മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവച്ച സംഭവം; പാകിസ്ഥാനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്തിനടുത്ത് പാക് നാവിക സേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ കര്‍ശന നിലപാടെടുക്കുമെന്ന് ഇന്ത്യ. വിഷയം അന്തര്‍ ദേശീയ വേദികളില്‍ ഉന്നയിക്കുമെന്നും, ഗൗരവമായി എടുക്കുന്നതായും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഗുജറാത്തിലെ ഓഖയില്‍ നിന്നും പുറപ്പെട്ട ‘ജല്‍പാരി’ എന്ന ബോട്ടിന് നേരെയാണ് പാകിസ്ഥാന്‍ നാവികസേന വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. സംഭവത്തില്‍ ഗുജറാത്ത് പോലീസും അന്വേഷണം നടത്തുന്നുണ്ട്. കരക്ക് എത്തിച്ച മത്സ്യത്തൊഴിലാളികളോട് വിവരങ്ങള്‍ ചോദിച്ചറിയുകയാണെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. ആറ് തൊഴിലാളികളെ തടഞ്ഞു വച്ചിരിക്കുകയാണെന്നും ഒരാള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റെന്നുമാണ് ഗുജറാത്ത പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.

ഇതേ പ്രദേശത്ത് മുമ്പും പാക് നാവികസേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളോട് പ്രകോപനപരമായി പെരുമാറിയിട്ടുണ്ട്. 2013 ല്‍ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ വര്‍ഷം 11 മത്സ്യത്തൊഴിലാളികളെ പാക് നാവികസേന അറസ്റ്റ് ചെയ്തിരുന്നു. 558 മത്സ്യത്തൊഴിലാളികള്‍ പാക് ജയിലില്‍ ഉണ്ട്. 74 പാക് മത്സ്യത്തൊഴിലാളികള്‍ അതിര്‍ത്തി ലംഘിച്ചതിനാല്‍ ഇന്ത്യന്‍ ജയിലിലുമുണ്ട്.