International (Page 229)

റിയാദ്: രാജ്യത്ത് ആദ്യമായി ഹജ്ജ്, ഉംറ സുരക്ഷാ ഗാര്‍ഡുകളായി വനിതകളെ നിയമിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിയമിതരായ വനിതാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ സൗദി ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു. ട്വിറ്ററിലൂടെ അധികൃതര്‍ പുറത്തുവിട്ട രണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നിരവധിപ്പേര്‍ പങ്കുവെച്ചു.സൈനിക രംഗത്തെ വിവിധ പദവികളിലേക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ അപേക്ഷ നല്കാമെന്ന് നേരത്തെ സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മസ്ജിദുല് ഹറമിലെ വിവിധ വിഭാഗങ്ങളിലേക്ക് 1500ഓളം സ്ത്രീകളെ ഇരുഹറം കാര്യലയം നിയമിച്ചിരുന്നു.

സി എസ് കെയ്ക്ക് മികച്ച ബാറ്റിങ് കരുത്തുള്ളതിനാല്‍ ധോണിക്ക് വിശ്രമിക്കാമെന്ന അഭിപ്രായവുമായി മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ‘ഗ്ലൗസ് അണിഞ്ഞ് ക്യാച്ചുകളെടുക്കാനും സ്റ്റംപ് ചെയ്യാനും ധോണിക്ക് സാധിക്കുന്നുണ്ട്. സി എസ് കെയുടെ ബാറ്റിങ് ഓഡര്‍ വളരെ നീണ്ടതാണെന്നാണ് കരുതുന്നത്. ധോണിയോട് ബാറ്റിങ്ങില്‍ വലിയ സംഭാവന ചെയ്യണമെന്ന് ആരെങ്കിലും പറയുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനാല്‍ത്തന്നെ ധോണിക്ക് വിശ്രമമെടുക്കാം. ധോണി ഫോമിലേക്കെത്താന്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഫോമിലേക്കെത്തിയാല്‍ അവന്‍ എത്രത്തോളം അപകടകാരിയാണെന്ന് നമുക്ക് അറിയാം. എന്നാല്‍ ഫോമിലുള്ള താരങ്ങള്‍ നിലവില്‍ ടീമിലുണ്ട്. സാം കറാനെ നോക്കുക. വരുന്നു ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്നു. മികച്ച ഫോമിലാണവന്‍’- ലാറ പറഞ്ഞു.

2020 ഐ പി എല്ലിന് ശേഷം ഇപ്പോഴാണ് ധോണി ക്രിക്കറ്റ് കളിക്കുന്നത്.ഈ സീസണിന് ഒരു മാസം മുമ്പ് തന്നെ ധോണി പരിശീലനം ആരംഭിച്ചിരുന്നു. എന്നാല്‍ പഴയപോലെ കടന്നാക്രമിച്ച് കളിക്കാന്‍ ധോണിക്ക് സാധിക്കുന്നില്ല. ഇന്നലെ നടന്ന മത്സരം ചെന്നൈയുടെ നായകവേഷത്തിലെ ധോണിയുടെ 200ആം മത്സരമായിരുന്നു. 2008ല്‍ ഐ പി എല്‍ ആരംഭിച്ചത് മുതല്‍ സൂപ്പര്‍ കിങ്ങ്‌സിന്റെ നായക സ്ഥാനത്ത് ധോണിയുണ്ട്.ഒരു മത്സരത്തില്‍ ഒഴികെ ബാക്കി എല്ലാ മത്സരങ്ങളിലും ധോണിയാണ് ചെന്നൈയെ നയിച്ചിട്ടുള്ളത്.

