വിവേകാനന്ദപ്പാറയിൽ ധ്യാനമിരുന്ന് പ്രധാനമന്ത്രി; വാർത്താ തലക്കെട്ടുകളിൽ നിറയാനുള്ള നീക്കമെന്ന് കോൺഗ്രസ്

കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരി വിവേകാനന്ദപ്പാറയിൽ ധ്യാനിക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നു. മെയ് 30 നാണ് പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിലെത്തിയത്. ജൂൺ ഒന്നാം തീയതി വൈകുന്നേരം വരെ പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിലെ ധ്യാന മണ്ഡപത്തിൽ ഉണ്ടായിരിക്കും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കന്യാകുമാരിയിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം നടത്തുന്ന പതിവ് ആത്മീയ യാത്രയുടെ ഭാഗമായാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയതെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

അതേസമയം, പ്രധാനമന്ത്രിയുടെ ധ്യാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നിശബ്ദ പ്രചാരണ ദിവസം വാർത്താ തലക്കെട്ടുകളിൽ നിറയാനുള്ള നീക്കമാണിതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കോൺഗ്രസിന്റേതടക്കം പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും കോൺഗ്രസ് മുന്നോട്ടുവെയ്ക്കുന്നു.

ധ്യാനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിനിടെ, ടിഎംസി നേതാവ് മഹുവ മൊയ്ത്ര മോദിയുടെ ധ്യാനത്തെ പരിഹസിക്കുന്ന കാർട്ടൂൺ പങ്കുവെച്ചു.