ആര്‍ബിഐയുടെ കൈവശം മിച്ചമുള്ള 99,122 കോടി രൂപ സര്‍ക്കാരിന് കൈമാറും

rbi

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ കൈവശം മിച്ചമുള്ള 99,122 കോടി രൂപ സര്‍ക്കാരിന് കൈമാറാന്‍ വെള്ളിയാഴ്ച നടന്ന ആര്‍.ബി.ഐയുടെ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഒമ്പതുമാസത്തെ അക്കൗണ്ടിംഗ് കാലയളവിലെ അധികമുള്ള തുകയാണിത്. കൂടാതെ, ആര്‍.ബി.ഐയുടെ അക്കൗണ്ടിംഗ് വര്‍ഷം ഏപ്രില്‍-മാര്‍ച്ച് കാലയളവിലേയ്ക്ക് മാറ്റാന്‍ യോഗം തീരുമാനിച്ചതായും റിസര്‍വ് ബാങ്ക് അറിയിച്ചു.
യോഗത്തില്‍ നിലവിലെ സാമ്പത്തിക സ്ഥിതി, ആഗോള-ആഭ്യന്തര വെല്ലുവിളികള്‍, കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍.ബി.ഐ സ്വീകരിച്ച സമീപകാല നടപടികള്‍ എന്നിവ അവലോകനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസിനുപുറമെ ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍, സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍മാര്‍, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.