Kerala (Page 2,123)

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക കൃത്രിമത്വം നടന്നുവെന്നും പലയിടത്തും സീല്‍ ചെയ്ത പെട്ടികളില്‍ അല്ല പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

പോസ്റ്റല്‍ വോട്ടുകളുടെ സുതാര്യത ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും സുരേന്ദ്രന്‍ ആവശ്യം ഉന്നയിച്ചു.തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി സിപിഎം ക്രിമിനലുകള്‍ അക്രമം അഴിച്ചുവിടുകയാണെന്നും നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഈ ആക്രമണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി .

പോസ്റ്റൽ വോട്ടുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംഘടനാസംവിധാനം സി പി എം ഉണ്ടാക്കിയിട്ടുണ്ട്. സി പി എം നേതാക്കളായ സർക്കാർ ഉദ്യോഗസ്ഥരേയും ബി എൽ ഒമാരേയും ഉപയോഗിച്ച്‌ പോസ്റ്റൽ വോട്ടുകളിൽ കൃത്രിമം നടത്താനുളള ട്രെയിനിംഗ് സി പി എം എല്ലാ ജില്ലകളിലും നടത്തിയിട്ടുണ്ട്. പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ സുതാര്യതയും സുരക്ഷിതത്വവുമില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

സി പി എം നേതാക്കളുടെ അറിവോടെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ശേഷം ആക്രമണങ്ങൾ അരങ്ങേറുന്നത്. എസ് ഡി പി ഐയുമായി ചേർന്നാണ് പലയിടത്തും സി പി എം ആക്രമണങ്ങൾ നടത്തുന്നത്. അക്രമകാരികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ ചോദ്യം ചെയ്യാലിനായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സുഖമില്ലാത്തതിനാല്‍ എത്തില്ലെന്നാണ് ശ്രീരാമകൃഷ്ണന്‍ അറിയിച്ചിരിക്കുന്നത്.

രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം നോട്ടീസ് അയച്ചങ്കിലും, തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് സ്പീക്കര്‍ മറുപടി നല്‍കുകയായിരുന്നു.

പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. യുഎഇ കോണ്‍സുല്‍ ജനറല്‍ മുഖേന നടത്തിയ ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിത്തിന്റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്.

തിരുവനന്തപുരം: രാഷ്ട്രീയത്തിലേക്കിറങ്ങിയതോടെ സിനിമയില്‍ മക്കള്‍ക്ക് അവസരങ്ങള്‍ നഷ്ടമായെന്ന് നടന്‍ കൃഷ്ണകുമാര്‍. മാത്രമല്ല, രാഷ്ട്രീയത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിനും ഇരയായെന്നും തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമാകുമെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിനിടയില്‍ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണെന്നും മേയ് രണ്ട് തനിക്ക് അനുകൂലമാണെന്നാണ് പ്രതീക്ഷയെന്നും അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി എത്തിയതെന്നും നടന്‍ പറയുന്നു.

cpim

കണ്ണൂര്‍: ലീഗ് ആക്രമണത്തില്‍ തകര്‍ന്ന പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ച് സി പി എം നേതാക്കള്‍. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍, പി ഹരീന്ദ്രന്‍, കെ പി മോഹനന്‍ ഉള്‍പ്പടെയുളള നേതാക്കളാണ് പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ചത്. മന്‍സൂറിന്റെ കൊലപാതകത്തിന് ശേഷം നടന്ന ലീഗ് അക്രമണത്തിലാണ് പാര്‍ട്ടി ഓഫീസുകള്‍ തകര്‍ന്നത്. സാധാരണ ജീവിതം തകര്‍ക്കുന്ന ആക്രമണമാണ് ഇന്നലെ നടന്നതെന്ന് എം വി ജയരാജന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ലീഗിലെ ക്രിമിനലുകള്‍ സംഘടിപ്പിച്ച അക്രമത്തില്‍ സി പി എമ്മിന്റെ എട്ട് ഓഫീസുകള്‍, കടകള്‍, വീടുകള്‍ എന്നിവ തകര്‍ത്തു. ലീഗിന്റെ നേതൃത്വം കുറ്റകരമായ മൗനത്തിലാണെന്നും പ്രവര്‍ത്തകരെ അഴിഞ്ഞാടാന്‍ അനുവദിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.അതേസമയം, മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ഷിനോസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.ഇന്നലെ രാത്രി മന്‍സൂറിന്റെ മൃതദേഹം വഹിച്ച് കൊണ്ടുളള വിലാപ യാത്രയ്ക്കിടെയാണ് മേഖലയിലെ സി പി എം ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം നടന്നത്.

