മാസ്‌കല്ല, ഇനി കോസ്‌ക്! പുത്തന്‍ രീതിയുമായി ദക്ഷിണ കൊറിയ

കൊവിഡിന്റെ ഉല്‍ഭവത്തോടു കൂടി നമ്മുടെയെല്ലാം ദൈദംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് മാസ്‌ക്. ഇപ്പോഴിതാ മൂക്ക് മാത്രം മൂടുന്ന തരത്തിലുള്ള വെറൈറ്റി മാസ്‌കുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയ. കോസ്‌ക് എന്നാണ് ഇതിന്റെ പേര്. കൊറിയയില്‍ മൂക്കിന് കോ എന്നാണ് പറയുന്നത്. അതില്‍ നിന്നാണ് കോസ്‌ക് എന്ന പേര് ഈ ടൈപ്പ് മാസ്‌കുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

ആത്മന്‍ ആന്റ് സെല്‍സ് എന്ന കമ്പനിയാണ് മാസ്‌ക് പുറത്തിറക്കിയിരിക്കുന്നത്. 10 എണ്ണമടങ്ങുന്ന പാക്കറ്റുകളായണ് ഇത് വിപണിയില്‍ ലഭ്യമാകുന്നത്. രണ്ട് ഭാഗങ്ങളാണ് ഒരു മാസ്‌കിനുള്ളത്. ഇതിലെ വായുടെ ഭാഗം മാറ്റി മൂക്കിന്റെ ഭാഗം മാത്രമായി ഉപയോഗിക്കാം. മൂക്ക് മാത്രം മറയ്ക്കുന്ന മൂന്ന് മാസ്‌കുകളടങ്ങിയ പാക്കറ്റും മാര്‍ക്കറ്റില്‍ ലഭ്യമാണ്. ആഹാരം കഴിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ വച്ച് പൂര്‍ണ്ണമായും മാസ്‌ക് അഴിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കി വായുടെ ഭാഗം ഒഴിവാക്കി മൂക്ക് മുഴുവന്‍ സമയവും മൂടിയിരിക്കുന്ന തരത്തിലാണ് ഈ മാസ്‌കുകളുടെ നിര്‍മ്മാണം.

എന്നാല്‍, ലോകത്തിലെ അടുത്തകാലത്തിറങ്ങിയ ഏറ്റവും വലിയ മണ്ടന്‍ കണ്ടുപിടുത്തമാണ് ഇതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. വായ മറയ്ക്കാത്ത മാസ്‌ക് വയ്ക്കുന്നതും മാസ്‌ക് വയ്ക്കാത്തതും തമ്മില്‍ എന്ത് വ്യത്യാസമെന്നാണ് ഉയരുന്ന ചോദ്യങ്ങള്‍.