Kerala (Page 2,122)

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ നായരുടെ പോസ്റ്ററുകള്‍ ആക്രിവിലയ്ക്ക് തൂക്കി വിറ്റു. ഉപയോഗിക്കാത്ത അന്‍പത് കിലോയോളം വരുന്ന പോസ്റ്ററുകളാണ് അക്രിക്കടയില്‍ കിലോയ്ക്ക് പത്ത് രൂപ നിരക്കില്‍ വിറ്റിരിക്കുന്നത്. കുറവന്‍കോണം മേഖലയില്‍ വിതരണം ചെയ്ത പോസ്റ്ററുകളാണ് വിറ്റിരിക്കുന്നത് എന്നാണ് സൂചന. എന്നാല്‍, ആരാണ് ഇത് കച്ചവടം നടത്തിയതെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. തിരുവനന്തപുരം ജില്ലയില്‍ നേമവും കഴക്കൂട്ടവും വട്ടിയൂര്‍ക്കാവും ഒരുപോലെ സംസ്ഥാനത്തെ മുഴുവന്‍ ശ്രദ്ധയും പതിഞ്ഞ മണ്ഡലങ്ങളാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന് മണ്ഡലത്തില്‍ മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഒ രാജഗോപാലായിരുന്നു വട്ടിയൂര്‍ക്കാവില്‍ ലീഡ് നേടിയത്. 2019ലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് വിജയിക്കുകയും യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാര്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതില്‍ തനിക്ക് നിരാശാബോധമില്ലെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് നിരാശ തോന്നിയിട്ടുണ്ടെങ്കില്‍ തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി ഇ.പി ജയരാജന്‍. മട്ടന്നൂരില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല.പാര്‍ട്ടിയിലെ കൂടുതല്‍ ചെറുപ്പക്കാര്‍ മുന്‍നിരയിലേക്ക് കടന്നുവരട്ടെ.ഇനിയുള്ള കാലം പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കണം. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് ആഗ്രഹം. മന്ത്രിസഭയിലെ രണ്ടാമന്‍ എന്നെല്ലാം മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതാണ്. മന്ത്രിയാകുന്നതിനേക്കാള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ക്കാണ് പ്രാധാന്യം.

രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറിനില്‍ക്കാനുള്ള പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായാണ് മത്സരരംഗത്തുനിന്ന് വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി കരുത്തനായ നേതാവാണ്. അദ്ദേഹത്തെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ച പ്രയോഗം തെറ്റായി കാണേണ്ടതില്ല. ഒരു ആള്‍ക്കൂട്ടത്തിന് വിപ്ലവകരമായ ദൗത്യം നിര്‍വഹിക്കാനും പ്രശ്‌നം പരിഹരിക്കാനും സാധിക്കില്ല. ലക്ഷ്യം നിര്‍വഹിക്കണമെങ്കില്‍ ഒരു ക്യാപ്റ്റന്‍ വേണം.

ലക്ഷ്യബോധമുള്ള നേതൃത്വം ഉണ്ടെങ്കില്‍ മാത്രമേ സൈന്യത്തെ നയിക്കാന്‍ സാധിക്കൂ. അതിനാല്‍ ക്യാപ്റ്റന്‍ പ്രയോഗം ഒരു തെറ്റുമില്ലാത്ത പദപ്രയോഗമാണെന്നും ജയരാജന്‍ വ്യക്തമാക്കി.പിണറായി വിജയനുമായി യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹവുമായുള്ള ആത്മബന്ധത്തിന് ആര്‍ക്കും കോട്ടമുണ്ടാക്കാന്‍ സാധിക്കില്ല. അതത്ര ദൃഢമാണ്. ഒരുതരത്തിലുള്ള തര്‍ക്കങ്ങളും ഞങ്ങള്‍ തമ്മിലുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. മറിച്ചുള്ള നിലവാരമില്ലാത്ത പ്രചാരണം മുഖവിലക്കെടുക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില തൃപ്തികരമാണെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.
വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് ഉമ്മന്‍ചാണ്ടി. നേരത്തെ പിണറായി വിജയനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

pinarayi

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. ക്വാറന്റീനില്‍ കഴിയവെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. കണ്ണൂരിലെ വീട്ടില്‍ നിന്നും അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. മുഖ്യമന്ത്രിയുമായി ഈ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കാലത്ത് നിരവധി യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.ഒരുമാസം മുമ്പ് കൊവിഡ് പ്രതിരോധ വാക്സിന്റെ ആദ്യഡോസ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു.മുഖ്യമന്ത്രിയുടെ മകളും മരുമകനും കോവിഡ് ചികിത്സയിലാണ്. മകള്‍ വീണയ്ക്ക രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