kannur

ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കണ്ണൂര്‍ പെരിങ്ങത്തൂരില്‍ വ്യാപക അക്രമം. പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് ഒരു സംഘം തീയിട്ടു. ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കാണ് തീയിട്ടത്. സിപിഎം അനുഭാവികളുടെ നിരവധി കടകൾക്ക് നേരെയും ആക്രമണമുണ്ടായി.ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകത്തിന് പിന്നാലെ ഇന്ന് പകല്‍ കണ്ണൂര്‍ ശാന്തമായിരുന്നു. രാത്രിയോടെയാണ് അക്രമ സംഭവങ്ങളുണ്ടായത്. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കും.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മന്‍സൂറിന്‍റെ മൃതദേഹം പെരിങ്ങത്തൂരിലാണ് പൊതുദര്‍ശനത്തിന് വെച്ചത്. അന്തിമോപചാരം അര്‍പ്പിക്കാന്‍ മറ്റ് ജില്ലകളില്‍ നിന്ന് ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ എത്തി. ഇതിനിടെയാണ് സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. സിപിഎം ഓഫീസുകള്‍ തകര്‍ത്ത് ഫര്‍ണിച്ചര്‍ കത്തിക്കുകയായിരുന്നു. വലിയ ജനക്കൂട്ടമായതിനാല്‍ ആദ്യ ഘട്ടത്തില്‍ പൊലീസിന് നിയന്ത്രിക്കാനായില്ല. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു.

മൻസൂർ വധം അന്വേഷിക്കാൻ തലശ്ശേരി എസിപി വി സുരേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. ചൊക്ലി സിഐ കെ സി സുഭാഷ് ബാബുവും അന്വേഷണ സംഘത്തിലുണ്ട്. ജില്ലാ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

ഇന്നലെ രാത്രി എട്ടരയോടെ പാനൂർ മുക്കിൽ പീടികയിൽ വെച്ചാണ് മൻസൂറിനും സഹോദരൻ മുഹ്സിനും നേരെ ആക്രമണമുണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൻസൂറിനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബോംബേറിൽ സഹോദരൻ മുഹ്സിനും അയൽവാസിയായ സ്ത്രീക്കും പരിക്കേറ്റു.

രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്‍റെ നിഗമനം. പ്രദേശവാസിയായ ഷിനോസ് എന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവം ആസൂത്രിതമാണെന്നും പിന്നിൽ സിപിഎം പ്രവർത്തകരാണന്നും മന്‍സൂറിന്‍റെ കുടുംബം പറഞ്ഞു. പത്തിലധികം വരുന്ന സംഘമാണ് കൊല നടത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ദിവസം പ്രദേശത്ത് നടന്ന അക്രമ സംഭവങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്നാണ് പൊലീസിന്‍റെ നിഗമനം.

തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഭരണം സംബസിച്ച കേസില്‍ സോണിച്ചന്‍ പി. ജോസഫ് പ്രസിഡന്റും എം. രാധാകൃഷ്ണന്‍ സെക്രട്ടറിയുമായ നിലവിലെ ഭരണസമിതിക്ക് തുടരാമെന്ന് തിരുവനന്തപുരം മുന്‍സിഫ് കോടതി വിധിച്ചു. പ്രസ് ക്ലബിന്റെ ഭരണം പിടിച്ചെടുക്കാനായി ഒരു സംഘം ആളുകള്‍ ഉണ്ടാക്കിയ മിനിട്‌സ് കൃത്രിമമാണെന്നു കണ്ട് കോടതി തള്ളിക്കളഞ്ഞു.

