ഉത്തരകൊറിയയുടെ പ്രധാന വരുമാന സ്രോതസ് സൈബര്‍ ആക്രമണങ്ങളെന്ന് റിപ്പോര്‍ട്ട്‌

ജനീവ: ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങളാണ് ഉത്തരകൊറിയയുടെ പ്രധാന വരുമാന സ്രോതസ്സെന്ന് വെളിപ്പെടുത്തി യുഎന്‍ റിപ്പോര്‍ട്ട്. ധനകാര്യ സ്ഥാപനങ്ങള്‍, ക്രിപ്‌റ്റോകറന്‍സി സ്ഥാപനങ്ങള്‍, എക്‌സ്‌ചേഞ്ച് എന്നിവയെ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ നിരന്തരമായി ലക്ഷ്യമിടുന്നുവെന്ന വിവരം ലഭിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ മൂന്ന് ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ നിന്നായി സൈബര്‍ ആക്രമണങ്ങളിലൂടെ 2020ന് ശേഷം 50 മില്യണ്‍ ഡോളറിലധികം ഉത്തരകൊറിയ മോഷ്ടിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഏഴ് ആക്രമണങ്ങളെങ്കിലും നടത്തിയതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ ചെയിന്‍ അനാലിസിസ് കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോര്‍ട്ടും നിരീക്ഷകര്‍ ഉദ്ധരിച്ചു.

എന്നാല്‍, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണങ്ങളോ ആണവ പരീക്ഷണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആണവ മിസൈല്‍ നിര്‍മ്മിക്കാനുള്ള ശേഷി ഉത്തര കൊറിയ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം, ആണവ പരീക്ഷണങ്ങളും ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണങ്ങളും നടത്തുന്നതില്‍ വളരെക്കാലമായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉത്തരകൊറിയയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.