ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി. വിവാഹത്തിൽ മതനിയമ ലംഘനം ചൂണ്ടിക്കാട്ടി പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിയ്ക്കും ഏഴുവർഷം തടവും പിഴയും ശിക്ഷ വിധിച്ചു. ഇമ്രാൻ ഖാന്റെ മൂന്നാം ഭാര്യ ബുഷ്‌റയുടെ ആദ്യ ഭർത്താവ് ഖവാർ മനേക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്. ബുഷ്‌റ ഇസ്ലാമിക നിയമം തെറ്റിച്ചുവെന്നായിരുന്നു ആദ്യ ഭർത്താവിന്റെ പരാതി.
ഇരുവിവാഹത്തിനും ഇടയിൽ നിർബന്ധമായും പാലിച്ചിരിക്കേണ്ട മതനിയമം അനുസരിച്ചില്ലെന്നും ഇമ്രാൻ ഖാനും ബുഷ്‌റയും തമ്മിൽ വിവാഹത്തിന് മുമ്പ് തന്നെ ബന്ധമുണ്ടായിരുന്നുവെന്നുമാണ് പരാതിയിലെ ആരോപണം. ഇസ്ലാമിക നിയമപ്രകാരം ഇരുവരേയും ശിക്ഷിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.
റാവൽപിണ്ടിയിലെ അഡ്യാല ജയിലിൽ വെച്ചായിരുന്നു 14 മണിക്കൂർ നീണ്ട വാദം നടന്നത്. തുടർന്ന് മുതിർന്ന ജഡ്ജ് ഖുദ്‌റത്തുള്ള ശിക്ഷ വിധിക്കുകയായിരുന്നു. ഇരുവർക്കും അഞ്ച് ലക്ഷം രൂപ വീതം പിഴ വിധിക്കുകയും ചെയ്തിട്ടുണ്ട്. 2017-ലാണ് ഇരുവരും വിവാഹമോചിതരായത്. 28 വർഷത്തെ വിവാഹജീവിതത്തിന് ശേഷമായിരുന്നു വിവാഹമോചനം നടന്നത്. നിയമപ്രകാരം വിവാഹമോചനത്തിന് ശേഷം നിശ്ചിതസമയം കഴിഞ്ഞാലേ സ്ത്രീക്ക് വീണ്ടും വിവാഹം കഴിക്കാൻ കഴിയൂ. ഈ സമയം പൂർത്തിയാകുന്നതിന് മുമ്പ് ബുഷ്റ രണ്ടാം വിവാഹം കഴിച്ചുവെന്നായിരുന്നു ആദ്യ ഭർത്താവ് പരാതിയിൽ പറഞ്ഞിരുന്നത്.

