ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെതിരേ നടപടി ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതിന് നടപടി ആവശ്യപ്പെട്ടാണ് ഹർജി.
സുനിത കെജ്രിവാളിനെതിരേ നടപടി ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തത് അഭിഭാഷകനായ വൈഭവ് സിങ് ആണ്. മാർച്ച് 28-ന് റൗസ് അവന്യു കോടതിയിലെ പ്രത്യേക ജഡ്ജി കാവേരി ബാവെജയക്ക് മുമ്പാകെ അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കിയപ്പോൾ നടന്ന കോടതി നടപടികളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അന്ന് കോടതിയിൽ കെജ്രിവാൾ കേസുമായി ബന്ധപ്പെട്ട തന്റെ ഭാഗം വിശദീകരിച്ചിരുന്നു. ഇത് ആം ആദ്മി പാർട്ടി നേതാക്കൾ പ്രചരിപ്പിച്ചിരുന്നു.
എന്നാൽ, വീഡിയോ കോൺഫറൻസിലൂടെ കോടതി നടപടികളിൽ പങ്കെടുക്കുന്നവർ അത് റെക്കോർഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഡൽഹി ഹൈക്കോടതി പുറത്തിറക്കിയ മാർഗരേഖയിൽ വിശദീകരിച്ചിട്ടുണ്ട്. ഈ മാർഗരേഖയുടെ ലംഘനമാണ് കോടതി നടപടികൾ റെക്കോർഡ് ചെയ്തതതിലൂടെ നടന്നതെന്നാണ് ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജിയിൽ അറിയിച്ചിരിക്കുന്നത്.

