National (Page 54)

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌ക്കരിക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ്. നാളെ ദൃശ്യമാധ്യമങ്ങളിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കില്ലെന്നാണ് അറിയിപ്പ്.

തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചർച്ചകളിൽ പങ്കെടുക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ജനവിധിയോട് പ്രതികരിക്കാമെന്നും, ടെലിവിഷനുകളുടെ റേറ്റിംഗ് കൂട്ടാനുള്ള പണിക്കില്ലെന്നുമാണ് കോൺഗ്രസ് പാർട്ടി വക്താവ് പവൻ ഖേര അറിയിച്ചിരിക്കുന്നത്.

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ഇതുകൂടി പൂർത്തിയാകുന്നതോടെ തെരഞ്ഞെടുപ്പിലെ ജനവിധി സംബന്ധിച്ച എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. ജൂൺ നാലിനാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം.

ന്യൂഡൽഹി: ജയിലിലേക്ക് മടങ്ങുന്നതിനെ കുറിച്ച് സംസാരിച്ച് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ജൂൺ രണ്ടിന് വൈകീട്ട് മൂന്നു മണിയ്ക്ക് ജയിലിലേക്ക് മടങ്ങുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. എത്ര നാൾ ഇവർ ജയിലിൽ ഇടുമെന്ന് അറിയില്ല. ഇനി നിങ്ങൾക്കൊപ്പം ഉണ്ടാകില്ലെങ്കിലും മരുന്ന്, വൈദ്യുതി, ചികിത്സ തുടങ്ങിയവ നിങ്ങൾക്ക് ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ കുടുംബത്തിനു വേണ്ടി പ്രാർഥിക്കണം. ജീവൻ നഷ്ടമായാലും ഏകാധിപത്യത്തിന് എതിരായ പോരാട്ടം തുടരണം. ജയിലിൽ കിടന്ന 50 ദിവസം കൊണ്ട് തന്റെ ശരീരഭാരം 6 കിലോ കുറഞ്ഞു. തന്റെ മാതാപിതാക്കൾക്ക് നല്ല പ്രായമായി. തന്റെ അമ്മയ്ക്ക് വേണ്ടി നിങ്ങൾ ദിവസവും പ്രാർഥിച്ചാൽ അവർ ആരോഗ്യവതിയായി ഇരിക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.

മാർച്ച് മാസമാണ് ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷം 21 ദിവസത്തേയ്ക്ക് അദ്ദേഹത്തിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

rbi

ന്യൂഡൽഹി: ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറിൽ ഉണ്ടായിരുന്ന രാജ്യത്തിന്റെ 100 ടൺ സ്വർണം ഇന്ത്യയിൽ എത്തിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് സ്വർണ്ണം ഇന്ത്യയിലെത്തിച്ചത്. വിദേശത്തെ ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിന്റെ ഏകദേശം നാലിൽ ഒരു ഭാഗമാണ് ആർബിഐ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്.

വരുംവർഷങ്ങളിൽ കൂടുതൽ സ്വർണം ഇന്ത്യയിൽ എത്തിക്കുമെന്ന സൂചനയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വൃത്തങ്ങൾ മുന്നോട്ടുവെയ്ക്കുന്നത്. ഒറിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പക്കൽ 822.1 ടൺ സ്വർണമുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 413.8 ടൺ സ്വർണം സൂക്ഷിച്ചിരിക്കുന്നത് വിദേശ രാജ്യങ്ങളിൽ ആണ്.

