National (Page 825)

സിബിഎസ്ഇ ബോർഡ് 2021 പരീക്ഷകള്‍ റദ്ദാക്കില്ല. കോവിഡ് പ്രോട്ടോക്കോളുകൾക്കിടയിൽ കഴിഞ്ഞ വർഷം പോലെ ജൂലൈയിലും പരീക്ഷ നടക്കുമെന്ന് കേന്ദ്ര പ്രതിനിധികളും സംസ്ഥാനങ്ങളും തമ്മിലുള്ള ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ഫോർമാറ്റിനെക്കുറിച്ചും സിബിഎസ്ഇ ക്ലാസ് 12 ബോർഡ് പരീക്ഷാ തീയതികളെക്കുറിച്ചും ജൂൺ ഒന്നിന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ പങ്കുവെച്ചേക്കും.

19 പ്രധാന വിഷയങ്ങളിൽ സിബിഎസ്ഇ ബോർഡ് പരീക്ഷ നടത്താനുള്ള മാര്‍ഗ്ഗം ചർച്ച ചെയ്യുകയും പല സംസ്ഥാനങ്ങളിൽ നിന്നും പിന്തുണ ലഭിക്കുകയും ചെയ്തു. മറ്റ് വിഷയങ്ങൾ‌ക്കായി, വിദഗ്ദ്ധ വിലയിരുത്തലുകൾ‌ പോലുള്ള മൂല്യനിർണ്ണയത്തിനായി മറ്റൊരു മാർ‌ഗ്ഗം കണ്ടെത്തും. സ്കൂളുകളിലെ പ്രധാന വിഷയങ്ങൾക്കായി 90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷകൾ നടത്തുക എന്ന ആശയവും മുന്നിലുണ്ട്.

ഓപ്ഷനുകളെക്കുറിച്ച് അവരുടെ അഭിപ്രായങ്ങൾ വരും ആഴ്ചയിൽ നൽകാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ പ്രസ്താവന ഉടൻ പുറപ്പെടുവിക്കും. സിബിഎസ്ഇ ബോർഡ് ക്ലാസ് 12 ലെ പരീക്ഷ 2021 നടത്തുന്നത് സംബന്ധിച്ച് ഒരു മാസത്തിലേറെ അനിശ്ചിതത്വത്തിന് ശേഷമാണ് തീരുമാനം വന്നിരിക്കുന്നത്.

രണ്ടാം തരംഗത്തിൽ കോവിഡ് -19 കേസുകൾ വർദ്ധിച്ചതിനാൽ, പ്രത്യേകിച്ച് ചെറുപ്പക്കാരും കുട്ടികളും പോലും, ക്ലാസ് 12 ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പതിവായി സമൂഹമാധ്യമങ്ങളില്‍ ആവശ്യം ഉന്നയിച്ചിരുന്നു.

ന്യൂഡൽഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ വർധിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുവെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ.മിക്ക ബ്ലാക്ക് ഫംഗസ് കേസുകളും ചികിത്സയിലൂടെ മാറാറുണ്ട്. എന്നാൽ രോഗം ഗുരുതരമാകുന്ന ചില കേസുകളിൽ രോഗം ബാധിച്ച ശരീരഭാഗങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതായി വരാറുണ്ട്. കണ്ണ്, കവിളെല്ല് എന്നിങ്ങനെ നീക്കം ചെയ്യേണ്ടി വരുന്ന കേസുകൾ രാജ്യത്ത് കൂടി വരികയാണ്.കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് 7000 പേരുടെ ജീവൻ കവർന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്ത് ഇതുവരെ 8848 ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വാർത്താ ഏജൻസിയായാ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തത്. മ്യൂക്കോറെലിസ് എന്ന വകഭേദത്തിലുള്ള ഒരു പൂപ്പൽ മൂലമുണ്ടാകുന്ന അപൂർവവും പൂർണവുമായ ഫംഗസ് അണുബാധയാണ് മ്യൂക്കോർമൈക്കോസിസ്(ബ്ലാക്ക് ഫംഗസ് മ്യൂക്കോമിസൈറ്റുകൾ എന്ന പൂപ്പലുകൾ അന്തരീക്ഷത്തിൽനിന്ന് മൂക്കിലൂടെ സൈനസുകൾ വഴി കണ്ണിൽ പ്രവേശിച്ച് തലച്ചോറിലും ശ്വാസകോശത്തിലുമെത്തുന്നു.

