ഡെൽറ്റാ വകഭേദത്തെക്കുറിച്ച് ഇവർ കേട്ടിട്ടെങ്കിലും ഉണ്ടോ; താലിബാനെതിരെ പരിഹാസവുമായി ഇലോൺ മസ്‌ക്

കാബൂൾ: ലോകം മുഴുവൻ കോവിഡ് പ്രതിസന്ധി നേരിടുമ്പോൾ വൈറസ് വ്യാപനം വകവെയ്ക്കാതെ മാസ്‌ക് പോലും ധരിക്കാതെ നിൽക്കുന്ന താലിബാൻ നേതാക്കളെ പരിഹസിച്ച് സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാസ്‌ക് ധരിക്കാതെ നിൽക്കുന്ന ഒരു കൂട്ടം താലിബാൻ നേതാക്കളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

എന്നാൽ അഫ്ഗാനിസ്ഥാനിൽ മിക്കവരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ് ഇലോൺ മസ്‌കിന്റെ പ്രതികരണം. ട്വിറ്ററിൽ ഒരു മീം പോസ്റ്റു ചെയ്ത മസ്‌ക് കൂടെ കമന്റും പങ്കുവെച്ചിട്ടുണ്ട്. ഡെൽറ്റാ വകഭേദത്തെക്കുറിച്ച് ഇവർ കേട്ടിട്ടെങ്കിലും ഉണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.

നാലു ലക്ഷത്തിലേറെ ലൈക്കുകളും 40,000ലേറെ റീട്വീറ്റുകളുമാണ് ഇലോൺ മസ്‌കിന് ലഭിച്ചത്. മസ്‌കിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. മസ്‌കിന്റെ ഒരു തമാശയായി മാത്രം ഇതിനെ കണ്ടാൽ മതിയെന്നാണ് ചിലർ പറഞ്ഞത്. കാരണം മസ്‌ക് തന്നെ കോവിഡ് വൈറസ് വ്യാപനത്തെ കുറിച്ച് പല തവണ അഭിപ്രായങ്ങൾ മാറ്റിയിട്ടുള്ള വ്യക്തിയാണ്.