ലണ്ടന്‍: കോവിഡ് വ്യാപനത്തില്‍ വലഞ്ഞ് ബ്രിട്ടണ്‍. കോവിഡിനെ തുടര്‍ന്ന് മരിക്കുന്നവരുടെയും, ചികിത്സതേടി ആശുപത്രിയിലെത്തുന്നവരുടെയും എണ്ണം കുത്തനെ വര്‍ദ്ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെ ബ്രിട്ടനില്‍ 32,058 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച്ചയിലേതിനേക്കാള്‍ 31 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെ 104 കോവിഡ് മരണങ്ങളും ഇന്നലെ രേഖപ്പെടുത്തി. 14 ശതമാനം വര്‍ദ്ധനവാണ് കഴിഞ്ഞ ആഴ്ചയിലേക്കാള്‍ ഉണ്ടായിരിക്കുന്നത്.
അതേസമയം, വാക്‌സിന്റെ ബൂസ്റ്റര്‍ ഡോള്‍സ് അടുത്തമാസം മുതല്‍ നല്‍കിത്തുടങ്ങാനാകുമെന്ന് ആരോഗ്യ സെക്രട്ടറി സജിദ് വാജെദ് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍, ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും കോവിഡ് പാടെ നീക്കം ചെയ്യാതെ ഈ പകര്‍ച്ചവ്യാധിയെ നിര്‍മ്മാര്‍ജ്ജനം ചെയ്തു എന്ന് അവകാശപ്പെടാനാവില്ലെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് ഡോക്ടര്‍ ക്രിസ് സ്മിത്ത് പറയുന്നത്.
ലോകത്തിന്റെ ഒരു കോണിലുള്ള രാജ്യത്തിലെ ചെറിയൊരു നഗരത്തില്‍ വളരെ കുറച്ചുപേരെ മാത്രം ബാധിച്ചാണ് ഈ മഹാമാരി തുടങ്ങിയതെന്ന കാര്യം മറക്കരുതെന്നും, എവിടെയെങ്കിലും ഒരു തരി അവശേഷിച്ചാല്‍ അത് വീണ്ടും കാട്ടുതീ പോലെ പടര്‍ന്നു പിടിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതുകൊണ്ടു തന്നെ ഇതുവരെ നാം എടുത്ത കരുതലുകളൊന്നും ഒഴിവാക്കരുതെന്നും, വരുന്ന ശൈത്യകാലത്ത് കൂടുതല്‍ കരുതലെടുക്കണമെന്നും ക്രിസ് സ്മിത്ത് ചൂണ്ടിക്കാട്ടി.

