International (Page 22)

ഒട്ടാവ: ഇന്ത്യയ്ക്ക് നേരെ പുതിയ നീക്കവുമായി കാനഡ. പൊതുതിരഞ്ഞെടുപ്പിൽ ഇടപെടാൻ സാധ്യതയുള്ള ‘വിദേശ ഭീഷണി’യായി ഇന്ത്യയെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കാനഡ. ഇന്ത്യയെ പട്ടികയിൽ ഉൾപ്പെടുത്തിയത് കാനഡയുടെ രഹസ്യാന്വേഷണ വിഭാഗമാണ്. ഇന്റലിജൻസ് റിപ്പോർട്ടിനുമേൽ അന്വേഷണം നടത്തണമെന്നാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം, പുതിയ ആരോപണത്തിൽ ഇന്ത്യൻ സർക്കാർ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ചൈനയെയും റഷ്യയെയും നേരത്തെ കാനഡ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇതാദ്യമായാണ് ഈ പട്ടികയിലേക്ക് ഇന്ത്യയുടെ പേര് ഉയർന്നു കേൾക്കുന്നത്.

കനേഡിയൻ പൗരനും ഖലിസ്ഥാൻ വാദിയുമായ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്നായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം. ഈ ആരോപണം നിഷേധിച്ച് ഇന്ത്യ രംഗത്തെത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

വാഷിംഗ്ടൺ: വടക്കൻ ജോർദാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തിൽ തിരിച്ചടി നൽകി അമേരിക്ക. ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ ഇറാൻ കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലേയും ഇറാഖിലേയും 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു അമേരിക്ക ആക്രമണം നടത്തിയത്. 30 മിനിറ്റ് നീണ്ട ആക്രമണമാണ് ഉണ്ടായത്.

ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. തിരിച്ചടിയുടെ ഭാഗമായി ഉണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുത്ത് വരുന്നുണ്ടെന്നും അമേരിക്ക വിശദീകരിച്ചു. വിഷയത്തിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെയാണ് വ്യോമാക്രമണത്തിൽ ലക്ഷ്യമിട്ടതെന്നാണ് അദ്ദേഹം അറിയിച്ചത്. ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്നും ബൈഡൻ അഭിപ്രായപ്പെട്ടു.

വടക്കൻ ജോർദാനിലെ സൈനിക ക്യാമ്പിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് നേരത്തെ തന്നെ യുഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിറിയ അതിർത്തിക്ക് സമീപം റുക്ബാനിലെ ടവർ 22 യുഎസ് സൈനിക ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന ആക്രമണത്തിൽ മൂന്ന് സൈനികരാണ് കൊല്ലപ്പെട്ടത്. 34 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇറാന്റെ പിന്തുണയുള്ള ഇസ്ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖ് ആണ് ആക്രമണം നടത്തിയതെന്നായിരുന്നു അമേരിക്കയുടെ ആരോപണം.

ഇസ്ലാമാബാദ്: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന് തിരിച്ചടി. തോഷഖാന കേസിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും കോടതി തടവു ശിക്ഷ വിധിച്ചു. 14 വർഷം വീതം തടവുശിക്ഷയാണ് ഇരുവർക്കും ലഭിച്ചിരിക്കുന്നത്. 787 ദശലക്ഷം രൂപ വീതം ഇരുവർക്കും പിഴയും കോടതി വിധിച്ചു.

പൊതുപദവി വഹിക്കുന്നതിൽ നിന്ന് ഇമ്രാന് 10 വർഷം കോടതി വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇമ്രാന്റെ തെരഞ്ഞെടുപ്പു സ്വപ്നങ്ങൾക്ക് മേൽ ഇത് കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. പാക്കിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാൻ എട്ട് ദിവസം മാത്രം ശേഷിക്കെയാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

തോഷഖാന അഴിമതി കേസിൽ അഴിമതിക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്നു വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിൽവച്ചാണ് ജഡ്ജി മുഹമ്മദ് ബഷീർ വാദം കേട്ടത്. ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബി ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല. സമ്മാനമായി ലഭിക്കുന്ന വില കൂടിയ വസ്തുക്കൾ സ്റ്റേറ്റ് ഗിഫ്റ്റ് ഡെപ്പോസിറ്ററിയിൽ (തോഷഖാന) സമർപ്പിക്കണമെന്നാണ് ചട്ടം. ഇമ്രാൻ അധികാരത്തിലിരിക്കെ അറബ് രാഷ്ട്രങ്ങളിൽ സന്ദർശിച്ചപ്പോൾ ലഭിച്ച വിലയേറിയ സമ്മാനങ്ങൾ തോഷഖാനയിൽ അടച്ചു. പിന്നീട് ഇവിടെ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങി വൻ ലാഭത്തിൽ മറിച്ചുവിൽക്കുകയായിരുന്നുവെന്നാണ് ആരോപണം.

