International (Page 228)

നൂര്‍സുല്‍ത്താന്‍: സ്വയം നിര്‍മ്മിത വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കാനൊരുങ്ങി കസാഖിസ്ഥാന്‍. ക്വാസ് വാക് എന്ന് പേരിട്ട വാക്‌സിനാണ് ജനങ്ങള്‍ക്ക് ഇന്ന് മുതല്‍ നല്‍കി തുടങ്ങുന്നത്. ആരോഗ്യ മന്ത്രി അലെക്സേ സോയി സ്വയം വാക്സിന്‍ സ്വീകരിച്ചുകൊണ്ടാണ് പൊതുസമൂഹത്തിന് ആത്മവിശ്വാസം നല്‍കിയത്. കസാഖിസ്താന്റെ വൈറോളജി ഗവേഷണ സ്ഥാപനമായ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ സേഫ്റ്റി പ്രോബ്ലം എന്ന സ്ഥാപനമാണ് വാക്സിന്‍ നിര്‍മ്മിച്ചത്.
ആദ്യ ഘട്ടമായി അരലക്ഷം വാക്സിനാണ് രാജ്യത്തെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ റഷ്യയുടെ വാക്സിനായ സ്പുട്‌നിക് എത്തിച്ചിരുന്നു. ഇതുവരെ 1.87കോടി പേര്‍ക്കാണ് കൊറോണ പിടിപെട്ടത്. മരണസംഖ്യ ഇതുവരെ 3315 ആണ്.

വാഷിംഗ്‌ടണ്‍: കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് യു.എസിന് പിന്നാലെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഫ്രാൻസ്.എത്രയും വേഗം ഇന്ത്യക്ക് ആവശ്യമായ കൊവിഡ് സഹായം എത്തിക്കുമെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. എട്ട് ഓക്‌സിജന്‍ ജനറേറ്റുകളും 28 വെന്റിലേറ്ററുകളും ദ്രവ ഓക്‌സിജനുമാണ് ആദ്യ ഘട്ടത്തില്‍ ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറുന്നത്. ഫ്രാന്‍സിന്‍ നിന്നും പുറപ്പെട്ട ഉപകരണങ്ങള്‍ ഈ ആഴ്ച തന്നെ ഇന്ത്യയില്‍ എത്തുമെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പത്തുവര്‍ഷം വരെ ഓക്‌സിജന്‍ നിര്‍മിക്കാന്‍ പ്രാപ്തിയുള്ളതാണ് ഫ്രാന്‍സിന്‍ നിന്നെത്തുന്ന മെഡിക്കല്‍ ഓക്‌സിജന്‍ ജനറേറ്ററുകള്‍.

ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ തങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പെന്റഗൺ അറിയിച്ചു. ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ദ്രുത പരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ അമേരിക്കന്‍ വൈദ്യ സഹായം അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെത്തും. ആവശ്യമായ സാധനങ്ങള്‍ വേഗത്തിലെത്തിക്കുന്നതിന് തങ്ങള്‍ ഗതാഗത സഹായങ്ങള്‍ നല്‍കുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.

തങ്ങളുടെ അധികാരപരിധിക്കുള്ളില്‍ നല്‍കാവുന്ന ഏതൊരു പിന്തുണയും ഇന്ത്യയിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുണ്ട്. അത് ഉറപ്പുവരുത്തുന്നതിനായി ഇന്ത്യാ സര്‍ക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. മുന്നോട്ടുള്ള ദിവസങ്ങളിലും ഈ കൂട്ടായ പരിശ്രമങ്ങള്‍ പരസ്പരം സമന്വയിപ്പിക്കും. ഈ പ്രതിസന്ധി ലഘൂകരിക്കുന്നത് ഉറപ്പാക്കാന്‍ സഖ്യകക്ഷികളേയും സമാന ചിന്താഗതിക്കാരായ രാജ്യങ്ങളേയും ഏകോപിപ്പിക്കുന്നത് തുടരുമെന്നും കിര്‍ബി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് ബൈഡന്റ് ട്വീറ്റ് എത്തിയത്. അവശ്യഘട്ടത്തില്‍ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം ട്വീറ്ററിലൂടെ അറിയിച്ചു.

