പാകിസ്ഥാനിൽ ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാകും

ഇസ്ലാമാബാദ്: സഖ്യ സർക്കാരുണ്ടാക്കാൻ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും (പിപിപി) പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസും (പിഎംഎൽഎൻ) തമ്മിൽ ധാരണയായി. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇതുസംബന്ധിച്ച ധാരണയായത്. പിഎംഎൽഎൻ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് കഴിഞ്ഞ ദിവസം രാത്രി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ പ്രഖ്യാപിച്ചിരുന്നു.

പിപിപി കോ ചെയർമാൻ ആസിഫ് അലി സർദാരിയാണ് പ്രസിഡന്റാവുക. ദേശീയ അസംബ്ലിയിൽ 17 അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്‌മെന്റും (പാക്കിസ്ഥാൻ) സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) സ്വതന്ത്രർ സുന്നി ഇത്തിഹാദ് കൗൺസിൽ എന്ന കക്ഷിയിൽ ചേർന്നു സർക്കാരുണ്ടാക്കാൻ ശ്രമം ആരംഭിച്ചിരുന്നുവെങ്കിലും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നേടാനായില്ലെന്നും ഭൂട്ടോ വ്യക്തമാക്കി.

ഈ മാസം 8 നാണ് പൊതുതിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പു ചിഹ്നം നിഷേധിക്കപ്പെട്ടതിനാൽ സ്വതന്ത്രരായി മത്സരിച്ച പിടിഐ സ്ഥാനാർഥികൾ 93 സീറ്റിൽ വിജയിച്ചു. സൈന്യത്തെ വെല്ലുവിളിച്ചു തിരഞ്ഞെടുപ്പു വിജയം നേടിയ ഇമ്രാൻ ഖാന്റെ കക്ഷി അധികാരത്തിലെത്തുന്നതു തടയാൻ സൈന്യം ഇടപെട്ട് പിപിപിയെ അനുനയിപ്പിച്ചാണ് സഖ്യത്തിലേക്ക് എത്തിച്ചത്.