100.3 ടൺ സ്വർണം മാത്രമാണ് ഇന്ത്യയിലെ ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്നത്. പല വിദേശ രാജ്യങ്ങളും തങ്ങളുടെ സ്വർണം സൂക്ഷിച്ചിരിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ആണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും വിദേശത്തുള്ള സ്വർണത്തിന്റെ നല്ലൊരു പങ്കും സൂക്ഷിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്നതിൽ നിന്ന് 100 ടൺ സ്വർണവും ആണ് ഇന്ത്യയിൽ എത്തിച്ചത്. മാർച്ച് മാസം ആണ് ലണ്ടനിൽ നിന്ന് സ്വർണം ഇന്ത്യയിൽ എത്തിച്ചത്. മാസങ്ങളോളം നീണ്ടുനിന്ന പ്ലാനിങ് ആണ് സ്വർണം എത്തിക്കുന്നതിന് മുന്നോടിയായി നടന്നത്. ധനകാര്യ മന്ത്രാലയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സർക്കാരിന്റെ വിവിധ ഏജൻസികൾ എന്നിവ സംയുക്തമായി പ്രവർത്തിച്ചാണ് സ്വർണം എത്തിച്ചത്.

പ്രത്യേക വിമാനത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയാണ് സ്വർണ്ണം എത്തിച്ചത്. മുംബൈയിലെ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ഓഫീസ് കെട്ടിടത്തിലെ ലോക്കറിലും നാഗ്പൂരിലും ആണ് ഈ സ്വർണ്ണം സൂക്ഷിച്ചിരിക്കുന്നത്.

ചെന്നൈ: ആത്മീയ യാത്ര നടത്താൻ സൂപ്പർതാരം രജനീകാന്ത്. കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളിൽ അദ്ദേഹം ദർശനം നടത്തും. ചെന്നൈയിൽ നിന്നും വിമാന മാർഗം രജനീകാന്ത് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെത്തി. തന്റെ സിനിമാ തിരക്കുകൾ മാറ്റി വച്ചാണ് രജനീകാന്ത് ആത്മീയ യാത്രനടത്തുന്നത്. എല്ലാ വർഷവും അദ്ദേഹം കേദാർനാഥും ബദരീനാഥും സന്ദർശിക്കാറുണ്ട്.

എല്ലാ വർഷവും ആത്മീയ യാത്ര വീണ്ടും തുടരാൻ പ്രേരിപ്പിക്കുന്ന പുതിയ അനുഭവങ്ങൾ തനിക്ക് ലഭിക്കുമെന്നും ഇത്തവണയും പുതിയ അനുഭവങ്ങൾ ലഭിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, രജനീകാന്ത് അടുത്തിടെ അബുദാബിയിലെ BAPS ഹിന്ദു ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ‘വേട്ടയാൻ’ ആണ് രജനികാന്തിന്റെ ചിത്രീകരണം പൂർത്തിയായ സിനിമ. അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഫഹദ് ഫാസിൽ, മഞ്ജുവാര്യർ തുടങ്ങിയ മലയാളി താരങ്ങളും സിനിമയിലുണ്ട്.

കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരി വിവേകാനന്ദപ്പാറയിൽ ധ്യാനിക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നു. മെയ് 30 നാണ് പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിലെത്തിയത്. ജൂൺ ഒന്നാം തീയതി വൈകുന്നേരം വരെ പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിലെ ധ്യാന മണ്ഡപത്തിൽ ഉണ്ടായിരിക്കും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കന്യാകുമാരിയിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം നടത്തുന്ന പതിവ് ആത്മീയ യാത്രയുടെ ഭാഗമായാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയതെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

അതേസമയം, പ്രധാനമന്ത്രിയുടെ ധ്യാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നിശബ്ദ പ്രചാരണ ദിവസം വാർത്താ തലക്കെട്ടുകളിൽ നിറയാനുള്ള നീക്കമാണിതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കോൺഗ്രസിന്റേതടക്കം പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും കോൺഗ്രസ് മുന്നോട്ടുവെയ്ക്കുന്നു.

ധ്യാനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിനിടെ, ടിഎംസി നേതാവ് മഹുവ മൊയ്ത്ര മോദിയുടെ ധ്യാനത്തെ പരിഹസിക്കുന്ന കാർട്ടൂൺ പങ്കുവെച്ചു.