_khalif_burja

ദുബായ്: കോവിഡ് പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയര്‍പ്പിച്ച് ത്രിവര്‍ണമണിഞ്ഞ് ബൂര്‍ജ് ഖലീഫ. കൊവിഡ് വ്യാപനം കൊണ്ടുണ്ടായ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് യുഎഇ വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന് സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.ഞായറാഴ്ച രാത്രിയാണ് സ്റ്റേ സ്‌ട്രോങ് ഇന്ത്യ എന്ന സന്ദേശവുമായി ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിഞ്ഞത്.

oscar

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘ദി ഫാദര്‍’ എന്ന സിനിമയിലെ പ്രകടനത്തിന് 83-ാം വയസ്സില്‍ ആന്റണി ഹോപ്കിന്‍സ് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടി. നൊമാഡ് ലാന്‍ഡ് ചിത്രത്തിലെ പ്രകടനത്തിന് ഫ്രാന്‍സസ് മക്‌ഡോര്‍മെന്‍ഡ് മികച്ച നടിയായി.മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ ഡ്രാമ ചിത്രം നൊമാഡ്‌ലാന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ സംവിധായിക മികച്ച സംവിധായികയ്ക്കുള്ള പുരക്‌സാരവും നേടിയിരുന്നു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം സൗത്ത് കൊറിയന്‍ നടി യൂന്‍ യോ ജുങ് (മിനാരി) നേടിയപ്പോള്‍ മികച്ച സംവിധായികയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വനിത എന്ന നേട്ടത്തിനര്‍ഹയായി ക്‌ളോയി ഷാവോ. ഫ്രാന്‍സസ് മക്‌ഡോര്‍മെന്‍ഡ് വേഷമിട്ട ‘നൊമാഡ്‌ലാന്‍ഡ്’ എന്ന ചിത്രത്തിനാണ് ക്‌ളോയി പുരസ്‌കാരം നേടിയത്.
മണ്‍മറഞ്ഞുപോയ പ്രതിഭകള്‍ക്ക് ഓസ്‌കര്‍ അക്കാദമി ആദരമര്‍പ്പിച്ചു. ഇന്ത്യയില്‍ നിന്നും ഭാനു അത്തയ്യയ്ക്കും ഇര്‍ഫാന്‍ ഖാനും ആദരമര്‍പ്പിച്ചു.മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം ‘സൗണ്ട് ഓഫ് മെറ്റല്‍’ സ്വന്തമാക്കി.

മികച്ച ഛായാഗ്രഹണം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ തുടങ്ങിയ വിഭാഗങ്ങളിലെ പുരസ്‌കാരം ‘മാന്‍ക്’ സ്വന്തമാക്കി. ഡേവിഡ് ഫെഞ്ചര്‍ ആണ് സംവിധാനം. ഡൊണാള്‍ഡ് ഗ്രഹാം ബര്‍ട്ട്, ജാന്‍ പാസ്‌കേല്‍ എന്നിവര്‍ പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരം സ്വീകരിച്ചു. എറിക് മെസ്സെര്‍സ്മിഡ് ആണ് മികച്ച ഛായാഗ്രാഹകന്‍. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്റ്റായി ‘കോലെറ്റ്’ തെരഞ്ഞെടുക്കപ്പെട്ടു. മൈ ഒക്ടോപസ് ടീച്ചര്‍ മികച്ച ഡോക്യുമെന്ററി ഫീച്ചറായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമിനുള്ള ഓസ്‌കര്‍ റീസ് വിഥെര്‍സ്പൂണ്‍ പീറ്റ് ഡോക്ടര്‍ക്കും ഡാന മുറെക്കും സമ്മാനിച്ചു. ‘സോള്‍’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. സൗണ്ട് ഓഫ് മെറ്റല്‍ എന്ന ചിത്രത്തിന് വേണ്ടി മികച്ച ശബ്ദത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. റൈസ് അഹമ്മദ് പുരസ്‌കാരം സമ്മാനിച്ചു. മികച്ച മേക്കപ്പ്, വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം ആന്‍ റോത് നേടി. ‘ബ്ലാക്ക് ബോട്ടം’ എന്ന സിനിമയ്ക്കാണ് പുരസ്‌കാരം.