ധോണി നിരാശപ്പെടുത്തുകയാണെങ്കിലും ടീം തുടര്‍ച്ചയായ രണ്ട് ജയങ്ങളിലൂടെ ടൂര്‍ണമെന്റില്‍ മുന്നേറുന്നുണ്ട്.ഈ സീസണിലെ ആദ്യമത്സരം തന്നെ ഡക്കായാണ് ധോണി തുടങ്ങിവെച്ചത്. ടൈമിംഗ് കണ്ടെത്താനാവാതെ ധോണി കുഴയുന്നതാണ് ക്രീസിലെ കാഴ്ച. രാജസ്ഥാന്‍ റോയല്‍സിനെതിരായി ഇന്നലെ നടന്ന മല്‍സരം ഇത് ശരിവെയ്ക്കുകയും ചെയ്തു. ഏഴാമനായി ക്രീസിലെത്തിയ ധോണിക്കു 17 ബോളില്‍ നേടാനായത് 18 റണ്‍സ് മാത്രമാണ്.കഴിഞ്ഞ സീസണില്‍ ഒഴികെ എല്ലാ ഐ പി എല്‍ സീസണിലും ചെന്നൈ ടീം പ്ലേഓഫ് കടന്നിട്ടുണ്ട് എന്നത് ധോണിയുടെ നായകമികവ് എടുത്ത് കാണിക്കുന്നു.

മിനിയാപോളിസ്: ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ്ജ് ഫ്ളോയിഡിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റക്കാരൻ എന്ന്‌ കോടതി. യു.എസ്. പോലീസുദ്യോഗസ്ഥനായ ഡെറക് ചൗവിനെയാണ് കേസിൽ ശിക്ഷിച്ചിരിക്കുന്നത്. 2020 മേയ് 25-നാണ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജരേഖകളുപയോഗിച്ചു എന്നാരോപിച്ചായിരുന്നു അന്ന് ഡെറക് ചൗവിൻ കഴുത്തിൽ കാലുകൊണ്ട് ഞെരിച്ച് ഫ്ലോയിഡിനെ കൊലപ്പെടുത്തിയത്.

സംഭവത്തെ തുടർന്ന് ഡെറക് ചൗവിനെയും മറ്റ് മൂന്ന് പോലീസുകാരേയും സേനയിൽ നിന്ന് പുറത്താക്കിയിരുന്നു. ഫെഡൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനായിരുന്നു അന്വേഷണം നടത്തിയത്.ജീവന് വേണ്ടി പിടയുന്ന ഫ്ലോയിഡിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അമേരിക്കയിൽ വൻ പ്രതിഷേധം നടക്കുകയും ചെയ്തു. വിധികേൾക്കാൻ കോടതിക്ക് പുറത്ത് വലിയ ജനകൂട്ടം തടിച്ചുകൂടുകയും മുദ്രാവാക്യം ഉയർത്തുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തില്‍ ഫ്ലോയിഡിന്‍റെ ഇളയ സഹോദരന്‍ പറഞ്ഞത്, ‘ഇതാ ഒടുവിൽ ഇന്ന് നമുക്ക് വീണ്ടും ശ്വാസമെടുക്കാന്‍ സാധിച്ചിരിക്കുന്നു’ എന്നാണ്. വിചാരണ വേളകളിലെല്ലാം ഫ്ലോയിഡിന്റെ കുടുംബക്കാർ അത്യന്തികം വൈകാരികമായും രോഷത്തോടെയും തങ്ങൾക്ക് നേരിട്ട അനീതിയെ കുറിച്ച് സംസാരിക്കുകയുണ്ടായി. സഹോദരനെ കുറിച്ചോർത്ത് ശബ്ദമിടറിയും കണ്ണീരോടെയുമാണ് അവർ സംസാരിച്ചിരുന്നത്.