കണ്ണൂര്‍: നിയമസഭാ തെരെഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ശബരിമല സംബന്ധിച്ച പരാമർശത്തിൽ പരാതിയുമായി കോൺഗ്രസ്. യുഡിഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ‘അയ്യപ്പനും, ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സര്‍ക്കാരിനൊപ്പമാണ് ‘ എന്ന തെരെഞ്ഞെടുപ്പ് ദിനത്തിലെ പരാമര്‍ശത്തിന് എതിരെയാണ് സതീശന്‍ പാച്ചേനിയുടെ പരാതി.

മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്‌നമായ ചട്ടലംഘനം ആണെന്ന് പാച്ചേനി പരാതിയില്‍ പറയുന്നു. വോട്ടു നേടാനായി ജാതി മത വികാരങ്ങള്‍ ഉണര്‍ത്തുന്ന താരത്തിലുള്ള അഭ്യര്‍ത്ഥനകളോ, പരാമര്‍ശങ്ങളോ പാടില്ലെന്നാണ് തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന സി ഡി യും പരാതിക്കൊപ്പംഹാജരാക്കിയിട്ടുണ്ട്.

സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന മലയാള ചിത്രം മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഒറ്റ ഷോട്ടില്‍ പ്രധാനമായും ഒരു കാറിനുള്ളില്‍ ചിത്രീകരിച്ച മലയാളചിത്രമാണിത്. 85 മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന ചിത്രമാണ്. കേരളം രാജ്യാന്തര ചലച്ചിത്ര മേളയിലും ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.നീരജ രാജേന്ദ്രന്‍, അര്‍ച്ചന പത്മിനി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
ദമ്പതികളുടെ കാര്‍ യാത്രയാണ് സിനിമയ്ക്ക് പ്രമേയം. ഗര്‍ഭിണിയാണെന്ന് സംശയം ഉള്ളതിനാല്‍ പരിശോധനയ്ക്കു പോകും വഴിയുള്ള സംഭാഷണമാണ് ഈ ചിത്രത്തില്‍. അവിചാരിതമായുണ്ടായ സംഭവമായതിനാല്‍ അവര്‍ അനുഭവിക്കുന്ന പിരിമുറുക്കവും മറ്റും സിനിമയ്ക്ക് പ്രചോദനമാകുന്നു.1956 മധ്യ തിരുവിതാംകൂര്‍ എന്ന സിനിമയ്ക്ക് ശേഷം ഡോണ്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്.

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചൊവ്വാഴ്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ പ്രവചനം 100 ബേസിസ് പോയിന്റ് ഉയര്‍ത്തി. ഇന്ത്യയുടെ ജിഡിപി 2022 സാമ്പത്തിക വര്‍ഷത്തില്‍ 12.5 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് വളര്‍ന്നുവരുന്നതും, വികസിതവുമായ സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും ഉയര്‍ന്നതാണ്.2020 ല്‍ -3.3 ശതമാനം ചുരുങ്ങിയതിനുശേഷം ആഗോള സമ്പദ് വ്യവസ്ഥ 2021 ല്‍ 6 ശതമാനമായി വളരുമെന്ന് പ്രവചിക്കപ്പെടുന്നു. കൊവിഡ് -19 വളര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകളെയും താഴ്ന്ന വരുമാനമുള്ള വികസ്വര രാജ്യങ്ങളെയും കൂടുതല്‍ ബാധിച്ചു, കൂടുതല്‍ ഇടത്തരം നഷ്ടം നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അമേരിക്കയുടെ ഗണ്യമായ നവീകരണം (1.3 ശതമാനം പോയിന്റുകള്‍) ഈ വര്‍ഷം 6.4 ശതമാനമായി വളരുമെന്ന് ഐ എം എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് പറഞ്ഞു.നയനിര്‍മ്മാതാക്കള്‍ അവരുടെ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നത് തുടരേണ്ടതുണ്ട്. ആരോഗ്യസംരക്ഷണച്ചെലവുകള്‍, പ്രതിരോധ കുത്തിവയ്പ്പുകള്‍, ചികിത്സകള്‍, ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി ആരോഗ്യ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കേണ്ടതെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.