oxygen

റിയാദ്: ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ സഹായഹസ്തം. സൗദിയിലെ ലിന്‍ഡെ കമ്പനിയില്‍ നിന്നുള്ള ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും ഇന്ത്യയിലെത്തിക്കും.അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഓക്‌സിജന് ഇന്ത്യയിലെത്തിക്കുക. പിന്തുണയ്ക്കും സഹകരണത്തിനും സഹായത്തിനും സൗദി ആരോഗ്യ മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായി ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

ടാങ്കുകള്‍ക്കും സിലിണ്ടറുകള്‍ക്കും പുറമെ 5,000 മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍് സിലിണ്ടറുകളും ഉടന്‍ ഇന്ത്യയിലെത്തിക്കാന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ട്വീറ്റ് ചെയ്തു. ഇക്കാര്യത്തില്‍ നല്കിയ പിന്തുണയ്ക്ക് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ഔസാഫ് സഈദിന് നന്ദി അറിയിക്കുന്നതായി അദാനി കൂട്ടിച്ചേര്‍ത്തു.

വാഷിംഗ്ടണ്‍: കൊവിഡ് രൂക്ഷമായ ഇന്ത്യയിലേക്കും ബ്രസീലിലേക്കും ആവശ്യമായ വാക്‌സിനും മറ്റു മരുന്നുകളും എത്തിക്കണമെന്ന് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ് മൈറോണ്‍ ബ്രില്യന്റ് ആവശ്യപ്പെട്ടു. ഇതോടെ ആദ്യം അമേരിക്ക പിന്നെ മറ്റുള്ളവര്‍ എന്ന വാക്സിൻ നിലപാടില്‍ നിന്നും അമേരിക്ക മാറിയേക്കും. അമേരിക്കക്ക് ആവശ്യമായ വാക്‌സിന്‍ ജൂണിനുള്ളില്‍ രാജ്യത്ത് നിര്‍മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ ലോകത്ത് ആരും സുരക്ഷിതരല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ ട്വിറ്ററിലൂടെ സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് നിലപാട് വ്യക്തമാക്കിയത്.

അതേസമയം അമേരിക്കക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറ്റു രാജ്യങ്ങള്‍ക്ക് മരുന്നു നിര്‍മ്മിക്കാനുള്ള അസംസ്‌കൃതവസ്തുക്കള്‍ നല്‍കുന്നത് അത് കഴിഞ്ഞേ പരിഗണിക്കൂവെന്നും ബൈഡന്‍ ഭരണകൂടം വ്യക്തമാക്കിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ രാജ്യത്തേക്കുള്ള കയറ്റുമതി നിയന്ത്രിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് ഇക്കാര്യം അറിയിച്ചത്.അമേരിക്കയുടെ പ്രതിരോധ ഉൽപാദനനിയമ (ഡി.പി.എ.)പ്രകാരം ആഭ്യന്തര ഉപയോഗത്തിന് പ്രഥമപരിഗണന നല്‍കുന്നതിനാലാണ് കയറ്റുമതിയില്‍ നിയന്ത്രണം വന്നതെന്നും യു.എസ്. ഇന്ത്യയെ അറിയിച്ചിരുന്നു.