മാലെ: ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഔദ്യോഗികമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ ജംഹൂരി പാർട്ടി നേതാവ് ഗാസിം ഇബ്രാഹിം. മോദിയോടു മാപ്പ് പറഞ്ഞ് ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ വിള്ളൽ മാലദ്വീപ് ഇല്ലാതാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദീപ് മന്ത്രി നടത്തിയ അപകീർത്തി പരാമർശങ്ങളെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. തുടർന്ന് മാലദ്വീപിലെ ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി മാലദ്വീപ് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. വർഷങ്ങളായി മാലദ്വീപിൽ ഇന്ത്യൻ സൈനികരുടെ സാന്നിധ്യം ഉണ്ടായിരുന്നു. മാലദ്വീപ് മുൻ ഗവൺമെന്റുകളുടെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യൻ സൈനികരുടെ സാന്നിധ്യം തുടർന്നു വന്നത്. സമുദ്ര സുരക്ഷയ്ക്കും ദുരന്തനിവാരണ സഹായത്തിനും വേണ്ടിയായിരുന്നു മാലദ്വീപ് ഇന്ത്യൻ സൈനിക സഹായം തേടിയിരുന്നത്.

മാർച്ച് 15 നു മുൻപ് ഇന്ത്യൻ സർക്കാർ മാലദ്വീപിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നാണ് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, പാർലമെന്റിൽ ഭൂരിപക്ഷമുള്ള എംഡിപിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ മുയിസുവിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എംഡിപി എംപിമാരുടെ ഒപ്പുശേഖരണം ആരംഭിച്ചിരിക്കുകയാണ്.

വാഷിങ്ടൻ: വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്കു സമീപം യുഎസ് സൈനിക ക്യാംപിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നാണ് ബൈഡൻ ആരോപിച്ചു. ഡ്രോൺ ആക്രമണത്തിൽ 3 യുഎസ് സൈനികർ കൊല്ലപ്പെടുകയും നിരവധിപേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഉത്തരവാദികളെ കണ്ടെത്തുമെന്നും ശക്തമായി തിരിച്ചടി നൽകുമെന്നുമാണ് ജോ ബൈഡൻ അറിയിച്ചത്.

വളരെ മോശമായ ദിവസമായിരുന്നു. തങ്ങളുടെ സൈനികത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്നു കരുത്തരായ സൈനികരെ തങ്ങൾക്കു നഷ്ടപ്പെട്ടു. തിരിച്ചടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൗത്ത് കരോലിനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ബൈഡന്റെ പരാമർശം. അതേസമയം, ആക്രമണത്തിനു പിന്നാലെ റിപ്പബ്ലിക്കൻ സെനറ്റർമാർ ബൈഡൻ ഭരണകൂടത്തിന് നേരെ വിമർശനം ഉന്നയിച്ചു. ഇറാനെതിരെ ശക്തമായ സൈനിക തിരിച്ചടി നൽകണമെന്നാണ് സെനറ്റർമാർ ഉന്നയിച്ച ആവശ്യം.

അതേസമയം, തങ്ങളുടെ സൈനികരുടെയും രാജ്യത്തിന്റെയും താൽപ്പര്യം സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി. 34 സൈനികർക്കാണു യുഎസ് സൈനിക ക്യാംപിനുനേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റത്. സിറിയൻ അതിർത്തിയോടു ചേർന്നാണ് ആക്രമണം നടന്നത്.

മാലെ: മാലദ്വീപ് പാർലമെന്റിൽ കൂട്ടയടി നടത്തി ഭരണ, പ്രതിപക്ഷ എംപിമാർ. ഭരണകക്ഷികളായ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് (പിപിഎം), പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി) അംഗങ്ങളും, പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) അംഗങ്ങളും തമ്മിലാണ് ഏറ്റുമുട്ടൽ നടത്തിയത്. നിരവധി എംപിമാർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ഒരാളുടെ തല പൊട്ടുകയും ചെയ്തു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭ ഭരണത്തിൽ തുടരുന്നതുമായി ബന്ധപ്പെട്ടുള്ള നിർണായക പാർലമെന്റ് സമ്മേളനം പ്രതിപക്ഷ അംഗങ്ങൾ തടസപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.

