ന്യൂഡൽഹി: രണ്ടു ഡോസ് വാക്‌സിൻ എടുത്താലും ഇന്ത്യയിൽ നിന്നും രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ക്വാറന്റെയ്ൻ വേണമെന്ന നിബന്ധന ഒഴിവാക്കി യുകെ. കോവിഷീൽഡ് അല്ലെങ്കിൽ യുകെ അംഗീകരിച്ച മറ്റേതെങ്കിലും കോവിഡ് വാക്‌സിന്റെ മുഴുവൻ ഡോസും സ്വീകരിച്ച ഇന്ത്യക്കാർക്ക് ഒക്ടോബർ 11 മുതൽ ബ്രിട്ടനിൽ ക്വാറന്റെയ്ൻ വേണ്ട. വാക്‌സിനെടുത്ത ശേഷം ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാരെ ക്വാറന്റീൻ ചെയ്യില്ലെന്ന് ഇന്ത്യയിലെ ഹൈക്കമ്മിഷണർ അലക്‌സ് എല്ലിസ് വ്യക്തമാക്കി.
യുകെ അംഗീകരിച്ച കോവിഷീൽഡ് വാക്‌സിനേഷൻ സ്വീകരിച്ച ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ആളുകൾ എത്തിയാൽ നിർബന്ധിത ക്വാറന്റെയ്ൻ വേണമെന്നായിരുന്നു യുകെ നിർദ്ദേശിച്ചിരുന്നു. യുകെയുടെ തീരുമാനത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും നിലപാട് പിൻവലിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. പിന്നാലെ ഇന്ത്യ ബ്രിട്ടനുള്ള മറുപടിയെന്നോണം ഇന്ത്യയിലെത്തുന്ന ബ്രിട്ടിഷ് പൗരന്മാർക്ക്, വാക്‌സിൻ ലഭിച്ചിട്ടുണ്ടോയെന്നു പരിഗണിക്കാതെ, 10 ദിവസത്തെ ക്വാറന്റെയ്ൻ നിർബന്ധമാക്കി. തുടർന്നാണ് യുകെ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.
ഇന്ത്യ, തുർക്കി, ഘാന എന്നിവയുൾപ്പെടെ 37 രാജ്യങ്ങൾക്കുള്ള നിയന്ത്രണമാണ് യു കെ നീക്കിയത്.