വാഷിങ്ടണ്‍: വാക്‌സിന്‍ അസംസ്‌കൃത വസ്തുക്കളുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി നിയന്ത്രിക്കരുതെന്ന ആവശ്യത്തില്‍ മറുപടിയുമായി െൈബഡന്‍ ഭരണകൂടം. അമേരിക്കക്കാര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറ്റു രാജ്യങ്ങള്‍ക്ക് മരുന്നു നിര്‍മിക്കാനുള്ള അസംസ്‌കൃതവസ്തുക്കള്‍ നല്‍കുന്നത് അത് കഴിഞ്ഞേ പരിഗണിക്കൂവെന്നും അമേരിക്ക വ്യക്തമാക്കി. കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യയില്‍ അസംസ്‌കൃതവസ്തുക്കള്‍ കിട്ടാത്തതുമൂലം വാക്‌സിന്‍ നിര്‍മാണവും മന്ദഗതിയിലാണ്. യു.എസില്‍നിന്ന് ഇറക്കുമതി ഇല്ലാത്തതാണ് പ്രധാനകാരണം.
മറ്റേതു രാജ്യത്തെക്കാളും അമേരിക്കയെയാണ് കോവിഡ് രൂക്ഷമായി ബാധിച്ചത്. ഏറ്റവുമധികം മരണവും ഇവിടെയാണ്. ഇതിനാല്‍ അമേരിക്കയ്ക്കാണ് മുന്‍ഗണന. ബാക്കി രാജ്യങ്ങള്‍ക്കുവേണ്ടിയും തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ ആവശ്യം മനസ്സിലാക്കുന്നുവെന്നും വിഷയം പരിഗണിക്കുമെന്നും യു.എസ്. നേരത്തേ ഉറപ്പുനല്‍കിയിരുന്നു.

ബാലി: ഇന്തോനേഷ്യയില്‍ 53 നാവികരുമായി പരീശീലനത്തില്‍ പങ്കെടുക്കുകയായിരുന്ന മുങ്ങിക്കപ്പല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. 44 വര്‍ഷം പഴക്കമുള്ള ജര്‍മന്‍ നിര്‍മിതമായ കെ. ആര്‍ ഐ നന്‍ഗാല 402 സൈനിക അന്തര്‍വാഹിനിയാണ് 24 മണിക്കൂര്‍ മുമ്പ് കാണാതായത്.പസഫിക് സമുദ്രത്തിലെ ബാലി ദ്വീപില്‍നിന്ന് 95 കിലോമീറ്റര്‍ അകലെയാണ് മുങ്ങിക്കപ്പല്‍ അപ്രത്യക്ഷമായത്. കെ. ആര്‍ ഐ നന്‍ഗാലഇന്ത്യന്‍ നാവിക സേനയും ഓസ്‌ട്രേലിയന്‍, സിംഗപ്പൂര്‍ സൈന്യവും അടക്കം കാണാതായ അന്തര്‍വാഹിനിക്കായി തെരച്ചില്‍ തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് ഇന്തോനേഷ്യ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഹായം തേടിയിരുന്നു. വിശാഖ പട്ടണത്തുനിന്നും ഇന്ത്യന്‍ നാവിക സേനയുടെ പ്രത്യേക സംഘമാണ് തെരച്ചിലിന് എത്തിയത്.

ബാലിയില്‍നിന്നും 96 കിലോ മീറ്റര്‍ വടക്ക് ഭാഗത്ത് ടോര്‍പ്പിഡോ പരീശീലനം നടത്തുകയായിരുന്നു ഈ മുങ്ങിക്കപ്പല്‍. 53 നാവികരാണ് ഇതിലുണ്ടായിരുന്നത്. അതിനിടെയാണ് അന്തര്‍വാഹിനിയില്‍നിന്നുള്ള ആശയവിനിമയം ഇല്ലാതായത്. ഈ മുങ്ങിക്കപ്പല്‍ 2300 അടി ആഴത്തില്‍ സമുദ്രത്തിനടിയില്‍ താണുപോയതായിരിക്കും എന്നാണ് ഇന്തോനേഷ്യന്‍ അധികൃതര്‍ സംശയിക്കുന്നത്. ഈ പ്രദേശത്ത് നേരത്തെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കടലിന്റെ മുകള്‍ഭാഗത്ത് എണ്ണപ്പാട കണ്ടെത്തിയിരുന്നു.19977-ലാണ് 1395 ടണ്‍ ഭാരമുള്ള മുങ്ങിക്കപ്പല്‍ ജര്‍മനിയില്‍ നിര്‍മിച്ചത്. 1981-ല്‍ ഇത് ഇന്തോനേഷ്യന്‍ നാവിക സേനയുടെ ഭാഗമായി. 2012-ല്‍ ഇതില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു.

