International (Page 21)

ഇസ്ലാമാബാദ്: സഖ്യ സർക്കാരുണ്ടാക്കാൻ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും (പിപിപി) പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസും (പിഎംഎൽഎൻ) തമ്മിൽ ധാരണയായി. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇതുസംബന്ധിച്ച ധാരണയായത്. പിഎംഎൽഎൻ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് കഴിഞ്ഞ ദിവസം രാത്രി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ പ്രഖ്യാപിച്ചിരുന്നു.

പിപിപി കോ ചെയർമാൻ ആസിഫ് അലി സർദാരിയാണ് പ്രസിഡന്റാവുക. ദേശീയ അസംബ്ലിയിൽ 17 അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്‌മെന്റും (പാക്കിസ്ഥാൻ) സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) സ്വതന്ത്രർ സുന്നി ഇത്തിഹാദ് കൗൺസിൽ എന്ന കക്ഷിയിൽ ചേർന്നു സർക്കാരുണ്ടാക്കാൻ ശ്രമം ആരംഭിച്ചിരുന്നുവെങ്കിലും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നേടാനായില്ലെന്നും ഭൂട്ടോ വ്യക്തമാക്കി.

ഈ മാസം 8 നാണ് പൊതുതിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പു ചിഹ്നം നിഷേധിക്കപ്പെട്ടതിനാൽ സ്വതന്ത്രരായി മത്സരിച്ച പിടിഐ സ്ഥാനാർഥികൾ 93 സീറ്റിൽ വിജയിച്ചു. സൈന്യത്തെ വെല്ലുവിളിച്ചു തിരഞ്ഞെടുപ്പു വിജയം നേടിയ ഇമ്രാൻ ഖാന്റെ കക്ഷി അധികാരത്തിലെത്തുന്നതു തടയാൻ സൈന്യം ഇടപെട്ട് പിപിപിയെ അനുനയിപ്പിച്ചാണ് സഖ്യത്തിലേക്ക് എത്തിച്ചത്.

മസ്‌കറ്റ്: അധിക ബാഗേജിന് എയർ ഇന്ത്യ എക്‌സ്പ്രസ് നിരക്കിളവ് പ്രഖ്യാപിച്ചു. ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കാണ് അധിക ബാഗേജുകൾക്ക് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 45 ശതമാനം വരെയാണ് അധിക ബാഗേജിന് ഇളവ് നൽകിയിരിക്കുന്നത്.

മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാർച്ച് 30 വരെ ഇളവ് ലഭിക്കുക. നേരത്തെ 16 റിയാലാണ് അഞ്ച് കിലോ അധിക ബാഗേജിന് ഈടാക്കിയിരുന്നത്. ഇപ്പോൾ ഇത് ഒമ്പത് റിയാലായി കുറഞ്ഞു.

10 കിലോ അധിക ബാഗേജിന് 32 റിയാലിയിരുന്നത് 18 റിയാലായി കുറഞ്ഞു. 15 കിലോ അധിക ബാഗേജിന് 52 റിയാലിൽ നിന്ന് 30 റിയാലായും കുറഞ്ഞു. അതേസമയം, ടിക്കറ്റിനൊപ്പമുള്ള ബാഗേജ് നിരക്കുകൾ സാധാരണ നിലയിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

വെല്ലിംഗ്ടൺ: ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആധികാരിക ജയവുമായി ന്യൂസിലൻഡ് ടെസ്റ്റ് പരമ്പര 2-0ന് വിജയിച്ചപ്പോൾ ശ്രദ്ധ നേടിയത് മുൻ നായകൻ കെയ്ൻ വില്യംസണായിരുന്നു. അദ്ദേഹമായിരുന്നു ടീമിനെ മുന്നിൽ നിന്നും നയിച്ചത്. 92 വർഷത്തിനിടെ കളിച്ച 18 ടെസ്റ്റ് പരമ്പരകളിൽ ആദ്യമായാണ് ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര നേടുന്നത്.

