ഹോട്ടലുടമയെ വെടിവെച്ചു കൊന്നു; അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം ശിക്ഷ

മുംബൈ: അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഹോട്ടലുടമ ജയാ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. മുംബൈയിൽ ഹോട്ടൽ ഉടമ ജയ ഷെട്ടിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 2001 ലാണ് ഗുണ്ടാപിരിവ് നൽകാതിരുന്നതിനാണ് ഛോട്ടാ രാജൻ ഗ്യാങ് ജയ ഷെട്ടിയെ വെടിവെച്ചു കൊന്നത്.

നേരത്തെ കേസിലെ മറ്റ് മൂന്ന് പ്രതികൾക്ക് ശിക്ഷ വിധിച്ചിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഛോട്ടാ രാജൻ വിചാരണ തടവുകാരനായി ഇപ്പോൾ ഡൽഹി തിഹാർ ജയിലിലാണ്. സെൻട്രൽ മുംബൈയിലെ ഗാംദേവിയിലെ ഗോൾഡൻ ക്രൗൺ ഹോട്ടലിന്റെ ഉടമയായിരുന്നു ജയ ഷെട്ടി. ഛോട്ടാ രാജൻ ഗ്യാങ്ങ് നിരന്തരം ജയ ഷെട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. 2001 മെയ് നാലിന് ഹോട്ടലിനുള്ളിൽ വച്ച് ഛോട്ടാ രാജന്റെ സംഘത്തിലെ രണ്ട് അംഗങ്ങൾ അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഭീഷണിയെത്തുടർന്ന് മഹാരാഷ്ട്ര പൊലീസ് ജയ ഷെട്ടിക്ക് സുരക്ഷയൊരുക്കിയിരുന്നു. എന്നാൽ, കൊലപാതകത്തിന് രണ്ട് മാസം മുൻപ് ഈ സുരക്ഷ പിൻവലിച്ചിരുന്നു.