കണ്ണിനു ചുറ്റും അല്ലെങ്കിൽ മൂക്കിനുചുറ്റുമുള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസം, രക്തം കലർന്ന ഛർദ്ദി, മാനസികാവസ്ഥയിലെ മാറ്റം എന്നിവയോടെയാണ് മുന്നറിയിപ്പ് ലക്ഷണങ്ങൾ. സൈനസൈിറ്റിസ്, മൂക്കടപ്പ്, കറുത്ത നിറത്തിലും രക്തം കലർന്നമുള്ള മൂക്കൊലിപ്പ്, കവിൾ അസ്ഥിയിൽ വേദന, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, മരവിപ്പ് അല്ലെങ്കിൽ നീർവീക്കം, മൂക്കിന്റെ പാലത്തിന് അല്ലെങ്കിൽ അണ്ണാക്കിനു മുകളിൽ കറുത്ത നിറം, പല്ലുകൾക്കും താടിയെല്ലിനും ഇളക്കം, വേദനയോടുകൂടിയ കാഴ്ച മങ്ങൽ അല്ലെങ്കിൽ ഇരട്ടക്കാഴ്ച, ധമനികളിൽ രക്തം കട്ടപിടിക്കൽ, കോശമരണം, തൊലിക്കു കേടുവരൽ, നെഞ്ചുവേദന, ശ്വസന പ്രശ്നങ്ങൾ എന്നിവയാണ് ലക്ഷണങ്ങൾ.

ന്യൂഡല്‍ഹി: മലയാളി നഴ്‌സ് സൗമ്യ സന്തോഷിന് ആദരസൂചന പൗരത്വം(ഓണററി സിറ്റിസണ്‍ഷിപ്പ്) നല്‍കാനൊരുങ്ങി ഇസ്രയേല്‍.ഇസ്രയേലിന്റെ നടപടിയെ സൗമ്യയുടെ കുടുംബം സ്വാഗതം ചെയ്തു. ഭാര്യക്ക് ലഭിച്ച മഹത്തായ അംഗീകാരമായാണ് ഇസ്രയേലിന്റെ തീരുമാനത്തെ കാണുന്നതെന്ന് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ് പറഞ്ഞു. സൗമ്യയെ തങ്ങളില്‍ ഒരാളായാണ് ഇസ്രയേലിലെ ജനങ്ങള്‍ കാണുന്നതെന്ന് ഇസ്രയേല്‍ എംബസി ഉന്നത ഉദ്യോഗസ്ഥന്‍ റോണി യെദീദിയ ക്ലീന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞാഴ്ചയാണ് ഇസ്രയേലിലെ അഷ്‌കലോണില്‍ ഹമാസ് നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഇടുക്കി സ്വദേശിനി സൗമ്യ കൊല്ലപ്പെട്ടത്. ഏഴ് വര്ഷമായി സൗമ്യ ഇസ്രയേലിലാണ് ജോലി ചെയ്യുന്നത്.അഷ്‌കലോണിലെ ഒരു വീട്ടില്‍ വൃദ്ധയെ പരിചരിച്ചുവരികയായിരുന്നു.