‘വിധിയില്‍ സന്തോഷമുണ്ട്. എന്നാല്‍, ഇനിയും ഒരുപാട് പോരാടാനുണ്ട്’ എന്നാണ് മുന്‍ പ്രസിഡണ്ട് ബരാക് ഒബാമയും മുന്‍ ഫസ്റ്റ് ലേഡി മിഷേല്‍ ഒബാമയും പ്രതികരിച്ചത്. ‘ഞങ്ങളുടെ കുടുംബവും സുഹൃത്തുക്കളും പൗരന്മാരും അടക്കം മില്ല്യണ്‍ കണക്കിന് കറുത്ത വര്‍ഗക്കാര്‍ എപ്പോള്‍ വേണമെങ്കിലും നിയമപാലകരാല്‍ കൊല്ലപ്പെട്ടേക്കാം എന്ന ഭീതിയിലാണ് കഴിയുന്നത്. ആ അവസ്ഥ മാറേണ്ടതുണ്ട്’ എന്നും അവര്‍ പറഞ്ഞു. ‘ഞങ്ങള്‍ക്ക് വിശ്രമിക്കാനായിട്ടില്ല. ക്രിമിനല്‍ നീതി ന്യായ വ്യവസ്ഥയിലെ കറുത്ത വര്‍ഗക്കാരോടുള്ള പക്ഷഭേദത്തിനെതിരെ ഇനിയും ഒരുപാട് പോരാടാനുണ്ട്. കാലങ്ങളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് കിടക്കുന്ന ഒരു സമുദായത്തിന് സാമ്പത്തിക അവസരം വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ഞങ്ങൾ ഇരട്ടിയാക്കേണ്ടതുണ്ട്’ എന്നും ഇരുവരും പറഞ്ഞു.

രാജ്യത്തിന്റെ നിക്ഷേപങ്ങൾ മുഴുവൻ ഒരു രാജ്യത്ത് ചെയ്യുന്നത് ബുദ്ധിയാവില്ലെന്നും ചൈനയുമായി വാണിജ്യ ഇടപാടുകളുടെ കാര്യത്തിൽ ന്യൂസിലാൻഡ് വെച്ചുപുലർത്തുന്ന അമിതാശ്രയത്വം രാജ്യത്തിന് ഭാവിയിൽ ദോഷം ചെയ്യുമെന്നും രാജ്യത്തെ വിദേശകാര്യ വകുപ്പ് മന്ത്രി നനൈയ മഹൂട്ട.ന്യൂസിലാൻഡ് ചൈന കൗൺസിലിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മഹൂട്ട. ചൈനയോടൊപ്പം മറ്റുള്ള രാജ്യങ്ങളുമായും വാണിജ്യബന്ധങ്ങൾ വളർത്തണമെന്നാണ് മഹൂട്ടയുടെ നിർദേശം.

ഈ അവസരത്തിൽ ചൈനയുമായുള്ള വ്യാപാര ബന്ധം അനുപേക്ഷണീയമാണ് എങ്കിലും, ഈ ബന്ധം ന്യൂസിലൻഡിന്റെ ഭാവി താത്പര്യങ്ങൾ കൂടി പരിഗണിച്ചുള്ളതാവണം എന്ന് അവർ ഓർമിപ്പിച്ചു. പസിഫിക് മേഖലയിൽ ചൈന സ്ഥിരം എടുത്ത് പ്രയോഗിക്കുന്ന ‘കടക്കെണി രാഷ്ട്രീയ’ത്തെക്കുറിച്ചും അവർ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. ന്യൂസിലൻഡിന്റെ പുരോഗതിയിലും, സ്ഥിരതയിലും ചൈനയ്ക്കുള്ള പങ്ക് വെറും വായ്‌പകൾ തന്നുകൊണ്ടാവരുത് എന്നും അവർ അടിവരയിട്ടു പറഞ്ഞു.

nasa

ന്യൂയോർക്ക്∙ ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പെഴ്‌സിവീയറൻസിന്റെ ഭാഗമായുള്ള ‘ഇൻജെന്യൂയിറ്റി’ ഹെലികോപ്റ്റർ പറത്തുന്നതിൽ അമേരിക്കൻ ബഹിരാകാശ ഏജൻസി വിജയിച്ചു.മാഴ്സ് 2020 ദൗത്യത്തിന്റെ ഭാ​ഗമായ കുഞ്ഞൻ ഹെലികോപ്റ്റ‍ർ ഇൻജെന്വുറ്റി ചൊവ്വയിലെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി.

