ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാസ

nasa

ന്യൂയോര്‍ക്ക് : നിയന്ത്രണം വിട്ട് നിലം പതിച്ച റോക്കറ്റിന്റെ കാര്യത്തില്‍ ചൈനയെ വിമര്‍ശിച്ച് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണാണ് വിമര്‍ശനവുമായി എത്തിയത്. ഭൂമിയിലേക്ക് പതിക്കുമെന്നറിഞ്ഞിട്ടും അപകട സാദ്ധ്യതകള്‍ കുറയ്ക്കാനുള്ള നടപടികള്‍ ചൈന സ്വീകരിച്ചില്ലെന്നും പര്യവേഷണങ്ങള്‍ നടത്തുന്ന രാജ്യങ്ങള്‍ ആളുകള്‍ക്കും, വസ്തുക്കള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഇത്തരം കാര്യങ്ങളില്‍ സുതാര്യത ഉറപ്പാക്കണമെന്നും നെല്‍സണ്‍ പ്രതികരിച്ചു.ചൈനീസ് റോക്കറ്റായ ലോംഗ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ മാലിദ്വീപിനടുത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് പതിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതോടെ റോക്കറ്റിന്റെ പ്രധാന ഭാഗങ്ങളെല്ലാം കത്തി നശിച്ചിരുന്നു. 100 അടി ഉയരവും 22 ടണ്‍ ഭാരവുമുള്ളതായിരുന്നു റോക്കറ്റ്. ഇതിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് ഭൂമിയിലേക്ക് പതിച്ചത്.