മന്ത്രിസഭയ്ക്ക് പാർലമെന്റ് അംഗീകാരം നൽകുന്നതിനുള്ള നിർണായക വോട്ടെടുപ്പ് നടക്കാനിരിക്കുകയായിരുന്നു. എന്നാൽ ചില കാബിനറ്റ് അംഗങ്ങളെക്കുറിച്ച് പ്രതിപക്ഷ അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു. നാല് മന്ത്രിമാർക്ക് അംഗീകാരം നൽകുന്നതിനെ ഇവർ എതിർത്തു. മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും (എംഡിപി) ഡെമോക്രാറ്റുകളും ഈ മന്ത്രിമാർക്ക് അംഗീകാരം നൽകാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. വോട്ടെടുപ്പിനു മുൻപ് പ്രതിപക്ഷ എംപിമാർ പാർലമെന്റ് ഫ്‌ളോറിൽ പ്രവേശിക്കുന്നത് വിലക്കിയതോടെയാണ് സംഘർഷം ആരംഭിച്ചത്.

വിയോജിപ്പ് പ്രകടിപ്പിക്കാൻ ചില എംപിമാർ സംഗീതോപകരണങ്ങൾ ഉൾപ്പെടെ വായിച്ചു. അപ്പോൾ ചേംബറിനുള്ളിൽ സ്പീക്കർ ചെവി പൊചത്തിപ്പിടിച്ചു. പാർലമെന്റിൽ അരങ്ങേറിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മോസ്‌കോ: റഷ്യൻ സൈനിക വിമാനം തകർന്ന് വീണു. റഷ്യയുടെ ഐ എൽ 76 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. 65 പേരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. റഷ്യൻ തടവുകാരായ യുക്രൈൻ സൈനികരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവുമെന്നാണ് ലഭ്യമാകുന്ന വിവരം.

റഷ്യ – യുക്രൈൻ അതിർത്തി പ്രദേശമായ ബെൽഗ്രോഡ് മേഖലയിലേക്കുള്ള യാത്രക്കിടെയാണ് ദുരന്തമുണ്ടായതെന്നാണ് വിവരം. തടവുകാരെ മാറ്റി പാർപ്പിക്കാനായി കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നത്. വിമാനത്തിലെ 6 ക്രൂ മെമ്പർമാരും 3 റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിനകത്തുണ്ടായിരുന്നുവെന്ന് റഷ്യൻ ഡിഫൻസ് മിനിസ്ട്രി സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

ന്യൂഡൽഹി : ഇന്ത്യയ്ക്കെതിരെ നീങ്ങാൻ പുതിയ കൂട്ടാളിയെ കണ്ടെത്തി ചൈന. മാലദ്വീപിനെ ആണ് ചൈന  കൂട്ടുപിടിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ചൈനീസ് ഗവേഷണ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ മാല ദ്വീപിലേക്ക് പോകുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം. സിയാങ് യാങ് ഹോങ്ങ് 03 എന്ന കപ്പലാണ് മാലദ്വീപിലേക്ക് നീങ്ങുന്നത്.

 നേരത്തെ ഇത്തരം കപ്പലുകൾ ശ്രീലങ്കൻ തീരത്ത് അടുത്തിരുന്നു. എന്നാൽ ഇന്ത്യ നിലപാട് കടുപ്പിച്ചതിന് പിന്നാലെ ഈ കപ്പലുകൾക്ക് ശ്രീലങ്ക അനുമതി നിഷേധിക്കുകയായിരുന്നു. ഇന്ത്യൻ രഹസ്യങ്ങൾ ചോർത്താനാണ് ഈ കപ്പലുകൾ എത്തുന്നത് എന്നായിരുന്നു അന്നുണ്ടായിരുന്ന വിലയിരുത്തൽ. ഇതിന് സമാനമായ സാഹചര്യം ആണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ജനുവരി 30ന് മാലദ്വീപിലെ മാലെയിൽ ഈ കപ്പൽ എത്തിച്ചേരുമെന്നാണ് വിവരം.