covid

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ വരുന്ന മൂന്നാഴ്ച നിര്‍ണായകമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിച്ചു. സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേര്‍ക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂ.45 വയസ് കഴിഞ്ഞവര്‍ കഴിയുന്നതും വേഗത്തില്‍ കോവിഡ് വാക്‌സിനെടുക്കേണ്ടതാണ്.തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കും വോട്ട് ചെയ്യാന്‍ പോയ പൊതുജനങ്ങള്‍ക്കും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും വേഗം കോവിഡ് പരിശോധന നടത്തേണ്ടതാണ്.

ചെന്നൈ: നടി ശ്രുതിഹാസനെതിരെ പരാതി നല്‍കി ബിജെപി. പോളിംഗ് ബൂത്തില്‍ കമല്‍ഹാസനൊപ്പം സന്ദര്‍ശനം നടത്തിയെന്നാരോപിച്ചാണ് പരാതി.കോയമ്പത്തൂര്‍ സൗത്തിലുള്ള പോളിങ് ബൂത്തില്‍ കമല്‍ഹാസനൊപ്പം കഴിഞ്ഞ ദിവസം ശ്രുതിയും എത്തിയിരുന്നു. തേനാംപട്ടയിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ കമല്‍ഹാസന്‍ വിമാനമാര്‍ഗത്തിലാണ് കോയമ്പത്തൂരിലെത്തിയത്. മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ കമല്‍ഹാസന്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു ശ്രുതി ഹാസനും പോളിംഗ് ബൂത്തിലെത്തിയത്.

തിരുവനന്തപുരം: കാലാകാലങ്ങളായി യുഡിഎഫിന് വോട്ട് ചെയ്തിരുന്നവര്‍ പോലും ഇത്തവണ ഇടതുമുന്നണിക്ക് അനുകൂലമായാണ് വോട്ട് ചെയ്തതെന്നും ഭരണം കിട്ടും എന്നത് യുഡിഎഫിന്റെ ആഗ്രഹം മാത്രമാണെന്നും ഇ.പി.ജയരാജന്‍.ഇക്കാര്യം രഹസ്യമായി യുഡിഎഫും ബിജെപിയും സമ്മതിക്കുന്നുണ്ട്. വോട്ടെണ്ണല്‍ വരെ അണികളെ ആശ്വസിപ്പിക്കാനാണ് മറിച്ചുള്ള പ്രചരണമാണെന്നും ഇ.പി. പറഞ്ഞു.വല്ലാത്ത നിരാശയിലും അതിനെ തുടര്‍ന്നുള്ള അപകടത്തിലേക്കും പോകാതിരിക്കാന്‍ ശ്രീധരനെ പോലെയൊരാള്‍ ശ്രദ്ധിക്കണം. അദ്ദേഹം നല്ല എഞ്ചിനീയറും ശാസ്ത്രജ്ഞനും ഒക്കെയാണ്. ആ രംഗങ്ങളിലെ മികവ് രാഷ്ട്രീയത്തിലും ഉണ്ടെന്ന് അദ്ദേഹം ധരിക്കുന്നത് പിശകാണ്. ഇ പി വ്യക്തമാക്കി.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിക്ക് ശക്തമായ ബദലായി ഇടതുമുന്നണി മാറുകയാണ്. എന്നാല്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റേത് അവസരവാദ നിലപാടാണ്.ഇടതുപക്ഷ വിരുദ്ധ മനോഭാവം തിരുത്തി അപചയത്തില്‍ നിന്ന് രക്ഷ നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം കൊണ്ട് ഇന്ത്യയില്‍ ഒന്നും നേടാന്‍ കഴിയില്ല എന്ന് മനസ്സിലാക്കണം.ജയിച്ചു വരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിയിലേക്ക് എത്തിക്കാമെന്ന അഡ്ജസ്റ്റ്‌മെന്റ് ഇപ്പോള്‍ തന്നെ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകും. നേതാക്കള്‍ക്ക് അത് കണ്ടു നില്‍ക്കാനേ കഴിയൂവെന്നും ജയരാജന്‍ പറഞ്ഞു.
പാനൂര്‍ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. കൊലപാതകം പാര്‍ട്ടിയുടെ സത്‌പേരിന് കളങ്കം ഉണ്ടാക്കിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.