‘ഇൻജെന്യൂയിറ്റി’ കഴിഞ്ഞയാഴ്ച പറത്താനാണു നിശ്ചയിച്ചിരുന്നതെങ്കിലും പരിശോധനകളിൽ പൂർണ മികവ് കണ്ടെത്താനാകാതെ വന്നതോടെയാണു മാറ്റിവച്ചത്. 1.8 കിലോഗ്രാം ഭാരവും 4 ചിറകുകളും വീതമുള്ള 2 റോട്ടറുകളുമുള്ള ഇൻജെന്യൂയിറ്റി കഴിഞ്ഞ ഫെബ്രുവരി 18നാണ് പെഴ്‌സിവീയറൻസിൽ ചൊവ്വയിലെത്തിച്ചത്. റോവറിന്റെ ഹൃദയഭാഗത്തിലുള്ള പേടകത്തിൽ സ്ഥിതി ചെയ്തിരുന്ന ഹെലികോപ്റ്ററിനെ പുറത്തിറക്കി ചൊവ്വയുടെ ഉപരിതലത്തിൽ സ്ഥാപിച്ചിരിക്കുകയായിരുന്നു.

ഭൂമിയുടെ അന്തരീക്ഷത്തേക്കാൾ വളരെ നേ‌ർത്തതാണ് ചൊവ്വയുടെ അന്തരീക്ഷം, ​ഗുരുത്വാക‌ർഷണവും കുറവ്, അന്തരീക്ഷത്തിൽ പൊടി പടലങ്ങളുടെ അംശവും കൂടുതലാണ് അത് കൊണ്ട് തന്നെ ഭൂമിയിൽ പറക്കുന്നത് പോലെയല്ല ചൊവ്വയിൽ ഒരു ഹെലികോപ്റ്റർ പറത്തുന്നത്. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് ഇൻജെന്വുറ്റിയുടെ വിജയം. ഭാവി പര്യവേഷണ ദൗത്യങ്ങൾക്ക് ഈ കുഞ്ഞൻ ഹെലികോപ്റ്റ‍റിലൂടെ പഠിച്ച കാര്യങ്ങൾ മുതൽക്കൂട്ടാകും. ചരിത്ര സ്മരണയ്ക്കായി റൈറ്റ് സഹോദരൻമാരുടെ ആദ്യ വിമാനത്തിന്റെ ഒരു ചെറിയ കഷ്ണവും ഇൻജെനുവിറ്റിയിൽ ഉൾക്കൊള്ളിച്ചിരുന്നു.

ന്യൂയോര്‍ക്ക്: കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യുകെ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് യുഎസിന്റെ നടപടി.ഇന്ത്യയില്‍ പോകണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ യാത്രയ്ക്ക് മുന്‍പ് പൂര്‍ണമായി വാക്‌സിന്‍ സ്വീകരിക്കണമെന്നും സിഡിസി നിര്‍ദേശിച്ചു.

ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്കു പിന്നാലെയാണ് ബ്രിട്ടന്റെ നടപടി. വൈറസിന്റെ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു.കെ.,/അയര്‍ലന്‍ഡ് പൗരന്മാര്‍ ഒഴികെയുള്ളവര്‍ക്ക് ഇന്ത്യയില്‍ നിന്ന് ബ്രിട്ടിനിലേക്ക് വരാനാകില്ലെന്നും ഹാന്‍കോക്ക് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലെത്തുന്ന യു.കെ./ അയര്‍ലന്‍ഡ് പൗരന്മാര്‍ പത്തുദിവസം സര്‍ക്കാര്‍ അംഗീകൃത ഹോട്ടലുകളില്‍് ക്വാറന്റീനില്‍ കഴിയണം. ഇതിന് പണം നല്കുകയും വേണം.

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി. ഈ മാസം 26 മുതല്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചത്.ഇതു രണ്ടാം വട്ടമാണ് ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം അനിശ്ചിതത്വത്തിലാകുന്നത്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഇന്ത്യ ക്ഷണിച്ചിരുന്നത് അദ്ദേഹത്തെയായിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളിലും കോവിഡ് വ്യാപനം വര്‍ധിച്ചത് കണക്കിലെടുത്ത് സന്ദര്‍ശനം ഏപ്രിലിലേക്ക് നീട്ടിയിരുന്നു.

