ന്യൂഡൽഹി: കനത്ത ചൂടിൽ വെന്തുരുകി ഡൽഹി. രാജ്യചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ രേഖപ്പെടുത്തിയത്. മുംഗേഷ്പുർ കാലാവസ്ഥാ നിലയത്തിലാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് 02:30-ന് 52.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്. രാജ്യ തലസ്ഥാനത്തിന് പുറമെ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും താപനില 50 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
രാജസ്ഥാനിലെ ഫലോദിയിൽ 51 ഡിഗ്രി സെൽഷ്യസാണ് ബുധനാഴ്ച രേഖപ്പെടുത്തിയ താപനില. ഹരിയാനയിലെ സിർസയിൽ 50.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. അതേസമയം, അറബിക്കടലിൽ നിന്നുള്ള തണുത്ത കാറ്റിനെ തുടർന്ന് തെക്കൻ രാജസ്ഥാനിലെ ജില്ലകളായ ബാർമെർ, ജോധ്പുർ, ഉദയ്പുർ, സിരോഹി, ജലോർ എന്നിവിടങ്ങളിൽ താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞു. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ഉഷ്ണതരംഗം കുറയുന്നതിന്റെ സൂചനയാണ് ഇത്.
ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പം നിറഞ്ഞ കാറ്റ് എത്തുന്നതിനാൽ വ്യാഴാഴ്ച മുതൽ ഉത്തർപ്രദേശിലെ ഉയർന്ന താപനിലയിൽ ക്രമാനുഗതമായ കുറവുണ്ടാകും.