രണ്ടാം ഇന്നിംഗ്‌സിൽ 269 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കിവീസ് ഏഴ് വിക്കറ്റിന് ജയിച്ചു കയറിയപ്പോൾ 133 റൺസുമായി വില്യംസൺ പുറത്താകാതെ നിന്നു. 32-ാം സെഞ്ചുറി നേടിയതോടെ ടെസ്റ്റ് കരിയറിൽ വില്യംസൺ സെഞ്ചുറി നേട്ടത്തിൽ സ്റ്റീവ് സ്മിത്തിനൊപ്പം(32) എത്തി. ഇതിന് പുറമെ ഏറ്റവും കുറവ് ഇന്നിംഗ്‌സുകളിൽ 32 സെഞ്ചുറി തികക്കുന്ന താരമെന്ന റെക്കോർഡും വില്യംസൺ നേടി.

72 ഇന്നിംഗ്‌സുകളിൽ നിന്നാണ് വില്യംസൺ 32-ാം സെഞ്ചുറിയിലെത്തിയത്. വിരാട് കോലി 191 ഇന്നിംഗ്‌സുകളിൽ നിന്നാണ് 29 സെഞ്ചുറികൾ നേടിയിട്ടുള്ളത്. സച്ചിൻ ടെൻഡുൽക്കർ സെഞ്ചുറിയിലെത്താൻ വേണ്ടിവന്നത് 179 ഇന്നിംഗ്‌സുകളായിരുന്നു.

വാഷിംഗ്ടൺ: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരെ നടന്ന ആക്രമണം നടന്ന സംഭവത്തിൽ പ്രതികരണവുമായി വൈറ്റ് ഹൗസ്. ഇത്തരം അക്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അക്രമങ്ങൾക്ക് ഒരു ന്യായീകരണവുമില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരായ ആക്രമണങ്ങൾ തടയുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നാണ് വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബി അറിയിച്ചത്. വംശമോ ലിംഗഭേദമോ മതമോ മറ്റേതെങ്കിലും ഘടകമോ അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് ഒരു ന്യായീകരണവുമില്ല. അമേരിക്കയിൽ അത് തീർത്തും അസ്വീകാര്യമാണെന്നും ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നേരെ അമേരിക്കയിലുണ്ടായ ആക്രമണ പരമ്പരയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചു.

അത്തരത്തിലുള്ള ആക്രമണങ്ങൾ തടയാൻ സംസ്ഥാന, പ്രാദേശിക അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യം ഉറപ്പാക്കാൻ പ്രസിഡന്റും ഭരണകൂടവും കഠിനമായി പരിശ്രമിക്കുന്നുണ്ട്. അവർ ഉത്തരവാദിത്തം നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾ കഴിഞ്ഞ ഏതാനും ആഴ്ച്ചക്കുള്ളിൽ അമേരിക്കയിൽ കൊല്ലപ്പെട്ടിരുന്നു. ജനുവരി മാസം ഇന്ത്യൻ വിദ്യാർത്ഥിയായ വിവേക് സൈനിയെ കൊലപ്പെടുത്തിയിരുന്നു. മയക്കുമരുന്നിന് അടിമയായ വ്യക്തിയാണ് കൊലപാതകം നടത്തിയത്. ജോർജിയയിലെ ലിത്തോണിയയിലായിരുന്നു സംഭവം നടന്നത്. ഇതിന് പുറമെ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വ്യത്യസ്ത സംഭവങ്ങളിലായി ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടുകയും ആക്രമണത്തിന് ഇരയാകുകയും ചെയ്തിരുന്നു.

അബുദാബി: അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം വിശ്വാസി സമൂഹത്തിനായി സമർപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി മോദി. യുഎഇ ഭരണാധികാരികൾ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ ക്ഷേത്ര ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചു. ക്ഷേത്രം നിർമ്മിച്ച തൊഴിലാളികളെ പ്രധാനമന്ത്രി സന്ദർശിക്കുകയും അവരോട് സംസാരിക്കുകയും ചെയ്തു.

