളികള്‍, കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍.ബി.ഐ സ്വീകരിച്ച സമീപകാല നടപടികള്‍ എന്നിവ അവലോകനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസിനുപുറമെ ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍, സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍മാര്‍, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

കൊല്‍ക്കത്ത: നാരദാ കൈക്കൂലി കേസില്‍ പ്രതികളായ രണ്ട് ക്യാബിനറ്റ് മന്ത്രിമാര്‍ക്കും രണ്ട് മുന്‍ മന്ത്രിമാര്‍ക്കും വീട്ടുതടങ്കല്‍ ശിക്ഷ. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രതാ മുഖര്‍ജി, മുന്‍ മന്ത്രിമാരായ മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് വീട്ടുതടങ്കലിലാക്കാന്‍ ഉത്തരവിട്ടത്. തിങ്കളാഴ്ചയാണ് ഇവര്‍ നാലുപേരെയും സിബിഐ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, ഇവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ധര്‍ണയിരുന്നിട്ടും ഇവരെ വിട്ടയച്ചില്ല. 2014 ല്‍ വ്യവസായികളായി വേഷംമാറി എത്തിയ നാരദ ന്യൂസ് പോര്‍ടല്‍ സംഘത്തില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസിലായിരുന്നു നാലുപേരെയും സിബിഐ അറസ്റ്റ് ചെയ്തത്.
സംഭവത്തെ തുടര്‍ന്ന് പ്രത്യേക കോടതി തൃണമൂല്‍ നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം കൊല്‍ക്കത്ത ഹൈക്കോടതി ജാമ്യ ഉത്തരവ് റദ്ദാക്കി. തുടര്‍ന്ന് നാല് നേതാക്കളെയും കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലേക്ക് മാറ്റി.