ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്റെ ഉത്പാദനം രാജ്യത്ത് പുറത്തും നടത്താനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്റെയും മരുന്നുകളുടെയും ഉത്പാദനം വര്‍ധിപ്പിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെപ്പറ്റി മെയ് 18 ന് ചേര്‍ന്ന മന്ത്രിതല സമിതി യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. വിവിധ ലൈസന്‍സുകള്‍ അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. ഇതേത്തുടര്‍ന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാതാക്കളായ ആസ്ട്രസെനകയുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയത്തെ സമിതി ചുമതലപ്പെടുത്തിയിരുന്നു.
മറ്റ് നിര്‍മാതാക്കള്‍ക്ക് സാങ്കേതികവിദ്യയും ലൈസന്‍സും കൈമാറി അവരെക്കൊണ്ട് രാജ്യത്തുതന്നെ വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള സാധ്യതയും ആരായുന്നുണ്ട്. മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയവരുമായി ഇക്കാര്യത്തില്‍ ആശയവിനമയം നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം.ഇന്ത്യയ്ക്ക് കൂടുതല്‍ വോളണ്ടറി ലൈസന്‍സുകള്‍ അനുവദിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാനായിരുന്നു ഇത്. വാക്‌സിന്‍ ഉത്പാദനം അടിയന്തരമായി വര്‍ധിപ്പിക്കാനാണ് നീക്കം.
രാജ്യത്തിന് പുറത്ത് കോവാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിന് അനുയോജ്യമായ കേന്ദ്രങ്ങളടക്കം കണ്ടെത്താനുള്ള നീക്കം തുടങ്ങിയതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കരാറുകള്‍ വിദേശകാര്യ മന്ത്രാലയവും നീതി ആയോഗും നിയമ മന്ത്രാലയ സെക്രട്ടറിയും ചേര്‍ന്ന് തയ്യാറാക്കും. വാക്‌സിന്‍ ക്ഷാമം സംബന്ധിച്ച പരാതികള്‍ പല സംസ്ഥാനങ്ങളും കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
കോവാക്‌സിന്റെ നിര്‍മാണത്തിന് ബയോസേഫ്റ്റി ലബോറട്ടറി – 3 സംവിധാനം വേണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഈ സൗകര്യം എല്ലായിടത്തും ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരം സംവിധാനമുള്ള നിര്‍മാതാക്കളെ കണ്ടെത്താന്‍ ഡ്രഗ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ അധികൃതര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരെ കണ്ടെത്തിയാല്‍ ആ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിര്‍മാണകേന്ദ്രം സ്ഥാപിക്കാനും അങ്ങനെ വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയും എന്നാണ് വിവരമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെടാനും നീക്കമുണ്ട്. വിദേശകാര്യ വകുപ്പും ബയോടെക്‌നോളജി വകുപ്പും ചേര്‍ന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത വര്‍ധിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി.ഫൈസര്‍ അടക്കമുള്ളവയുമായി ചര്‍ച്ചകള്‍ നടത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന് പുറമെ മറ്റുമന്ത്രാലയങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