ക്ഷേത്രത്തിലെ ശിലയിൽ പ്രധാനമന്ത്രി വസുദൈവ കുടുംബകം എന്ന് കൊത്തി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാക്ഷേത്രമാണ് ബാപ്സ് ഹിന്ദുമന്ദിർ. മഹദ് സ്വാമി മഹാരാജിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രാണ പ്രതിഷ്ഠ ചടങ്ങ് നടന്നത്. മറ്റ് പ്രത്യേക പൂജകളും ക്ഷേത്രത്തിൽ നടത്തിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരുന്നു ക്ഷേത്രത്തിലേക്ക് പ്രവേശനം നൽകിയിരുന്നത്. ഈ മാസം 18ന് ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും. സന്ദർശനത്തിനായി ഓൺലൈനായി നേരത്തെ ബുക്ക് ചെയ്തവർക്ക് ദർശനം നടത്താം. വിദേശ സന്ദർശകരിൽ നിന്ന് ധാരാളം രജിസ്ട്രേഷനുകൾ ഉള്ളതിനാൽ പൊതുജനങ്ങൾക്ക് മാർച്ച് ഒന്നു മുതൽ ക്ഷേത്രം സന്ദർശിക്കാം എന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

2015ലാണ് അബുദാബിയിൽ ക്ഷേത്രനിർമാണത്തിന് സ്ഥലം വിട്ട് നൽകിയത്. ദുബായ്- അബുദാബി ഹൈവേയിൽ അബു മുറൈഖിൽ യുഎഇ പ്രസിഡണ്ട് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നൽകിയ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചത്. ക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിട്ടത് 2018 ലാണ്. യുഎഇയിലെ 7 എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴ് കൂറ്റൻ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണം. 32 മീറ്ററാണ് ക്ഷേത്രത്തിന്റെ ഉയരം. ക്ഷേത്രത്തിനകത്ത് ചില രൂപങ്ങൾ കൊണ്ട് നിർമ്മിച്ച 96 തൂണുകളും ഉണ്ട്.

ക്ഷേത്രനിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് ഇന്ത്യയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള പിങ്ക് മണൽക്കല്ലും വെള്ള മാർബിളുമാണ്. ഭൂകമ്പങ്ങളിൽ നിന്നും പോലും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ക്ഷേത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുരാതന ഹൈന്ദവക്ഷേത്രങ്ങളുടെ മാതൃകകൾ ഉൾക്കൊണ്ടുള്ള ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ഹൈന്ദവ പുരാണങ്ങളുടെയും കഥകൾ കുത്തിയ കല്ലുകൾ ഉപയോഗിച്ചിട്ടുണ്ട്.

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ തയ്യാറെടുത്ത് യുഎഇ പ്രവാസ സമൂഹം. യുഎഇയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘അഹ്ലൻ മോദി’ എന്ന പരിപാടിക്കായി 65,000 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ പീപ്പിൾ ഫോറത്തിന്റെ പ്രസിഡന്റും ‘അഹ്ലൻ മോദി’ യുടെ സംഘാടകനുമായ ജിതേന്ദ്ര വൈദ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇത് വളരെ സവിശേഷമായ ഒരു പരിപാടിയാണ്. കാരണം ഇതൊരു സംഘടന നടത്തുന്ന പരിപാടിയല്ല. ഒരു സമൂഹം മുഴുവൻ ഇതിനൊപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങൾക്കറിയാവുന്ന പോലെ പ്രധാനമന്ത്രിയുടെ പേര് കേൾക്കുമ്പോൾ തന്നെ ജനങ്ങൾ തടിച്ചുകൂടും. ഇതാണ് ജനങ്ങൾക്ക് മോദിയോടുള്ള സ്‌നേഹം. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷൻ 65,000 കവിഞ്ഞു. അതിനാൽ ഫെബ്രുവരി രണ്ടിന് തന്നെ തങ്ങൾ രജിസ്‌ട്രേഷൻ ക്ലോസ് ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു. ഒരു വാർത്താ ഏജൻസിയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

