കാബൂൾ: അഫ്ഗാനിസ്താനിൽ അധികാരത്തിലേറിയതിന് പിന്നാലെ കടുത്ത ശിക്ഷാ നടപടികൾ ഏർപ്പെടുത്താനൊരുങ്ങി താലിബാൻ. അഫ്ഗാനിൽ ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷകൾ ഏർപ്പെടുത്തുമെന്ന് താലിബാൻ അറിയിച്ചു. കൈവെട്ടും തൂക്കിക്കൊലയും അടക്കമുള്ള കടുത്ത ശിക്ഷകളാണ് അഫ്ഗാനിൽ നടപ്പിലാക്കുന്നത്. താലിബാന്റെ മുതിർന്ന നേതാവായ മുല്ല നൂറുദ്ദീൻ തുറാബിയാണ് ഇക്കാര്യം അറിയിച്ചത്. അസോസിയേറ്റഡ് പ്രസിനു നൽകിയ അഭിമുഖത്തിലായിരുന്നു മുല്ല നൂറുദ്ദീൻ തുറാബിയുടെ പ്രതികരണം. കഴിഞ്ഞ തവണ താലിബാൻ ഭരണത്തിലേറിയപ്പോൾ ഈ ശിക്ഷാരീതികൾ നടപ്പിലാക്കിയതിനെതിരെ ലോകവ്യാപകമായി വിമർശനം ഉയർന്നിരുന്നു.
സ്റ്റേഡിയത്തിൽ വച്ച് ശിക്ഷാരീതികൾ നടപ്പിലാക്കുന്നതിനെ എല്ലാവരും വിമർശിച്ചുവെന്ന് തുറാബി പറഞ്ഞു. പക്ഷേ, അവരുടെ നിയമങ്ങളെപ്പറ്റിയും ശിക്ഷാരീതികളെപ്പറ്റിയും ആരും ഒന്നും പറഞ്ഞില്ല. ഞങ്ങളുടെ നിയമങ്ങൾ എന്താവുമെന്ന് ആരും ഞങ്ങളോട് പറയേണ്ടതില്ലെന്നും തങ്ങൾ ഇസ്ലാം പിന്തുടർന്ന് ഖുറാനിലെ നിയമങ്ങൾ ഉണ്ടാക്കുമെന്നും തുറാബി വ്യക്തമാക്കി.
ആദ്യ തവണ അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയപ്പോൾ നന്മ പ്രചരിപ്പിക്കൽ, തിന്മ തടയൽ മന്ത്രി ആയിരുന്നു തുറാബി. കാബൂളിലെ സ്പോർട്സ് സ്റ്റേഡിയത്തിലാണ് അക്കാലത്ത് ശിക്ഷകൾ നടപ്പാക്കിയിരുന്നത്. ഇത് കാണാൻ നിരവധി ആളുകളും എത്തുമായിരുന്നു. ഇതിനെതിരെ ലോക രാജ്യങ്ങൾ വിമർശനവുമായി രംഗത്തെത്തിയത്. കൊലപാതകം നടത്തുന്നവരെ വെടിവെച്ച് കൊല്ലുകയായിരുന്നു താലിബാന്റെ രീതി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്, കൊലയാളിയിൽ നിന്ന് പണം വാങ്ങി ശിക്ഷ ഒഴിവാക്കി നൽകാൻ അനുവാദമുണ്ട്. കള്ളന്മാരുടെ കൈകൾ വെട്ടുകയും ഹൈവേ കൊള്ളക്കാരുടെ ഒരു കാലും കയ്യും ഛേദിക്കുകയും ചെയ്യും.