ന്യൂഡൽഹി: 2008 ലെ ടീം ഇന്ത്യയുടെ കോമൺവെൽത്ത് ബാങ്ക് ക്രിക്കറ്റ് പരമ്പര പിടിക്കാൻ സച്ചിൻ ടെണ്ടുൽക്കർ സഹിച്ച വേദനകളെക്കുറിച്ചു വെളിപ്പെടുത്തി റോബിൻ ഉത്തപ്പ. 32 വയസൊക്കെ കഴിഞ്ഞാൽ ഫിറ്റ് ആയിരിക്കുകയെന്നതു ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറയുമായിരുന്നു. എന്നാൽ അങ്ങനെയല്ലെന്നായിരുന്നു ഞാൻ മറുപടി പറഞ്ഞത്. എനിക്ക് 35 വയസാകുമ്പോൾ ഇതിനെക്കുറിച്ചു സംസാരിക്കുന്നതു നോക്കാം എന്നായിരുന്നു സച്ചിന്റെ അപ്പോഴുള്ള പ്രതികരണം.

ഇപ്പോൾ എനിക്ക് 35 വയസാണ്. അന്ന് സച്ചിൻ പറഞ്ഞതു ശരിയായിരുന്നു.- ഉത്തപ്പ പറഞ്ഞു.ടീമിന്റെ ആവശ്യത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. വേദനയോടെ സച്ചിൻ കളിച്ചു.ഒരു സ്‌പോർട്‌സ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉത്തപ്പ.പരമ്പരയിൽ സച്ചിന്റെ രണ്ട് സുപ്രധാന ഇന്നിങ്‌സുകളാണ് ഇന്ത്യൻ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.

ഉത്തപ്പയും മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്.പരമ്പരയിൽ സച്ചിൻ വളരെയേറെ വേദന സഹിച്ചാണു കളിച്ചതെന്ന് അദ്ദേഹം പറയുന്നു.പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. അദ്ദേഹത്തിന് അപ്പോൾ ശാരീരികമായി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നു ഞങ്ങൾ ചോദിച്ചപ്പോഴെല്ലാം കുഴപ്പമില്ലെന്നാണ് സച്ചിൻ പറഞ്ഞിരുന്നത്.

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരം​ഗത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന വിഷയങ്ങൾക്ക് മാത്രം പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ നടത്താൻ സെൻട്രൽ ബോ‌ർഡ് ഒഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സി.ബി.എസ്.സി) നിർദ്ദേശിച്ചു. സി.ബി.എസ്.ഇ ഉള്‍പ്പടെയുള്ള ബോര്‍ഡ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം കേന്ദ്രസര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന യോഗത്തില്‍, സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പില്‍ കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യോഗം വിളിച്ചിരിക്കുന്നത്.നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഒരു ഭാഷാ വിഷയത്തിനും മൂന്ന് എലക്ടീവ് വിഷയങ്ങൾക്കും മാത്രമേ ഹാജരാകാവൂ എന്നാണ് ബോർഡ് മന്ത്രാലയത്തോട് നിർദ്ദേശിച്ചിരിക്കുന്നത്.ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍, കേന്ദ്ര വിദ്യാഭ്യാസമന്ത്രിയും ഉണ്ടാകും. സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് പുറമേ, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, പരീക്ഷാ ബോര്‍ഡുകളുടെ ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരും പങ്കെടുക്കും.ഈ വിഷയങ്ങളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി അഞ്ചാമത്തെയും ആറാമത്തെയും വിഷയങ്ങളുടെ ഫലം തീരുമാനിക്കും. കൂടാതെ, ഓരോ പരീക്ഷയുടേയും ദെെർഘ്യം മൂന്ന് മണിക്കൂറിന് പകരം ഒന്നര മണിക്കൂറായി ചുരുക്കും, മൾട്ടിപ്പിൾ-ചോയിസ് ചോദ്യങ്ങളും ചെറിയ ഉത്തരം നൽകത്തക്ക വിധമുളള ചോദ്യങ്ങൾക്കും സാദ്ധ്യതയുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് സി.ബി.എസ്.ഇ ഉള്‍പ്പടെയുള്ള ബോര്‍ഡ് പരീക്ഷാ നടത്തിപ്പിനെ കുറിച്ച് ആലോചന നടത്തുകയാണെന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു. കൊവിഡ് വ്യാപനം വിദ്യാഭ്യാസ മേഖലയെ, പ്രത്യേകിച്ച് ബോര്‍ഡ് പരീക്ഷകളെയും പ്രവേശന പരീക്ഷകളെയും ബാധിച്ചിട്ടുണ്ടെന്നാണ് കത്തിൽ പറയുന്നത്.

കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളും സി ബി എസ് ഇയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചിരിക്കുയാണ്. എന്നാല്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നത് വിദ്യാര്‍ത്ഥികളില്‍ മാനസിക സംഘര്‍ഷത്തിന് കാരണമാകുമെന്ന അഭിപ്രായം ശക്തമായതോടെയാണ് കേന്ദ്രത്തിന്‍റെ ഇടപെടല്‍.

കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള വേരിയബിൾ ഡിഎ വർദ്ധിപ്പിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം.2021 ഏപ്രിൽ 1 മുതൽ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർദ്ധനവ് വരുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ മിനിമം വേതനത്തിൽ വർദ്ധനവുണ്ടാക്കാനും തീരുമാനം വഴിവെക്കും. കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള റയിൽവേ, ഖനനം, ഓയിൽ ഫീൽഡ്, പ്രധാന തുറമുഖങ്ങൾ, കോർപ്പറേഷൻ എന്നിവയിലെ ജീവനക്കാർക്ക് എല്ലാം വർദ്ധനവ് ഉണ്ടാകും.

കരാർ അടിസ്ഥാനത്തിലും, താൽക്കാലികമായും ജോലി ചെയ്യുന്ന ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും. മാസം 105 രൂപ മുതൽ 205 രൂപയുടെ വർദ്ധനവാണ് പുതിയ ഉത്തരവ് പ്രകാരം വേരിയബിൾ ഡിഎ യിൽ ഉണ്ടാവുക. രാജ്യത്തെ 1.5 കോടിയോളം ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. കോവിഡ് രണ്ടാം തരംഗത്തിൽ പ്രയാസത്തിൽ ആയിരിക്കുന്ന കേന്ദ്ര സർക്കാരിന് കീഴിലുള്ള വ്യത്യസ്ഥ ഷെഡ്യൂൾ എംപ്ലോയ്മെന്റിൽ ഉൾപ്പെട്ട ജീവനക്കാർക്ക് തീരുമാനം വലിയ ആശ്വാസമാകും എന്നും മന്ത്രാലയം പറഞ്ഞു.”രാജ്യം കോവിഡ് മഹാമാരിയ നേരിടുന്നതിനിടെയാണ് തൊഴിലാളികൾക്ക് ആശ്വാസമായി ഇത്തരം ഒരു വർദ്ധനവ് പ്രഖ്യാപിക്കുന്നത്. 1.5 കോടി ആളുകൾക്ക് ഇതിന്റെ ഗുണം ലഭിക്കും”. കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ഗാംഗ്വാർ പറഞ്ഞു.

ചീഫ് ലേബർ കമ്മീഷണർ വിഭാഗത്തിലെ ഇൻസ്പെക്ടിംഗ് ഓഫീസറാണ് കേന്ദ്രത്തിന് കീഴിൽ മിനിമം വേജ് ആക്ട് നടപ്പാക്കുന്നത്. രാജ്യത്ത് ഉടനീളമുള്ള ഷെഡ്യൂൾഡ് തൊഴിലാളികൾക്ക് ആവശ്യമായ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇത് വഴി ചെയ്യുന്നത്.വ്യവസായിക തൊഴിലാളികൾക്കായുള്ള ലേബർ ബ്യൂറോയുടെ ഉപഭോക്തൃ- വില സൂചികയുടെ (CPI-IW) ശരാശരിയുടെ അടിസ്ഥാനത്തിലാണ് വേരിയബിൾ ഡിഎ യിൽ മാറ്റം വരുത്തുന്നത്. ജൂലൈ 2020 മുതൽ ഡിസംബർ 2020 വരെയുള്ള ഉപഭോക്തൃ- വില സൂചിക അടിസ്ഥാനമാക്കിയാണ് നിലവിൽ ഡിഎ യിൽ വർദ്ധനവ് വരുത്തിയിരിക്കുന്നത്.