700ലധികം കലാകാരന്മാർ ‘അഹ്ലൻ മോദി’ പരിപാടിയിൽ അണിനിരക്കും. വൈവിധ്യമാർന്ന ഇന്ത്യൻ കലകൾ ഇവർ അവതരിപ്പിക്കും. ഇന്ത്യയിലെ വിവിധ സമൂഹങ്ങളിൽപ്പെട്ടവർ വ്യത്യസ്തമായ സംസ്‌കാരങ്ങളെ വിളിച്ചോതുന്ന കലാപരിപാടികൾ അവതരിപ്പിക്കും. ‘നാരി ശക്തി’യ്ക്ക് ആവേശം പകർന്നുകൊണ്ടുള്ള പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണം, സാമുദായിക സൗഹാർദ്ദം, പങ്കാളിത്തം എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്നും സംഘാടക സമിതി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കേൾക്കാൻ യുഎഇയിലെ ജനങ്ങൾ കൊതിക്കുന്നുവെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സുഞ്ജയ് സുധീർ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയാത്തതിനാലാണ് പരിപാടിയിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം 65,000 ആക്കി രജിസ്‌ട്രേഷൻ അവസാനിപ്പിക്കേണ്ടി വന്നത്.

എട്ട് മാസത്തിനിടെ നരേന്ദ്ര മോദി നടത്തുന്ന മൂന്നാമത്തെ യുഎഇ സന്ദർശനമാണിത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും.

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കഴിഞ്ഞ ദിവസം നടന്ന പൊതുതിരഞ്ഞെടുപ്പിൽ മുൻപ്രധാനമന്ത്രിയും പാകിസ്ഥാൻ മുസ്ലീം ലീഗ് (പിഎംഎൽ- എൻ) നേതാവുമായ നവാസ് ഷെരീഫ് ലാഹോറിൽ വിജയിച്ചു. 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഷെരീഫ് വിജയിച്ചെന്നാണ് പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

266 സീറ്റുകളിലാണ് പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 13 സീറ്റുകളിലെ വിജയികളുടെ വിവരങ്ങളാണ് ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നത്. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി പിന്തുണയോടെ മത്സരിച്ച അഞ്ച് സ്വതന്ത്ര സ്ഥാനാർത്ഥികൾ ഇതുവരെ വിജയിച്ച സ്ഥാനാർത്ഥികളുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം.

അതേസമയം, മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനും കൊടുംകുറ്റവാളിയുമായ ഹാഫീസ് സെയ്ദിന്റെ മകനും ഭീകരുനുമായ തൽഹ സെയ്ദ് കനത്ത തോൽവി ഏറ്റുവാങ്ങിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ലത്തീഫ് ഖോസ 117,109 വോട്ടുകൾ നേടിയപ്പോൾ തൽഹ സെയ്ദിന് 2024 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) നേതാവ് ഖ്വാജ സാദ് റഫീഖ് 77907 വോട്ടുകൾ നേടിയതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടെൽഅവീവ്: ഹമാസിന്റെ വെടിനിർത്തൽ നിർദേശങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളി. മാസങ്ങൾക്കുള്ളിൽ വിജയം സാധ്യമാകുമെന്നും ഗാസ ഭാവിയിൽ ഇസ്രായേലിന് വെല്ലുവിളിയാകില്ലെന്ന് ഉറപ്പുവരുത്തുക കൂടിയാണ് യുദ്ധലക്ഷ്യമെന്നും നെതന്യാഹു വ്യക്തമാക്കി. യുദ്ധം നിർത്താനുള്ള ഹമാസിന്റെ പദ്ധതികൾ വിചിത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ഇന്ന് ചേരുന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം ഹമാസ് നിർദേശം ചർച്ച ചെയ്യും. ദീർഘകാല വെടിനിർത്തലിന് ഇസ്രയേൽ നേതാക്കളെ അനുനയിപ്പിക്കാനുള്ള യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നീക്കം വിജയം കണ്ടില്ല. ഹമാസ് മുന്നോട്ടുവെച്ച വ്യവസ്ഥകളിൽ ചിലതിനോട് യോജിപ്പില്ലെങ്കിലും ബന്ദിമോചനം ഉറപ്പാക്കാൻ വെടിനിർത്തൽ അനിവാര്യമാണെന്ന് ഇസ്രയേൽ നേതാക്കളുമായുള്ള ചർച്ചക്കൊടുവിൽ ആൻറണി ബ്ലിങ്കൻ പ്രതികരിച്ചു.

അബുദാബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അബുദാബിയിൽ വൻ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. അഹ്ലാൻ മോദി എന്ന് പേരിലാണ് പരിപാടി നടക്കുന്നത്. പ്രവാസി സമൂഹം മോദിക്ക് ഗംഭീര സ്വീകരണമായിരിക്കും ഒരുക്കുകയെന്നാണ് വിവരം. ഫെബ്രുവരി 13 നാണ് പരിപാടി നടക്കുന്നത്. പരിപാടിയിലേക്കുള്ള രജിസ്‌ട്രേഷൻ ഇതിനോടകം തന്നെ 60,000 കടന്നു.

അബുദാബി ശൈഖ് സായിദ് സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിക്കുക. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ 150ലേറെ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ 700 കലാകാരന്മാർ വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിക്കും. യുഎഇയിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളും പരിപാടയിൽ പങ്കുചേരും.

പ്രധാനമന്ത്രി ആയതിന് ശേഷം ഇത് ഏഴാം തവണയാണ് നരേന്ദ്ര മോദി യുഎഇ സന്ദർശിക്കുന്നത്. ഫെബ്രുവരി 14നാണ് മോദി ബാപ്‌സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം നിർവ്വഹിക്കുക. അക്ഷർധാം മാതൃകയിലുള്ള, മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ബാപ്‌സ് ഹിന്ദു മന്ദിർ.

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി. വിവാഹത്തിൽ മതനിയമ ലംഘനം ചൂണ്ടിക്കാട്ടി പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിയ്ക്കും ഏഴുവർഷം തടവും പിഴയും ശിക്ഷ വിധിച്ചു. ഇമ്രാൻ ഖാന്റെ മൂന്നാം ഭാര്യ ബുഷ്‌റയുടെ ആദ്യ ഭർത്താവ് ഖവാർ മനേക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്. ബുഷ്‌റ ഇസ്ലാമിക നിയമം തെറ്റിച്ചുവെന്നായിരുന്നു ആദ്യ ഭർത്താവിന്റെ പരാതി.

ഇരുവിവാഹത്തിനും ഇടയിൽ നിർബന്ധമായും പാലിച്ചിരിക്കേണ്ട മതനിയമം അനുസരിച്ചില്ലെന്നും ഇമ്രാൻ ഖാനും ബുഷ്‌റയും തമ്മിൽ വിവാഹത്തിന് മുമ്പ് തന്നെ ബന്ധമുണ്ടായിരുന്നുവെന്നുമാണ് പരാതിയിലെ ആരോപണം. ഇസ്ലാമിക നിയമപ്രകാരം ഇരുവരേയും ശിക്ഷിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.

റാവൽപിണ്ടിയിലെ അഡ്യാല ജയിലിൽ വെച്ചായിരുന്നു 14 മണിക്കൂർ നീണ്ട വാദം നടന്നത്. തുടർന്ന് മുതിർന്ന ജഡ്ജ് ഖുദ്‌റത്തുള്ള ശിക്ഷ വിധിക്കുകയായിരുന്നു. ഇരുവർക്കും അഞ്ച് ലക്ഷം രൂപ വീതം പിഴ വിധിക്കുകയും ചെയ്തിട്ടുണ്ട്. 2017-ലാണ് ഇരുവരും വിവാഹമോചിതരായത്. 28 വർഷത്തെ വിവാഹജീവിതത്തിന് ശേഷമായിരുന്നു വിവാഹമോചനം നടന്നത്. നിയമപ്രകാരം വിവാഹമോചനത്തിന് ശേഷം നിശ്ചിതസമയം കഴിഞ്ഞാലേ സ്ത്രീക്ക് വീണ്ടും വിവാഹം കഴിക്കാൻ കഴിയൂ. ഈ സമയം പൂർത്തിയാകുന്നതിന് മുമ്പ് ബുഷ്റ രണ്ടാം വിവാഹം കഴിച്ചുവെന്നായിരുന്നു ആദ്യ ഭർത്താവ് പരാതിയിൽ പറഞ്ഞിരുന്നത്.