നിലവിലെ ഭരണസമിതിയിലെ 3 അംഗങ്ങള്‍ അധികാരം പിടിച്ചെടുക്കാന്‍ കൃത്രിമമായി ചമച്ച രേഖകള്‍ കോടതി വിശ്വാസത്തിലെടുത്തില്ലപ്രസ് ക്ലബിനു വേണ്ടി അഡ്വ. എസ്.ജെ. രാജപ്രതാപ് ഹാജരായി .തിരുവനന്തപുരം പ്രസ് ക്ലബിനു വേണ്ടി സെക്രട്ടറി എം. രാധാകൃഷ്ണന്‍ ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് മുന്‍സിഫ് കോടതി വിചാരണ നടത്തി വിധി പ്രസ്താവിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി എം. രാധാകൃഷ്ണനെ തത്സ്ഥാനത്തു നിന്ന് നീക്കാന്‍ വന്‍ ഗൂഢാലോചന നടന്നതായും കോടതി കണ്ടെത്തി.

2021ൽ ഫോബ്സ് മാഗസിൻ തെരഞ്ഞെടുത്ത ഇന്ത്യക്കാരായ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 10 മലയാളികളും. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യുസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറാണ് (35,600 കോടി രൂപ) യൂസഫലിയുടെ ആസ്തി. ഫോബ്സ് പട്ടികയില്‍ ആഗോളതലത്തില്‍ 589ാം സ്ഥാനത്തും ഇന്ത്യയില്‍ 26ാം സ്ഥാനത്തുമാണ് യൂസഫലി.

330 കോടി ഡോളര്‍ ആസ്തിയോടെ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളി. രവി പിള്ള, ബൈജു രവീന്ദ്രൻ (250 കോടി ഡോളര്‍ വീതം), എസ്.ഡി ഷിബുലാൽ (190 കോടി ഡോളര്‍), ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി (140 കോടി ഡോളര്‍), ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ് (130 കോടി ഡോളര്‍), ടി.എസ് കല്യാണരാമൻ (100 കോടി ഡോളര്‍) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ.

കഴിഞ്ഞ വർഷത്തെ അതിസമ്പന്നരുടെ പട്ടികയിൽ 102 ഇന്ത്യക്കാരാണ് ഇടം പിടിച്ചതെങ്കിൽ ഇത്തവണ അത് 140 ആയി ഉയർന്നുവെന്ന് ഫോബ്‌സ് അറിയിച്ചു. ഇന്ത്യയിലെ ശതകോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ്. 84.5 ബില്യൺ യുഎസ് ഡോളറാണ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും എച്ച്.‌സി.എൽ സ്ഥാപകൻ ശിവ് നടാറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുള്ളത്.

ഇവരുടെയെല്ലാം സമ്പത്ത് ചേർത്താൽ കഴിഞ്ഞ വർഷത്തേക്കാൾ രണ്ടിരട്ടി വർധിച്ചുവെന്നാണ് ഫോബ്സ് വ്യക്തമാക്കുന്നത്. ആരോഗ്യമേഖലയിലെ നിക്ഷേപത്തിലൂടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനാവാലയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 12.7 ബില്യൺ ഡോളറാണ് പൂനാവാലയുടെ ആസ്തി. ഇവർക്ക് പുറമെ കുമാർ ബിർല, ഉദയ് കൊടാക്, ലക്ഷ്മി മിത്തൽ എന്നിവരും പട്ടികയിലുണ്ട്.

ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിക്കും സഹപ്രവർത്തകർക്കും നേരെ സിപിഎം സൈബർ സഖാക്കളുടെ വധഭീഷണി . പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തിയതിനൊപ്പം സമരവുമായി ബന്ധപ്പെട്ടു ചില ചോദ്യങ്ങളും സന്ദീപ് വാചസ്പതി ഉന്നയിച്ചിരുന്നു. പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് വാചസ്പതി പറഞ്ഞിരുന്നു . രക്തസാക്ഷികളായ നൂറുകണക്കിന് വരുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരവ് അർപ്പിക്കാനാണ് താൻ എത്തിയതെന്നും സന്ദീപ് വ്യക്തമാക്കിയിരുന്നു.