1948 ലെ മിനിമം വേതന ആക്ടിൽ ഉൾപ്പെട്ടവർക്ക് നൽകുന്ന ഒന്നാണ് വേരിയബിൾ ഡിഎ. നിലവിൽ 40 തരം ഷെഡ്യൂൾഡ് ജോലികളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിന് കീഴിലെ സ്ഥിരം ജീവക്കാർക്ക് നൽകുന്നതാണ് ഡിഎ. സൈന്യം, റയിൽവേ എന്നിവയിലെ ജീവനക്കാർക്ക് ഡിഎ നൽകുന്നു.

ന്യൂഡല്‍ഹി: കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ക്ക് വിദേശയാത്ര ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്ക തള്ളി കേന്ദ്രസര്‍ക്കാര്‍. മികച്ച വാക്‌സിനുകളിലൊന്നാണ് കോവാക്‌സിനെന്നും ഇത് കുത്തിവച്ചവര്‍ക്ക് വിദേശത്തേക്ക് പോകാന്‍ യാത്രാവിലക്കേര്‍പ്പെടുത്താന്‍ ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചില്ലെന്നും കേന്ദ്രമന്ത്രി പ്രകാഷ് ജാവദേക്കര്‍ പറഞ്ഞു. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച അടിയന്തരോപയോഗത്തിനുള്ള വാക്‌സിനുകളുടെ പട്ടികയില്‍ കോവാക്‌സിന്‍ ഇടം നേടിയിട്ടില്ലാത്തതും ഒമ്പതുരാജ്യങ്ങള്‍മാത്രമാണ് കോവാക്‌സിന് അംഗീകാരം നല്‍കിയിട്ടുള്ളതും ചൂണ്ടിക്കാട്ടിയാണ് ചില മാധ്യമങ്ങള്‍ യാത്രാവിലക്കുണ്ടാകുമെന്ന ആശങ്ക പ്രകടിപ്പിച്ചത്. വാക്‌സിനുമായി ബന്ധപ്പെട്ട് ഭാരത് ബയോടെകില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് 130 രാജ്യങ്ങള്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.

ന്യൂഡല്‍ഹി: കൊലപാതക കേസില്‍ ഒളിവിലായിരുന്ന ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍. മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിലാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയിരുന്നത്. സുശീല്‍ കുമാര്‍ ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ടോള്‍പ്ലാസയില്‍ കാറില്‍ സഞ്ചരിക്കുന്ന ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ്
സുശീല്‍ കുമാറിന്റെ അറസ്റ്റ് നടന്നത്.

മേയ് നാലിനാണ് 23 വയസ്സുകാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്‌റ്റേഡിയത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് സുശീല്‍ കുമാറും കൂട്ടാളികളും മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടില്‍നിന്നും സാഗറിനെ പിടിച്ചുകൊണ്ടുവരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ഡല്‍ഹി കോടതി സുശീല്‍ കുമാറിനും കൂട്ടാളികളായ മറ്റ് ഒമ്പത് പേര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും, സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു.

ഒളിവില്‍ പോയ സുശീല്‍ കുമാര്‍ ആദ്യം ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും തുടര്‍ന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തി ഹരിയാനയിലെ വിവിധയിടങ്ങളില്‍ കഴിയുകയാണെന്നും സൂചന ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന്, പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയും വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചും തകൃതിയായ അന്വേഷണമാണ് നടത്തിയത്. സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ദില്ലി: മുലയൂട്ടുന്ന അമ്മാമാർക്ക് വാക്സിൻ എടുക്കാമെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രാലയം. വാക്സിൻ എടുക്കാനായി അമ്മമാ‍ർ മുലയൂട്ടൽ നി‍ർത്തി വയ്ക്കേണ്ട ആവശ്യമില്ല.രാജ്യത്ത് കൊവിഡ് രണ്ടാം തരം​ഗം നിയന്ത്രണവിധേയമായി വരികയാണെന്നാണ് കേന്ദ്രസ‍ർക്കാരിൻ്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. 22 സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകളേക്കാൾ കൂടുതൽ രോ​ഗമുക്തരുണ്ട്. കഴിഞ്ഞ 15 ദിവസമായി ആകെ കൊവിഡ് കേസുകളിൽ ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.