നാട്ടിലെ ജനങ്ങളെ വിവിധ ഗ്രേഡുകളിൽ ആയി തരംതിരിക്കുന്ന ‘സോഷ്യൽ ക്രെഡിറ്റ് സിസ്റ്റ’വുമായി ചൈനീസ് ഗവൺമെന്റ്. പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന തരത്തിലുള്ള പല നിരീക്ഷണ സംവിധാനങ്ങളിലൂടെയുമാണ് ഈ റേറ്റിങ് സംവിധാനം ഗവൺമെന്റ് നടപ്പിൽ വരുത്തുക. ഇതിൽ ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങളിൽ പൗരന്മാർ നടത്തുന്ന ഇടപാടുകളുടെ വിവരങ്ങൾ മുതൽ, അയൽക്കാരോട് ‘നല്ല പെരുമാറ്റം’ ആണോ എന്നതിന്റെ അടിസ്ഥാനത്തിൽ വരെയുള്ള സ്കോറിങ് ഉണ്ടായിരിക്കും. സ്‌കോർ മോശമായിട്ടുള്ളവരെ വിമാനത്തിൽ സഞ്ചരിക്കുന്നതിൽ നിന്നും, അതിവേഗ തീവണ്ടികളിൽ സഞ്ചരിക്കുന്നതിൽ നിന്നുമൊക്കെ വിലക്കുന്നത് അടക്കമുള്ള നടപടികൾക്ക് വിധേയനാക്കും. ഒരർത്ഥത്തിൽ ഗ്രേഡ് കുറഞ്ഞവർ രണ്ടാംകിട പൗരന്മാരായി രാജ്യത്ത് ജീവിക്കേണ്ടി വരുമെന്നർത്ഥം.

2014 -ൽ പൈലറ്റ് അടിസ്ഥാനത്തിൽ തുടങ്ങിയ ഈ പദ്ധതി, സർക്കാർ ഇടപാടുകളിലെ സത്യസന്ധത, സാമ്പത്തിക കാര്യങ്ങളിലെ സുതാര്യത, സാമൂഹിക ഇടപെടലുകളിൽ നേരും നെറിയും, നീതിന്യായ വ്യവഹാരങ്ങളിൽ പുലർത്തുന്ന വിശ്വാസ്യത എന്നിവയെ അളക്കാൻ വേണ്ടി വിഭാവനം ചെയ്യപ്പെട്ട ഒന്നാണ്. A+++ മുതൽ D വരെ സ്‌കോറുകൾ ഉണ്ട്. ചില കുറ്റകൃത്യങ്ങൾ ക്രെഡിറ്റ് റേറ്റിങ്ങിൽ ഒറ്റയടിക്ക് ഇടിവുണ്ടാക്കും. ഉദാഹരണത്തിന് മദ്യപിച്ചു വണ്ടിയോടിച്ചതിനു പിടിക്കപ്പെട്ടാൽ നിങ്ങൾ നേരെ C റേറ്റിങ്ങിലേക്ക് വീഴും. A+++ റേറ്റിങ് ഉള്ളവർക്ക് പൊതു ബൈക്കുകൾ നിക്ഷേപം കൂടാതെ വാടകയ്‌ക്കെടുക്കാനും, മഞ്ഞുകാലത്ത് ഹീറ്റിങ് ഡിസ്‌കൗണ്ട് നേടാനും, നല്ല നിരക്കുകളിൽ ബാങ്ക് വായ്പകൾ നേടാനും എല്ലാം കഴിയും.