അമേരിക്കയുടെ ഉപരോധം ഇന്ത്യയിലെയും മറ്റ് ലോകരാജ്യങ്ങളിലെയും വാക്സിൻ ഉത്പാദനത്തെ എങ്ങനെയാണ് ബാധിക്കുന്നത്. കോവിഷീൽഡ്, കോവിവാക്സ് എന്നീ വാക്സിനുകളുടെ ഉത്പാദനത്തിന് ആവശ്യമായ അംസ്കൃത വസ്തുക്കളുടെ കയറ്റുമതിയ്ക്ക് മേലുള്ള ഉപരോധം അമേരിക്ക നീക്കം ചെയ്യണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവാല യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടിരുന്നു.ഇന്ത്യയിൽ വാക്സിനുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി നിരോധനം യുഎസ് നീക്കം ചെയ്യണമെന്നാണ് ആവശ്യം.

കൊറിയൻ യുദ്ധ സമയത്ത് സാധനങ്ങളും ഉപകരണങ്ങളും ഉറപ്പാക്കാൻ സഹായിക്കുന്നതിനാണ് 1950ൽ ഈ നിയമം ആദ്യം പാസാക്കിയത്. ‘നിർണായക’ വസ്തുക്കളുടെയും ചരക്കുകളുടെയും ഉൽപാദനവും വിതരണവും വർദ്ധിപ്പിക്കുന്നതിനും ആഭ്യന്തര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് അമേരിക്ക ഇത്തരത്തിലൊരു നിയമം നടപ്പിലാക്കിയിരിക്കുന്നത്.ഈ വർഷം ആദ്യം യുഎസ് പ്രതിരോധ ഉൽ‌പാദന നിയമം നടപ്പാക്കാനുള്ള ബൈഡന്റെ തീരുമാനത്തിന്റെ ഫലമായി ചില കോവിഡ് -19 വാക്സിനുകളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന നിർണായക അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി അമേരിക്ക തടഞ്ഞിരുന്നു.

ഈ നിയമം നടപ്പിലാക്കിയതിന്റെ ഫലമായി രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യാൻ കഴിയാത്ത അസംസ്കൃത വസ്തുക്കളുടെ പട്ടിക വെളിപ്പെടുത്തിയിട്ടില്ല. ഒരു സാധാരണ വാക്സിൻ നിർമാണ പ്ലാന്റ് 9,000 വ്യത്യസ്ത വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏകദേശം 30 രാജ്യങ്ങളിലായി 300 ഓളം വിതരണക്കാരിൽ നിന്നാണ് ഈ വസ്തുക്കൾ ലഭ്യമാക്കുന്നത്.

അസംസ്കൃത വസ്തുക്കൾക്ക് ബദലുകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നാണ് വിവരം. നേരത്തെ ഓർഡറുകൾ നൽകിയ മരുന്ന് കമ്പനികളുടെ നിലവിലുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിന് തന്നെ ചില അസംസ്കൃത വസ്തുക്കൾ ഉത്പാദിപ്പിക്കുന്ന കമ്പനികൾ ബുദ്ധിമുട്ടുകയാണ്. ഉത്പാദനം 50 ശതമാനം വർദ്ധിപ്പിക്കേണ്ട സ്ഥിതിയിലാണ് പല കമ്പനികളും.