മുലയൂട്ടുന്നവർക്കും വാക്സിൻ എടുക്കാമെന്ന് നേരത്തെ വിദഗ്ധ സമിതി സർക്കാരിനോട് ശുപാർശ ചെയ്യുകയും ഇക്കാര്യം കേന്ദ്രസർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ കുട്ടികളിലും കൊവിഡ് വ്യാപനം കണ്ടെത്തുന്നുണ്ടെങ്കിലും ​ഗൗരവകരമായ രീതിയിൽ രോ​ഗബാധയുണ്ടായിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. രോ​ഗ ബാധിതരാവുന്ന കുട്ടികളിൽ മൂന്നോ നാലോ ശതമാനം പേരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുള്ളൂവെന്നും ആരോ​ഗ്യമന്ത്രാലയം കൂട്ടിച്ചേ‍ർത്തു.

ന്യൂഡല്‍ഹി: കോവിഡ് കുട്ടികള്‍ക്കും പിടിപെടാമെന്നും എന്നാല്‍ ഇവരില്‍ ഇതിന്റെ ആഘാതം കുറവായിരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍.കുട്ടികളിലെ കോവിഡ് ചികിത്സക്കായി ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും പക്ഷേ അവരെ രോഗം പടരുന്നതിന്റെ ഭാഗമാകാന്‍ അനുവദിക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണും ഡോ. പോള്‍ കൂട്ടിച്ചേര്‍ത്തു.ചില വസ്തുതകള്‍ നമുക്ക് മുന്നില്‍ വ്യക്തമാണ്. കുട്ടികള്‍ക്ക് രോഗം വരാം, മാത്രമല്ല അവ ഒരു പരിധിവരെ ബാധിക്കുകയും ചെയ്യാം.

കുട്ടികള്‍ക്കിടയിലെ അണുബാധ താരതമ്യേന കുറവാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. ഉദാഹരണത്തിന്, ഡിസംബര്‍-ജനുവരി സിറോ സര്‍വേ കുട്ടികളിലും മുതിര്‍ന്നവരിലും ഉള്ള സിറോ പോസിറ്റിവിറ്റി നിരക്ക് ഏതാണ്ട് ഒരുപോലെയാണ്- ‘ഡോക്ടര്‍ പോള്‍ പറഞ്ഞു.കുട്ടികള്‍ ഈ അണുബാധയില്‍നിന്ന് മുക്തമല്ല. അവര്‍ക്കും രോഗം ബാധിക്കാം. എന്നാല്‍ കുട്ടികളില്‍ സാധാരണയായി കടുത്ത അണുബാധ ഉണ്ടാവില്ലെന്നും കുട്ടികള്‍ക്കിടയിലെ അണുബാധയെക്കുറിച്ച് വിശദീകരിച്ച ഡോ. പോള്‍ പറഞ്ഞു.

ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ആശുപത്രി പ്രവേശനത്തിന്റെ 3-4 ശതമാനം കുട്ടികളാണെന്ന് പറഞ്ഞ അദ്ദേഹം 10 നും 12 നും ഇടയില്‍ പ്രായമുള്ളവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും കൂട്ടിച്ചേര്‍ത്തു.’കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഒന്നുകില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല, അല്ലെങ്കില്‍ കുറഞ്ഞ ലക്ഷണങ്ങളുണ്ടാകും. സാധാരണനിലയില്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരില്ല’- നിതി ആയോഗ് അംഗം വി.കെ.പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തില്‍ പറഞ്ഞു.