ഉയർന്ന ക്രെഡിറ്റ് റേറ്റിങ് ഉള്ളവർക്ക് വളരെ എളുപ്പത്തിൽ വായ്പകൾ കിട്ടും, വൈദ്യുതി ബില്ലിൽ ഇളവുകൾ കിട്ടും. ഈ പുതുസങ്കല്പത്തെപ്പറ്റി സ്റ്റേറ്റ് കൗൺസിൽ പറയുന്നത് ഇത്, ‘ഉയർന്ന റേറ്റിങ് ഉള്ള മാന്യന്മാരെ ആകാശത്തിനു കീഴിലുള്ള എവിടെയും അനായാസം സഞ്ചരിക്കാൻ സഹായിക്കുകയും, ക്രെഡിറ്റ് റേറ്റിങ് മോശമായവരെ ഒരടി പോലും വെക്കാൻ സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന’ ഒന്നാണ് എന്നാണ്. ഇതിന്റെ ആദ്യഘട്ടം 2020 ആയപ്പോഴേക്കും രാജ്യവ്യാപകമായി തന്നെ വിജയപൂർവ്വം നടപ്പിൽ വരുത്തിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.ഒരാളുടെ ക്രെഡിറ്റ് റേറ്റിങ്ങിന് അയാളുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കുന്ന രീതിയിലായിരിക്കും പൂർണമായും സർക്കാർ നിയന്ത്രണത്തിലുള്ള സാമ്പത്തിക, സാമൂഹിക സംവിധാനങ്ങൾ ക്രമപ്പെടുത്തുക.

ജയ്ദീപ് പ്രഭു എഴുതി, പ്രൊഫൈൽ ബുക്സ് പുറത്തിറക്കിയ ‘How Should A Government Be?‘ എന്ന പുസ്തകത്തിൽ ഈ സംവിധാനത്തെക്കുറിച്ചുള്ള വിശദമായ പരാമർശങ്ങൾ ഉണ്ട്.ഒരു ട്രാഫിക് നിയമ ലംഘനം അതിൽ നിന്ന് അഞ്ചു പോയന്റ് കുറയ്ക്കും. ഏതെങ്കിലും മഹദ് കൃത്യം ചെയ്യുകയോ, നല്ല രീതിയിൽ വ്യാപാരം നടത്തുകയോ, നിങ്ങളുടെ കുടുംബത്തെ ദുർഘട സന്ധിയിൽ സഹായിക്കുകയോ ഒക്കെ ചെയ്തതിന് ഒരു സിറ്റി ലെവൽ അംഗീകാരം നിങ്ങൾക്ക് കിട്ടുകയാണെങ്കിൽ നിങ്ങൾക്ക് 30 പോയിന്റ് ലഭിക്കും. വകുപ്പുതലത്തിൽ കിട്ടുന്ന അംഗീകാരം അഞ്ചു പോയിന്റ് കൂട്ടിച്ചേർക്കും.

ചാരിറ്റി പ്രവർത്തനങ്ങൾക്ക് സ്വമേധയാ പങ്കെടുക്കുക വഴിയും അഞ്ചു പോയിന്റ് കൂട്ടിച്ചേർക്കാം. ഇങ്ങനെ പലതരത്തിൽ നേടുകയും നഷ്ടപ്പെടുത്തുകയും ചെയ്ത ശേഷം ബാക്കിവരുന്ന നിങ്ങളുടെ ക്രെഡിറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് ഫൈനൽ അക്രഡിറ്റേഷൻ നിങ്ങൾക്ക് അനുവദിക്കുക. വ്യക്തികൾക്ക് എന്ന പോലെ സ്ഥാപനങ്ങൾക്കും സമാനമായ ക്രെഡിറ്റ് റേറ്റിങ് സംവിധാനം നഗരത്തിൽ നിലവിലുണ്ട്. നികുതികൾ യഥാസമയം അടച്ചാൽ കമ്പനികളുടെ റേറ്റിങ് മെച്ചപ്പെടും. അതേസമയം, ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ വിറ്റഴിച്ചാൽ ക്രെഡിറ്റ് റേറ്റിംഗുകൾ കുത്തനെ ഇടിയുകയും ചെയ്യും. മികച്ച റേറ്റിങ് ഉള്ള സ്ഥാപനങ്ങൾക്ക് എളുപ്പത്തിൽ വായ്പകൾ ലഭിക്കുമ്പോൾ മോശം റേറ്റിങ് ഉള്ളവയ്ക്ക് ടെണ്ടർ പ്രക്രിയയിൽ പോലും പ്രവേശനം നിഷേധിക്കപ്പെട്ടെന്നു വരാം.

ഈ സംവിധാനം ഇതിനകം ജനങ്ങൾക്കിടയിൽ കടുത്ത മുറുമുറുപ്പിനും കാരണമായിട്ടുണ്ട്. ഇങ്ങനെ ക്രെഡിറ്റ് റേറ്റിങ് നൽകി തരം തിരിച്ച് 2018 വരെ തന്നെ ഏകദേശം 55 ലക്ഷം പേർക്ക് വിമാനടിക്കറ്റ് നിഷേധിച്ച സാഹചര്യം ഉണ്ടായിക്കഴിഞ്ഞു. ഇങ്ങനെ പൗരന്മാരെ നിരീക്ഷിച്ച് ശേഖരിക്കപ്പെടുന്ന ഡാറ്റയും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന അഭിപ്രായം പല കേന്ദ്രങ്ങളിൽ നിന്നും വന്നു കഴിഞ്ഞു. വിമർശനങ്ങൾ എമ്പാടും ഉയർന്നുകഴിഞ്ഞു എങ്കിലും, മുന്നോട്ടു തന്നെ പോകാൻ ഉറപ്പിച്ചാണ് ചൈനീസ് ഗവണ്മെന്റിന്റെ നിലപാട്. ഇത് പൂർണമായും നടപ്പിൽ വന്നാൽ അധികം താമസിയാതെ അത് ആഗോളതലത്തിൽ തന്നെ പുത്തൻ ഭരണ ട്രെൻഡുകൾക്ക് തുടക്കമാകും എന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും, ഭരണസിരാകേന്ദ്രങ്ങളും കരുതുന്നത്.

പലരെയും മക്കളെ ചില നല്ല സ്‌കൂളുകളിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും ഹോട്ടലിൽ മുറിയെടുക്കുന്നതിൽ നിന്നും എന്തിന് തൊഴിൽ നേടുന്നതിൽ നിന്നുപോലും, ഇങ്ങനെ മോശം റേറ്റിങ് വന്നത് കാരണം വിലക്കിയിട്ടുണ്ട് ഗവൺമെന്റ്. ഈ ക്രെഡിറ്റ് റേറ്റിങ് സംവിധാനം ഞെട്ടിക്കുന്നതാണ് എന്നും, സർക്കാർ അധികാരികൾ ഇതിനെ വല്ലാതെ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നുമാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് അഭിപ്രായപ്പെട്ടത്. ഇതിനു സമാനമായ സംവിധാനങ്ങൾ പാശ്ചാത്യ രാജ്യങ്ങളിലും സാമ്പത്തിക രംഗത്ത് നിലവിലുണ്ട് എങ്കിലും, പൗരന്മാരുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന, എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ഒന്നാണ് ചൈനയിലെ റേറ്റിങ് എന്നതാണ് അതിനെ വിവാദാസ്പദമാക്കുന്നത്.

ന്യൂയോർക്ക്:ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന മൂന്ന് ശാസ്ത്രജ്ഞർ ഭൂമിയിൽ തിരിച്ചിറങ്ങി. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ബഹിരാകാശ നിലയത്തിൽ നിന്നും റഷ്യയുടെ സോയൂസ് പേടകത്തിൽ നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരായ കേറ്റ് റൂബിൻസ്, റഷ്യൻ സഞ്ചാരികളായ സെർജീ ഋഷികോവ്, സെർജൂ കുദ് വെർച്ചോകോവ് എന്നിവരാണ് തിരിച്ചിറങ്ങിയത്. കസാഖിസ്താൻ മരുഭൂമിയിലാണ് ബഹിരാകാശ വാഹനം ഇറങ്ങിയത്.

റഷ്യൻ നിർമ്മിത ബഹിരാകാശ വാഹനത്തിലെ നാസയുടെ അവസാന യാത്രയാണിത്. ബഹിരാകാശ നിലയത്തിലേക്ക് ഇനി പോകുന്നത് സ്‌പേസ് എക്‌സിന്റെ വാഹനങ്ങളായിരിക്കുമെന്ന് നാസ അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മൂവരും ഗവേഷണങ്ങൾക്കായി ബഹിരാകാശത്തേക്ക് യാത്രയായത്.