ഇതിനൊന്നും മറുപടി നൽകാതെയാണ് സൈബർ സഖാക്കൾ സന്ദീപ് വാചസ്പതിക്ക് നേരെ ഭീഷണി ഉയർത്തുന്നത്.പുന്നപ്ര – വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തിയതുമായി ബന്ധപ്പെട്ടാണ് സന്ദീപിനു നേരെ സോഷ്യൽ മീഡിയയിലൂടെയും മറ്റും വധഭീഷണി ഉയരുന്നത് .ഇതുമായി ബന്ധപ്പെട്ട് സന്ദീപ് വാചസ്പതിയുടെ ചീഫ് ഇലക്ഷൻ ഏജന്റും ബി.ജെ.പി ആലപ്പുഴ ജില്ലാ സെൽ കോർഡിനേറ്ററുമായ ജി. വിനോദ് കുമാർ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. തനിക്ക് നേരെ വധഭീഷണി മുഴക്കുന്നവരോട് ‘ ചോദ്യങ്ങൾ ഉയരുമ്പോൾ ആയുധമല്ല മറുപടി…‘ എന്ന് പറഞ്ഞ് സന്ദീപും രംഗത്തെത്തി . ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു സന്ദീപിന്റെ ഈ മറുപടി .

തിരുവനന്തപുരം: ഇന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍ നേര്‍ന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്മര്‍ദ്ദങ്ങള്‍ മാറ്റി ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കുകയാണ്. കോവിഡ് കാരണം ഈ അധ്യയന വര്‍ഷത്തിലെ ഭൂരിഭാഗം ദിനങ്ങളിലും വിദ്യാലയങ്ങള്‍ അടച്ചിടേണ്ടി വന്നെങ്കിലും ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചു കുട്ടികള്‍ക്ക് അവശ്യമായ ക്ലാസുകള്‍ പരമാവധി നല്‍കാന്‍ സാധിച്ചു എന്നത് ആശ്വാസകരമാണ്.
ഈ പ്രതിന്ധന്ധി കാരണമുണ്ടായ സമ്മര്‍ദ്ദങ്ങളെ മാറ്റി വച്ച് ആത്മവിശ്വാസത്തോടെ വേണം പരീക്ഷയെ സമീപിക്കാന്‍. അതിനാവശ്യമായ കരുതല്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുമുണ്ടാകണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
പരീക്ഷാ കേന്ദ്രങ്ങള്‍ അവ കര്‍ശനമായി പാലിക്കണം. വിദ്യാര്‍ത്ഥികളും ആ നിയന്ത്രണങ്ങളോട് പൂര്‍ണമായി സഹകരിക്കണം. ഏറ്റവും സുരക്ഷിതമായി പരീക്ഷകള്‍ നടത്താന്‍ നമുക്ക് സാധിക്കണം. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും നല്ല രീതിയില്‍ പരീക്ഷകളില്‍ പങ്കെടുക്കാനും മികച്ച വിജയം കരസ്ഥമാക്കാനും സാധിക്കട്ടെയെന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നു.

ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി 8,68,697 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്നത്. നാളെ രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചക്ക് എസ്എസ്എല്‍സി പരീക്ഷയും നടക്കും. എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍ ഈമാസം 12വരെ ഉച്ചക്ക് ശേഷവും ഏപ്രില്‍ 15 മുതല്‍ രാവിലെയുമാണ് നടക്കുക.

റംസാന്‍ നോമ്പ് പരിഗണിച്ചാണ് ഈ മാസം 15 മുതല്‍ എസ്എസ്എല്‍സി പരീക്ഷ രാവിലേക്കു മാറ്റുന്നത്. നാളെ മുതല്‍ 12 വരെ ഉച്ചക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുക. വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ നടക്കുക. ഏപ്രില്‍ 15 മുതല്‍ രാവിലെ 9.40ന് പരീക്ഷ ആരംഭിക്കും. 29നാണ് അവസാന പരീക്ഷ

ഈ വര്‍ഷം 4,22,226 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി പരീക്ഷക്കായി 2947 പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജമായിക്കഴിഞ്ഞു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ രാവിലെ 9.40 മുതല്‍ ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷ 26ന് സമാപിക്കും. വിഎച്ച്എസ്ഇ ഏപ്രില്‍ 9 മുതലാണ് ആരംഭിക്കുക.2004 കേന്ദ്രങ്ങളിലായി 4,46,471 വിദ്യാര്‍ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുക.