ന്യുഡല്‍ഹി: കോവിഡ് അനാഥമാക്കിയ കുട്ടികളുടെയും സ്ത്രീകളും മുതിര്‍ന്ന പൗരന്മാര്, പട്ടികജാതി, പട്ടിക വര്‍ഗമടക്കമുള്ള മറ്റ് ദുര്‍ബല വിഭാഗങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. അനാഥരാക്കപ്പെടുന്നവര്‍ മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഇറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.
ഇന്നത്തെ സാഹചര്യത്തില്‍, കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട് കുട്ടികള്‍ അനാഥരാകാനുള്ള സാധ്യതയുണ്ട്. ഇവരെ സംരക്ഷിക്കാന്‍ ഉചിതമായ സംവിധാനങ്ങള്‍ പഞ്ചായത്ത്/മറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ വേണം. -മന്ത്രാലയം ഉത്തരവില്‍ പറയുന്നു.
അനാഥരാക്കപ്പെടുന്ന കുട്ടികളുടെ ഭാവിയെ കുറിച്ച് പല ബാലവകാശ സംഘടനകളും ആശങ്ക ഉയര്‍ത്തിയതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍. ഇത്തരം കുട്ടികളെ ദത്തെടുക്കുന്നതില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നതോടെ സുരക്ഷ സംബന്ധിച്ച ആശങ്ക പ്രകടിപ്പിച്ച് ഡല്‍ഹി അടക്കം പല ഹൈക്കോടതികളിലും ഹര്‍ജികളും എത്തിയിരുന്നു. നിയമവിരുദ്ധമായി ദത്തെടുക്കപ്പെടുന്ന കുട്ടികള്‍ മനുഷ്യക്കടത്തിനും മറ്റ് ദുരുപയോഗങ്ങള്‍ക്കും ഇരയാക്കപ്പെടുമെന്ന ആശങ്കയാണ് ഉയരുന്നത്.

