ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിൽ; ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തും

വാഷിംഗ്ടൺ: ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിൽ. ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാരുമായുള്ള ചർച്ച, കോവിഡ് ഉച്ചകോടി, യു.എൻ. പൊതുസഭയെ അഭിസംബോധന ചെയ്യൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച്ച എന്നിങ്ങനെ നിരവധി പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ജോ ബൈഡനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നത്. സുരക്ഷയും ഭീകരതയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അമേരിക്കൻ പ്രസിഡന്റുമായും ഉന്നത ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. പ്രാദേശിക-ആഗോള വിഷയങ്ങളും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ ചർച്ചാ വിഷയമാകും. വാണിജ്യം, നിക്ഷേപം, പ്രതിരോധം, അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിന്റെ രൂപവത്കരണം മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയവയെ കുറിച്ചും ചർച്ച നടത്തും.

യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും.ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് വിവരം. പ്രമുഖ അമേരിക്കൻ കമ്പനികളുടെ പ്രതിനിധികളെയും പ്രധാനമന്ത്രി നേരിൽ കണ്ട് സംസാരിക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

ക്വാഡ് രാജ്യത്തലവന്മാരുടെ (ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ) യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ക്വാഡ് രാഷ്ട്രത്തലവന്മാരുടെ നേരിട്ടുള്ള നേരിട്ടുള്ള ആദ്യയോഗമാണ് നടതക്കുന്നത്. സുരക്ഷയും ഭീകരതയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരുമായും അദ്ദേഹം ചർച്ച നടത്തും.

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തോടെയാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം അവസാനിക്കുക. കോവിഡ് മഹാമാരി, തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ ആവശ്യകത, കാലാവസ്ഥാ വ്യതിയാനം എന്നിവയുൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചായിരിക്കും അദ്ദേഹം സംസാരിക്കുക.