മുംബൈ: അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഹോട്ടലുടമ ജയാ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. മുംബൈയിൽ ഹോട്ടൽ ഉടമ ജയ ഷെട്ടിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 2001 ലാണ് ഗുണ്ടാപിരിവ് നൽകാതിരുന്നതിനാണ് ഛോട്ടാ രാജൻ ഗ്യാങ് ജയ ഷെട്ടിയെ വെടിവെച്ചു കൊന്നത്.

നേരത്തെ കേസിലെ മറ്റ് മൂന്ന് പ്രതികൾക്ക് ശിക്ഷ വിധിച്ചിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഛോട്ടാ രാജൻ വിചാരണ തടവുകാരനായി ഇപ്പോൾ ഡൽഹി തിഹാർ ജയിലിലാണ്. സെൻട്രൽ മുംബൈയിലെ ഗാംദേവിയിലെ ഗോൾഡൻ ക്രൗൺ ഹോട്ടലിന്റെ ഉടമയായിരുന്നു ജയ ഷെട്ടി. ഛോട്ടാ രാജൻ ഗ്യാങ്ങ് നിരന്തരം ജയ ഷെട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. 2001 മെയ് നാലിന് ഹോട്ടലിനുള്ളിൽ വച്ച് ഛോട്ടാ രാജന്റെ സംഘത്തിലെ രണ്ട് അംഗങ്ങൾ അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഭീഷണിയെത്തുടർന്ന് മഹാരാഷ്ട്ര പൊലീസ് ജയ ഷെട്ടിക്ക് സുരക്ഷയൊരുക്കിയിരുന്നു. എന്നാൽ, കൊലപാതകത്തിന് രണ്ട് മാസം മുൻപ് ഈ സുരക്ഷ പിൻവലിച്ചിരുന്നു.

ന്യൂഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ശിവകുമാർ പ്രസാദിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി ശശി തരൂർ എം പി. ശിവകുമാർ തന്റെ മുൻ സ്റ്റാഫാണെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 72കാരനും വൃക്കരോഗിയുമായ ശിവകുമാറിനെ താൽക്കാലികമായി തന്റെ സ്റ്റാഫായി തുടരാൻ അനുവദിച്ചിരുന്നു. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും ശശി തരൂർ അറിയിച്ചു.

വിവരം അറിയുന്നത് ധർമശാലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ്. വിമാനത്താവളത്തിൽ പിടിയിലായവരിൽ തന്റെ മുൻ സ്റ്റാഫും ഇപ്പോൾ താൽക്കാലികമായി തന്റെ സ്റ്റാഫായി തുടരുന്ന ആളും ഉണ്ടെന്ന് കേട്ടപ്പോൾ താൻ ഞെട്ടിപ്പോയി. 72കാരനും വൃക്കരോഗിയുമായ അദ്ദേഹത്തെ മനുഷിക പരിഗണന വച്ചാണ് വിരമിച്ചിട്ടും താൽക്കാലിക സ്റ്റാഫായി നിലനിർത്തിയത്. തെറ്റായ പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആവശ്യമായ എന്ത് നടപടിയും അധികാരികൾക്ക് സ്വീകരിക്കാം. അധികൃതർക്ക് തന്റെ പൂർണ പിന്തുണയുണ്ടാകും. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കനത്ത ചൂടിൽ വെന്തുരുകി ഡൽഹി. രാജ്യചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ രേഖപ്പെടുത്തിയത്. മുംഗേഷ്പുർ കാലാവസ്ഥാ നിലയത്തിലാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് 02:30-ന് 52.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്. രാജ്യ തലസ്ഥാനത്തിന് പുറമെ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും താപനില 50 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

രാജസ്ഥാനിലെ ഫലോദിയിൽ 51 ഡിഗ്രി സെൽഷ്യസാണ് ബുധനാഴ്ച രേഖപ്പെടുത്തിയ താപനില. ഹരിയാനയിലെ സിർസയിൽ 50.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. അതേസമയം, അറബിക്കടലിൽ നിന്നുള്ള തണുത്ത കാറ്റിനെ തുടർന്ന് തെക്കൻ രാജസ്ഥാനിലെ ജില്ലകളായ ബാർമെർ, ജോധ്പുർ, ഉദയ്പുർ, സിരോഹി, ജലോർ എന്നിവിടങ്ങളിൽ താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞു. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ഉഷ്ണതരംഗം കുറയുന്നതിന്റെ സൂചനയാണ് ഇത്.

ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പം നിറഞ്ഞ കാറ്റ് എത്തുന്നതിനാൽ വ്യാഴാഴ്ച മുതൽ ഉത്തർപ്രദേശിലെ ഉയർന്ന താപനിലയിൽ ക്രമാനുഗതമായ കുറവുണ്ടാകും.

ന്യൂഡൽഹി: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാദ്ധ്യമങ്ങൾക്ക് നൽകിയത് എൺപതോളം അഭിമുഖങ്ങൾ. വാർത്താസമ്മേളനങ്ങൾ നടത്തുന്നില്ലെന്ന വിമർശനങ്ങളെ മറികടക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു മോദി മാദ്ധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകിയത്. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകൾ പ്രചരിപ്പിച്ചാണ് പ്രതിപക്ഷം ഇതിനെ നേരിട്ടത്.

എൺപതോളം അഭിമുഖങ്ങളാണ് വാർത്താചാനലുകൾക്കും ദിനപത്രങ്ങൾക്കുമായി മൂന്ന് മാസം നീണ്ട തെരഞ്ഞെടുപ്പിൽ മോദി നൽകിയത്. പ്രധാനമന്ത്രിയായ പത്ത് വർഷത്തിനിടെയാണ് ഇത് ആദ്യമാണ് ഇത്രത്തോളം അഭിമുഖങ്ങൾ മോദി മാധ്യമങ്ങൾക്ക് നൽകുന്നത്. ഓരോ ഘട്ടത്തിലും തെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങളിൽ അതാത് പ്രാദേശിക മാധ്യമങ്ങൾക്കായിരുന്നു അഭിമുഖം നൽകിയിരുന്നത്. തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്കെത്തിയപ്പോൾ ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങൾക്കായിരുന്നു അഭിമുഖങ്ങൾ.

പ്രചാരണത്തിനൊപ്പം വാർത്താ സമ്മേളനങ്ങൾ നടത്തുന്നില്ലെന്ന വിമർശനം പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷ ശക്തമാക്കിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് കൂടിയാണ് മോദി ഇത്തരമൊരു നീക്കം നടത്തിയത്.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെതിരേ നടപടി ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതിന് നടപടി ആവശ്യപ്പെട്ടാണ് ഹർജി.

സുനിത കെജ്രിവാളിനെതിരേ നടപടി ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തത് അഭിഭാഷകനായ വൈഭവ് സിങ് ആണ്. മാർച്ച് 28-ന് റൗസ് അവന്യു കോടതിയിലെ പ്രത്യേക ജഡ്ജി കാവേരി ബാവെജയക്ക് മുമ്പാകെ അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കിയപ്പോൾ നടന്ന കോടതി നടപടികളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അന്ന് കോടതിയിൽ കെജ്രിവാൾ കേസുമായി ബന്ധപ്പെട്ട തന്റെ ഭാഗം വിശദീകരിച്ചിരുന്നു. ഇത് ആം ആദ്മി പാർട്ടി നേതാക്കൾ പ്രചരിപ്പിച്ചിരുന്നു.

എന്നാൽ, വീഡിയോ കോൺഫറൻസിലൂടെ കോടതി നടപടികളിൽ പങ്കെടുക്കുന്നവർ അത് റെക്കോർഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഡൽഹി ഹൈക്കോടതി പുറത്തിറക്കിയ മാർഗരേഖയിൽ വിശദീകരിച്ചിട്ടുണ്ട്. ഈ മാർഗരേഖയുടെ ലംഘനമാണ് കോടതി നടപടികൾ റെക്കോർഡ് ചെയ്തതതിലൂടെ നടന്നതെന്നാണ് ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജിയിൽ അറിയിച്ചിരിക്കുന്നത്.