കോവിഡ് -19 മഹാമാരിയുടെ തുടക്കത്തിൽ, അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെന്റിലേറ്ററുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുക, വൈദ്യസഹായങ്ങളുടെ കയറ്റുമതി പരിമിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾക്കായി ഈ നിയമം നടപ്പാക്കിയിരുന്നു. ഈ വർഷം അധികാരമേറ്റ ശേഷം, പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ ആവശ്യമായ ‘നിർണായക’ വസ്തുക്കൾ, ചികിത്സകൾ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി ബൈഡനും ജനുവരി 21 മുതൽ നിയമത്തിന് സാധുത നൽകി.

ഒരാഴ്ച്ചയ്ക്ക് ശേഷം ഫൈസർ, ബയോൺടെക് വാക്സിനുകൾ നിർമ്മിക്കുന്നതിനും നൽകുന്നതിനും നിർണായകമായ ഉൽപ്പന്നങ്ങളുടെ വിതരണം ഉറപ്പാക്കാൻ ഈ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിക്കാൻ ബൈഡൻ ഭരണകൂടം നിർദ്ദേശിച്ചിരുന്നു. എന്നാൽ വീണ്ടും കഴിഞ്ഞ മാസം ജോൺസൺ ആന്റ് ജോൺസൺ വാക്സിന്റെ 24 × 7 ഉൽപ്പാദനം ഉറപ്പാക്കുന്നതിന് മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയ്ക്ക് നിരോധനം ഏർപ്പെടുത്തുന്നതായി ബൈഡൻ പ്രഖ്യാപിച്ചു.

നിർദ്ദിഷ്ട അസംസ്കൃത വസ്തുക്കളുടെ ശേഷി മറ്റ് രാജ്യങ്ങളിലും ഉണ്ടെന്ന് ചില വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, യുഎസാണ് പ്രധാന സംഭാവന നൽകുന്നത്.അത്‌കൊണ്ട് തന്നെ യു‌എസിന്റെ നിയന്ത്രണങ്ങൾ‌ ലോകത്തെ എല്ലാ പ്രധാന വാക്സിൻ വിതരണക്കാരുടെ ഉൽ‌പാദനത്തെ ബാധിക്കുമെന്നാണ് കരുതുന്നത്. കോവിഡ് -19 പ്രതിരോധത്തിനായി നിർമ്മിക്കുന്ന മിക്ക വാക്സിനുകളെയും നിരോധനം ബാധിക്കും. ഇതിൽ കോവിഷീൽഡ്, കോവിവാക്സ് തുടങ്ങിയ വാക്സിനുകളും ഉൾപ്പെടുന്നുണ്ട്.തുടർച്ചയായ നിയന്ത്രണങ്ങൾ പരിമിതമായ വിഭവങ്ങൾക്ക് വേണ്ടിയുള്ള മത്സരത്തിന് കാരണമാകുമെന്ന് മാത്രമല്ല, ചില ഉൽപ്പന്നങ്ങളുടെ റെഗുലേറ്ററി ക്ലിയറൻസുകൾ വൈകിപ്പിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ജറുസലം: ഇസ്രയേലിനെതിരെ വ്യോമപ്രതിരോധ മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തി സിറിയ. ആക്രമണം നടന്ന ഉടന്‍ സൈന്യം അപായസൈറണ്‍ മുഴക്കി. ഇന്നു പുലര്‍ച്ചെയായിരുന്നു ആക്രമണം. സിറിയ കരയില്‍് നിന്ന് വായുവിലേക്ക് വിക്ഷേപിച്ച മിസൈലുകളായിരുന്നു നഗരത്തില്‍ പതിച്ചതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതായോ മറ്റ് നാശനഷ്ടങ്ങള്‍ സംഭവിച്ചതായോ റിപ്പോര്‍ട്ടില്ല.ഇസ്രയേലിന്റെ ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്ന ദിമോണ നഗരത്തിനു കനത്ത കാവല്‍ ഏര്‍പ്പെടുത്തി.