അടുത്തിടെ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ മാലദ്വീപ് മന്ത്രിമാർ നടത്തിയ പ്രസ്താവനകളും തുടർന്നുണ്ടായ സംഭവ വികാസങ്ങളും ആണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കിയത്. മാല ദ്വീപിലുള്ള ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സു രംഗത്ത് എത്തിയിരുന്നു.

ഇന്ത്യക്ക് പുറമെ ഇന്ത്യക്കാരുള്ള രാജ്യം. ഏതാണന്നല്ലേ..? ലോകത്തെ വിവിധ ഇടങ്ങളിൽ തന്റെ നിറ സാന്നിധ്യം അറിയിച്ചിട്ടുള്ളവരാണ് ഇന്ത്യക്കാർ. മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറിയ ഇന്ത്യക്കാർ നിരവധിയാണ്. കൂടുതലായും തൊഴിലവസരങ്ങൾക്കും വിദ്യാഭ്യാസത്തിനുമായാണ് ഇന്ത്യക്കാർ പുറം രാജ്യങ്ങളിലേക്ക് കുടിയേറുന്നത്.

റിപ്പോർട്ട് പ്രകാരം അമേരിക്കയിലാണ് ഇന്ത്യക്ക് പുറമെ കൂടുതൽ ഇന്ത്യക്കാരുള്ള രാജ്യം. സമൂഹമാധ്യമമായ ക്വോറയിലൂടെയാണ് ഈ റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. നിലവിൽ 2023 ഒക്ടോബറിലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ട റിപ്പോർട്ട് പ്രകാരം 89 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് അമേരിക്കയിൽ താമസിക്കുന്നതായുള്ള അറിവ്.

പട്ടികയിലെ രണ്ടാമൻ 31 ലക്ഷത്തോളം ഇന്ത്യക്കാരുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആണ്. മൂന്നാമത് 29 ലക്ഷം ഇന്ത്യക്കാർ താമസിക്കുന്ന മലേഷ്യയും. മികച്ച നിലവാരത്തിലുള്ള ജീവിതത്തെ മുന്നിൽ കണ്ടാണ് ഒട്ടു മിക്ക ഇന്ത്യക്കാരും പുറം രാജ്യങ്ങളിലേക്ക് പോകുന്നതും അവിടെ താമസിക്കുന്നതെന്നും കരുതപ്പെടുന്നു..

ന്യൂഡൽഹി: ചികിത്സയ്ക്കായി ഇന്ത്യൻ ഡോർണിയർ വിമാനം ഉപയോഗിക്കുന്നതിന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിന് പിന്നാലെ മാലിദ്വീപ് സ്വദേശിയായ 14കാരൻ മരണപ്പെട്ടതായി റിപ്പോർട്ട്. മാലിദ്വീപിൽ എയർ ആംബുലൻസായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമിച്ച്, ഇന്ത്യ നൽകിയ ഡോർണിയർ വിമാനം ഉപയോഗിക്കുന്നുണ്ട്. ചികിത്സ ഉൾപ്പെടെയുള്ള അടിയന്തര ഘട്ടങ്ങളിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഈ വിമാനം ഉപയോഗിച്ചിരുന്നത്.

ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വിദൂര ദ്വീപായ വിൽമിങ്ടനിൽ താമസിക്കുന്ന 14 വയസ്സുകാരനാണ് മരണപ്പെട്ടതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബ്രെയിൻ ട്യൂമർ ബാധിതനായിരുന്നു കുട്ടി. കഴിഞ്ഞ ബുധനാഴ്ച രാത്രി കുട്ടിയ്ക്ക് മസ്തിഷ്‌കാഘാതം ഉണ്ടായി. ഗുരുതരാവസ്ഥയിലായ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി കുടുംബം എയർ ആംബുലൻസ് ആവശ്യപ്പെട്ടിരുന്നു. എയർ ആംബുലൻസിന് അനുമതി തേടി 16 മണിക്കൂർ കഴിഞ്ഞിട്ടും മറുപടി നൽകാൻ വ്യോമയാന അധികൃതർ തയ്യാറായില്ല.

പിന്നീട് മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ മാലെയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടിയുടെ മരണത്തിന് പിന്നാലെ വലിയ പ്രതിഷേധം നടന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, അപേക്ഷ ലഭിച്ചയുടൻ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നെന്നും അവസാനനിമിഷമുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് കാലതാമസം ഉണ്ടായതെന്നും മെഡിക്കൽ ഇവാക്കുവേഷന്റെ ചുമതലയുള്ള കമ്പനി അറിയിച്ചിരിക്കുന്നത്.